മലയാളത്തിലെ ഒരു സൂപ്പർ ഹിറ്റ് ചിത്രം തനിക്ക് ഇഷ്ടമായില്ലെന്ന് തുറന്നുപറഞ്ഞ് നടി നൈല ഉഷ. ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയെന്നും നൈല ഉഷ പറഞ്ഞു. ഒരു റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ഇഷ്ടപ്പെടാത്ത സിനിമയെ കുറിച്ച് നൈല പറഞ്ഞത്.
നടൻ ജോജു ജോർജും നൈലയ്ക്കൊപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. മലയാളത്തിൽ മികച്ച അഭിപ്രായം നേടി സൂപ്പർഹിറ്റായൊരു ചിത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അമ്മയും തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി’ നൈല ഉഷ പറഞ്ഞു.
സിനിമ ഇഷ്ടപ്പെടാത്ത കാര്യവും പകുതിയിൽ ഇറങ്ങിപ്പോയ കാര്യവും സിനിമയുടെ തിരക്കഥാകൃത്തിനോട് പറഞ്ഞിട്ടുണ്ടെന്നും നൈല ഉഷ അഭിമുഖത്തിനിടെ പറഞ്ഞു. ഇതു കഴിഞ്ഞപ്പോൾ സിനിമ ഏതാണെന്ന് ജോജു ജോർജ് നൈലയോട് ചോദിച്ചു. അപ്പോൾ വളരെ പതിഞ്ഞ സ്വരത്തിൽ ചിത്രത്തിന്റെ പേര് നൈല പറഞ്ഞു.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രമാണ് നൈല പറഞ്ഞതെന്നാണ് വീഡിയോയിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. അവതാരകൻ ചോദിച്ചപ്പോഴും നൈല സിനിമയുടെ പേര് വീണ്ടും പതിയെ പറയുന്നത് വീഡിയോയിൽ കാണാം. അഭിമുഖത്തിന്റെ അവസാന ഭാഗത്താണ് നൈല ഇത് പറയുന്നത്.