മലയാള സിനിമ രംഗത്തെ നടിമാർ വിവാഹത്തോടെ അഭിനയം ഉപേക്ഷിക്കുക എന്നതായിരുന്നു നേരത്തെ സ്വീകരിച്ചിരുന്ന കീഴ് വഴക്കം. സിനിമയിലുളളവരെ വിവാഹം കഴിച്ചാലും പുറത്തുളളവരെ വിവാഹം കഴിച്ചാലും ഇത് തന്നെ ആയിരുന്നു സ്ഥിതി.
വിവാഹിതരായ നടിമാരെ സിനിമയിൽ അഭിനയിപ്പിക്കാൻ സംവിധായകർക്കും ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. വിവാഹത്തോടെ മലയാളത്തിന് നഷ്ടമായ ധാരാളം മികച്ച നടിമാരുണ്ട്. നന്നേ ചെറുപ്പത്തിൽ സിനിമാ രംഗത്തെത്തി അൽപ്പം കാശുണ്ടാക്കി സ്വസ്ഥമായ കുടുംബ ജീവിതത്തിനായി അരങ്ങൊഴിയുന്ന നടിമാർ പക്ഷേ ഇന്ന് പഴങ്കഥ ആയിരിക്കുന്നു.
പല താരങ്ങളും വിവാഹം കഴിഞ്ഞ് ദീർഘമായ ഇടവേളയ്ക്ക് ശേഷവും സിനിമയിലേക്ക് തിരികെ എത്തുകയാണ്. മറ്റേതൊരു തൊഴിലും എന്ന വണ്ണം സിനിമയും മാറിയിരിക്കുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുന്ന നടിയാണ് റീമ കല്ലിംഗൽ. ശക്തമായ കഥാപാത്രങ്ങളിലൂടെ തന്നെ ഇവർ ഇവിടെ നിലനിൽക്കുന്നു.
സംവിധായകൻ ആഷിക് അബുവിനെ വിവാഹം കഴിച്ചതും റിമയെ ഈ രംഗത്ത് തുടരാൻ ഏറെ സഹായിക്കുന്നുണ്ട്. അതേസമയം മുൻകാലങ്ങളിൽ സംവിധായകരുടെ ഭാര്യ ആയാലും സിനിമയ്ക്ക് പുറത്തായിരുന്നു വിവാഹ ശേഷം നടിമാരുടെ സ്ഥാനം എന്നത് ശ്രദ്ധേയമാണ്.
മലയാളികളുടെ പ്രിയ നടി കാവ്യ മാധവൻ ആദ്യ വിവാഹ ശേഷം വിവാഹ മോചനം നേടി സിനിമ രംഗത്തേക്ക് തിരിച്ച് എത്തിയിരന്നു. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ഒരു ദീർഘമായ ഇടവേളയ്ക്ക് സിനിമയിൽ എത്തിയപ്പോൾ ശക്തമായ നായിക കഥാപാത്രങ്ങൾ തന്നെ ലഭിച്ചു.
മുമ്പൊക്കെ തിരികെ എത്തുന്ന നടിമാർ അമ്മ വേഷം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു എന്ന് കൂടി കൂട്ടിച്ചേർക്കണ്ടതുണ്ട്. അമ്മ, അമ്മൂമ്മ വേഷങ്ങൾക്കൊപ്പം ശക്തമായ കഥാപാത്രങ്ങളും ഇവരെ ഏൽപ്പിക്കാൻ സംവിധായകർ തയാറായിക്കഴിഞ്ഞു.
മലയാള സിനിമരംഗത്തെ ഈ മാറ്റം ഏറെ ശുഭകരമാണ് എന്ന് പറയാതെ വയ്യ. വിവാഹ ശേഷവും സിനിമയിൽ തുടരുന്ന മറ്റൊരു നടിയാണ് ലെന. ഏറെ വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് മലയാളി ഹൃദയത്തിൽ വേരുറപ്പിച്ച നടി വിവാഹം കരിയറിന് തടസ്സമേയല്ല എന്നും തെളിയിച്ചു. ഒരുപക്ഷേ വിവാഹ മോചനത്തിനു ശേഷവും ലെനയ്ക്ക് ഭാഗ്യം തുണയാകുകയായിരുന്നു.
വിവാഹ ശേഷം സിനിമയിലെത്തി വിജയം കൈവരിച്ച ന്യൂജനറേഷൻ നടിമാരുമുണ്ട് ഇക്കൂട്ടത്തിൽ. സൃന്ദ, രചന നാരായണൻ കുട്ടി ഇവരൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. കാലത്തിന് അനുസരിച്ച് മലയാളം ഫിലിം ഇൻഡസ്ട്രിയും മാറുകയാണ്.
ബോളിവുഡ് സുന്ദരിമാർ വിവാഹ ശേഷവും മുപ്പതിലും നാൽപ്പതിലുമൊക്കെ ഇൻഡസ്ട്രിയിൽ തിളങ്ങി നിന്നിരുന്നപ്പോൾ ഇവിടുത്തെ നടിമാർ ഇരുപത്തഞ്ചിൽ വിവാഹം കഴിഞ്ഞ് ഇൻഡസ്ട്രിയിൽ നിന്നും ഔട്ടാകുന്ന കാഴ്ചയായിരുന്നു കുറച്ച് വർഷങ്ങൾ മുൻപു വരെ. കാലം മാറുകയായി ഇപ്പോൾ മലയാള സിനിമയ്ക്ക് പ്രായം ഒരു പരിധിയേ അല്ല.