Home Entertainment

മലയാള സിനിമ ഇനി കാണാൻ പോകുന്നത് കാക്കിയണിഞ്ഞ മൂന്ന് പോലീസുകാരുടെ പൂണ്ടു വിളയാട്ടം: ഞെട്ടിക്കാൻ ദുൽഖർ സൽമാനും പൃഥ്വിരാജും ആസിഫ് അലിയും

57

മലയാള സിനിമയിലെ മൂന്ന് കരുത്തുറ്റ യുവ നായകൻമാരാണ് ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ആസിഫ് അലി എന്നിവർ. നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് ഇവർ മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോളിതാ മലയാളി പ്രേക്ഷകർ ഇനി തിയേറ്ററിൽ സാക്ഷ്യം വഹിക്കാൻ പോകുന്നത് ഈ മുന്ന് യൂത്തന്മാരുടെ കരുത്തുറ്റ പോലീസ് വേഷങ്ങൾക്കാണ്.

ഈ യുവ സൂപ്പർസ്റ്റാറുകളുടെ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പോലീസ് ചിത്രങ്ങളുടെ ചിത്രീകരണം ഈ വർഷം ആരംഭിക്കുകയും ചിലത് പൂർത്തിയാക്കുകയും ചെയ്തിരിക്കുകയാണ്. സൂപ്പർ സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം എന്ന പുതിയ ചിത്രത്തിൽ മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ പോലീസ് ഓഫീസറായിട്ടാണ് എത്തുന്നത്.

Advertisements

ഇതാദ്യമായാണ് ഒരു റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖർ സൽമാൻ അഭിനയിക്കുന്നത്. സല്യൂട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ ഐപിഎസ് ഓഫീസറായി അഭിനയിച്ചുവെങ്കിലും പോലീസ് യൂണിഫോമിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാണാൻ ആരാധകർ നാളിതുവരെയായി കാത്തിരിക്കുകയായിരുന്നു.

ഇതിനോടകം നിരവധി പോലീസ് കഥാപാത്രങ്ങൾ അനശ്വരമാക്കിയ നടൻ പൃഥ്വിരാജ് വീണ്ടും പോലീസ് ഓഫീസറായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് കോൾഡ് കേസ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് ലൊക്കേഷൻ നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണ ജോലികൾ പുരോഗമിച്ച് വരുകയാണ്. ശ്രീനാഥിന്റെ തിരക്കഥയിൽ താനുബാലക് ആണ് കോൾഡ് കേസ് സംവിധാനം ചെയ്യുന്നത്.

ചെറിയ ഒരു ഇടവേളയ്ക്കു ശേഷമാണ് പൃഥ്വിരാജ് പോലീസ് വേഷത്തിൽ എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ആസിഫ് അലി പോലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്നത്. ആസിഫ് അലിയും രാജീവ് രവിയും ആദ്യമായി ഒന്നിക്കുന്ന ഈ പോലീസ് ത്രില്ലർ ചിത്രത്തിന് കുറ്റവും ശിക്ഷയും എന്നാണ് പേരിട്ടിരിക്കുന്നത്.

രാജസ്ഥാനിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ മറ്റ് അണിയറ ജോലികൾ പുരോഗമിച്ചു വരികയാണ്. അലൻസിയർ, സണ്ണിവെയിൻ, ഷറഫുദ്ദീൻ, സെന്തിൽ എന്നിവരും ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ രാജീവ് രവി മായി ആസിഫ് അലി ഒന്നിക്കുമ്പോൾ അത് ഒരു കിടിലൻ ഹിറ്റായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.

Advertisement