അവതാറിനെ തകർത്തു: ലോകത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായി അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം

22

ലോകത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമെന്ന വിശേഷണം ഇനി അവഞ്ചേഴ്‌സ് എൻഡ്‌ഗെയിമിന് സ്വന്തം. ജയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാറിനെ തകർത്താണ് അവഞ്ചേഴ്‌സ് ഒന്നാം സ്ഥാനത്ത് എത്തിയത്. കാമറൂണിന്റെ അവതാറും ടൈറ്റാനിക്കുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളിൽ വർഷങ്ങളായി തുടർന്നിരുന്നത്. തിയേറ്ററുകളിലെത്തി ഏതാനും ദിവസങ്ങൾക്ക് പിന്നിട്ടപ്പോൾ അവഞ്ചേഴ്‌സ് ടൈറ്റാനിക്കിനെ മറികടന്ന് രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. 2.78 ബില്യൺ ഡോളറാണ് അവഞ്ചേഴ്സ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. അവഞ്ചേഴ്‌സിന്റെ നേട്ടത്തെ പ്രകീർത്തിച്ച് ജയിംസ് കാമറൂൺ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. അവഞ്ചേഴ്സിന്റെ ലോഗോയിൽ ഇടിച്ച് ടൈറ്റാനിക്ക് മുങ്ങുന്ന ചിത്രം പങ്കുവച്ചാണ് അദ്ദേഹം തന്റെ തോൽവി സമ്മതിച്ചത്. കെവിനും (നിർമാതാവ്) മാർവലിലെ മറ്റുള്ള എല്ലാവരോടുമായി, മഞ്ഞുകട്ടയാണ് യഥാർഥ ടൈറ്റാനിക്കിനെ തകർത്തത്. എന്നാൽ ഇവിടെ എന്റെ ടൈറ്റാനിക്കിനെ തകർത്തത് അവഞ്ചേഴ്സ് ആണ്. ലൈറ്റ്സ്റ്റോം എന്റർടെയ്ൻമെന്റിലുള്ള (ജയിംസ് കാമറൂണിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി) എല്ലാവരും നിങ്ങളുടെ വലിയ നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു. സിനിമാ വ്യവസായം ജീവസുറ്റതാണെന്ന് മാത്രമല്ല മറ്റെന്തിനേക്കാളും വലുതാണെന്നും നിങ്ങൾ തെളിയിച്ചു- കാമറൂൺ അന്ന് കുറിച്ചു. മാർവൽ സ്റ്റുഡിയോസിന്റെ സൂപ്പർ ഹീറോ ചിത്രം അവഞ്ചേഴ്‌സ് എൻഡ് ഗെയിം സംവിധാനം ചെയ്തിരിക്കുന്നത് ആന്റണി റുസ്സോവാണ്. റോബർട്ട് ഡോണി ജൂനിയർ, ക്രിസ് ഇവാൻസ്, മാർക്ക് റഫല്ലോ, ക്രിസ് ഹെംസ്വേർത്ത്, സ്‌കാർലറ്റ് ജൊഹാൻസൺ, ജെറേമി റെന്നർ, പോൾ റുഡ്, ബ്രീ ലാർസൺ, കാരെൻ ഗില്ലൻ, ബ്രാഡ്‌ലി കൂപ്പർ തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

Advertisement