മലയാള സിനിമയിലെ അഭിനേതാക്കലുടെ സംഘടനയായ എഎംഎംഎയുടെ മീറ്റിംഗ് ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച ടിനിടോമിന് എതിരെ പ്രതിഷേധം. ബിനീഷ് കോടിയേരിയെ സസ്‌പെൻഡ് ചെയ്യേണ്ടതില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമാണ് സിനിമാ ആരാധകരെ ചൊടിപ്പിച്ചത്.
ബിനീഷിനോടു വിശദീകരണം ചോദിക്കും. അതിനുശേഷം നടപടി സ്വീകരിക്കാനാണ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്നലെ തീരുമാനിച്ചത്. ഇതിന് പിന്നാലെ യോഗത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച ടിനിടോമിന്റെ പോസ്റ്റിന് താഴെ രോഷകമന്റുകൾ നിറയുകയാണ്.
അമ്മ എന്ന സംഘടനയുടെ പേര് മാറ്റണമെന്നും സംഘടനയ്ക്ക് നട്ടെല്ലില്ലെന്നും ഇതിൽ ചിലർ പറയുന്നത്.
എഎംഎംഎ എന്നുതന്നെ പറയണം അമ്മ എന്നു വിളിക്കരുതെന്ന് രോഷത്തോടെ ഒട്ടേറെ പേർ കമന്റ് ചെയ്യുന്നു. അമ്മ എന്ന നാമത്തെ സംഘടന കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഇന്നലെ നടന്നത് കോമഡി മീറ്റ് ആണെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു. 

മോഹൻലാൽ, ടിനിടോം, ബാബുരാജ്, രചന നാരായണൻകുട്ടി, മുകേഷ്, ശ്വേത മേനോൻ, ഇടവേള ബാബു, സുധീർ കരമന എന്നീ എക്സിക്യുട്ടീവ് അംഗങ്ങളാണ് ഇന്നലെ യോഗത്തിൽ പങ്കെടുത്തത്. അതേ സമയം സംഘടനയുടെ തീരുമാനത്തെ പിന്തുണച്ചും ഒരു കൂട്ടർ രംഗത്തുണ്ട്.
ബിനീഷിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യത്തെ സംഘടനയുടെ വൈസ് പ്രസിഡന്റുമാരും എൽഡിഎഫ് എംഎൽഎമാരുമായ മുകേഷും കെ.ബി. ഗണേഷ് കുമാറും എതിർത്തുവെന്ന് റിപ്പോർട്ടുകളുണ്ട്. വിശദീകരണം തേടാതെ നടപടിയെടുക്കരുതെന്ന നിലപാടാണു മുകേഷും ഗണേഷും സ്വീകരിച്ചത്.

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടുവെന്നാണ് വിവരം. സംഘടനയിലെ രണ്ട് അംഗങ്ങൾക്ക് രണ്ടുനീതിയെന്ന രീതിയിൽ മുന്നോട്ടുപോകാനാവില്ലെന്ന് ദിലീപിനെ പുറത്താക്കിയത് ചൂണ്ടിക്കാട്ടി അംഗങ്ങൾ പറഞ്ഞു.
2009 മുതൽ ബിനീഷ് കോടിയേരിക്ക് ‘അമ്മ’യിൽ ആജീവനാന്ത അംഗത്വമുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാനുള്ള അധികാരം.
            








