Home Entertainment

ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് ജീത്തു അങ്കിളും മോഹൻലാൽ അങ്കിളും പറയുമായിരുന്നു: ദൃശ്യം 2 ന്റെ ട്വിസ്റ്റുകൾ രഹസ്യമാക്കി വെക്കുന്നതിനെ കുറിച്ച് എസ്തർ

429

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സൂപ്പർസംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 ന് വേണ്ടിയുളള കാത്തിരിപ്പിലാണ് സിനിമാ ആരാധകർ ഒന്നടങ്കം. സർവ്വകാല ഹിറ്റുകളിൽ ഒന്നായ ദൃശ്യത്തിന് ഏഴ് വർഷത്തിന് ശേഷമെത്തുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.

അതേ സമയം ദൃശ്യം 2ന്റെ ലൊക്കേഷൻ ചിത്രങ്ങളെല്ലാം നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ദൃശ്യത്തിൽ ജോർജ്ജുകുട്ടിയുടെ ഇളയമകളായി അഭിനയിച്ച താരമാണ് എസ്തർ അനിൽ. ദൃശ്യത്തിന് രണ്ടാം ഭാഗം വരുമ്പോൾ വലിയ പെൺകുട്ടിയായി മാറിയിരിക്കുകയാണ് താരം.

Advertisements

ദൃശ്യം 2 ചിത്രീകരണത്തിനിടെ താൻ നേരിട്ട എറ്റവും വലിയ വെല്ലുവിളി എന്തായിരുന്നുവെന്ന് എസ്തർ തുറന്നു പറഞ്ഞിരുന്നു. സെറ്റിൽ പ്ലോട്ട് ട്വിസ്റ്റുകൾ രഹസ്യമാക്കി വെക്കാൻ ഞാൻ നന്നായി ബുദ്ധിമുട്ടിയിരുന്നു എന്ന് നടി പറയുന്നു. ജീത്തു അങ്കിളും മോഹൻലാൽ അങ്കിളും ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് പറയുമായിരുന്നു.

തന്നോട് ആരെങ്കിലും രംഗങ്ങളെ കുറിച്ച് ചോദിച്ചാൽ താൻ മൊത്തം കഥയും പറഞ്ഞുകൊടുക്കുമായിരുന്നു എന്നും എസ്തർ പറയുന്നു. അങ്ങനെയുണ്ടായ ഒരനുഭവവും നടി വെളിപ്പെടുത്തി. ഒരിക്കൽ ദൃശ്യം 2 നിർമ്മാതാവിന്റെ മകൻ സെറ്റിൽ വന്നു. അദ്ദേഹം സ്‌ക്രിപ്റ്റ് വായിച്ചിട്ടില്ലെന്ന് എനിക്കറിയില്ലായിരുന്നു.

ഇതല്ലേ നിന്റെ അടുത്ത സീനിന് ശേഷം നടക്കുന്നതെന്ന് എന്നോട് ചോദിച്ചു. അല്ല, അല്ല എന്ന് പറഞ്ഞ് ഞാൻ കൂടുതൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ തുടങ്ങി. അദ്ദേഹം അത്ഭുതപ്പെട്ടു. തുടർന്ന് നീയൊന്നും പറയാൻ പാടില്ലെന്ന് പറഞ്ഞ് ജീത്തു അങ്കിൾ ഇടപെടുകയായിരുന്നു.

ആദ്യ ഭാഗത്തിന്റെ കഥ ശരിക്കും മനസിലായത് തിയ്യേറ്ററിൽ പടം കണ്ടപ്പോൾ മാത്രമായിരുന്നു എന്നും എന്നാൽ ഇത്തവണ മൊത്തം സ്‌ക്രിപ്റ്റും വായിച്ചിട്ടുണ്ടെന്നും എസ്തർ അനിൽ പറഞ്ഞു. ഒരു ദുരന്തം അതിജീവിച്ച ശേഷമുളള ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും പിന്നീടുളള ജീവിതമാണ് രണ്ടാം ഭാഗത്തിൽ കാണിക്കുന്നത്.

മീന, അൻസിബ, എസ്തർ, സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവരെല്ലാം വീണ്ടും എത്തുമ്പോൾ ഇവർക്കൊപ്പം ചില പുതിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇത്തവണയും ചിത്രം നിർമ്മിക്കുന്നത്.

Advertisement