ഒമർ ലുലു സംവിധാനം ചെയ്ത് ഈ അടുത്ത് പുറത്തിറങ്ങിയ സിനിമയാണ് നല്ല സമയം. അമിതമായുള്ള ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്ന ചിത്രം എ സർട്ടിഫിക്കറ്റോടെയാണ് പുറത്തിറങ്ങിയത്. തുടർന്ന് എക്‌സൈസ് വകുപ്പ് ഇടപ്പെട്ടത്തോടെ തിയ്യറ്ററിൽ നിന്ന് സിനിമ പിൻവലിച്ചു.
ഇതിനിടയിൽ വിവാദ പ്രസ്താവനയുമായി സിനിമയിലെ നടി തന്നെ രംഗത്തെത്തി.’എംഡിഎംഎ അടിക്കണം എന്ന് തോന്നിയാൽ ഞാൻ അടിക്കും’എന്നായിരുന്നു അത്. ഇപ്പോഴിതാ കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ എന്തുക്കൊണ്ട് താൻ അത് പറഞ്ഞു എന്ന് സംസാരിക്കുകയാണ് അൻജലിൻ മറിയ.

സിനിമയിൽ ഒന്ന് എത്താനും ശ്രദ്ധിക്കപ്പെടാനും ഒരുപാട് ആഗ്രഹിച്ചിരുന്ന ആളാണ് ഞാൻ. നല്ല സമയം എന്ന സിനിമയിൽ അവസരം കിട്ടിയപ്പോൾ എനിക്കറിയാം, ഞാൻ നായികയല്ല ശ്രദ്ധിക്കപ്പെടില്ല എന്ന്. മനപൂർവ്വം, ബോധത്തോടെ, അതിന്റെ വരും വരായികകളെ കുറിച്ച് ആലോചിച്ച് കൊണ്ട് തന്നെ പറഞ്ഞതാണ് അതെല്ലാമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ഒരുപാട് കുടുംബ പ്രശ്നങ്ങൾക്ക് ഇടയിൽ നിന്ന്, സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലാത്ത പശ്ചാത്തലത്തിൽ നിന്ന്, വരുന്ന ആളാണ് ഞാൻ. എനിക്ക് ശ്രദ്ധിക്കപ്പെടണം. എന്നോട് സിനിമയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ, ആരും മയക്കുമരുന്ന് ഉപയോഗിക്കരുത് ആ സന്ദേശമാണ് സിനിമ എന്ന് ഞാൻ പറഞ്ഞാൽ, എല്ലാവരെയും പോലെ ഞാനും കണ്ട് മറഞ്ഞ് പോവും.

പറഞ്ഞത് തെറ്റാണ് എന്ന് ഞാൻ അംഗീകരിക്കുന്നു. പക്ഷെ പറയേണ്ടത് എന്റെ ആവശ്യം ആയിരുന്നു. എനിക്കും പറയാനുള്ളത് മാധ്യമങ്ങളോടാണ്. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും അതിന് പബ്ലിസിറ്റി വേണം. നെഗറ്റീവ് പറഞ്ഞാൽ മാത്രമേ എന്നെ നോട്ടീസ് ചെയ്യുകയുള്ളൂ. നെഗറ്റീവ് പറയുന്നവർക്ക് മാത്രമാണ് ഇവിടെ പ്രമോഷൻ കിട്ടുന്നതെന്നും അൻജലിൻ കൂട്ടിച്ചേർത്തു.









