മുതൽമുടക്ക് 140 കോടി, സാറ്റലൈറ്റ് റൈറ്റ് പോയത് 200 കോടിക്ക് കൂട്ടിന് ഷാരൂഖ് ഖാനും: വിജയിയുടെ ബിജിൽ മറ്റൊരു എന്തിരനെയും ബാഹുബലിയെയും കടത്തിവെട്ടുന്ന ബ്രഹ്മാണ്ഡ ചിത്രമാകും

15

തമിഴകത്തിന്റെ ദളപതി സൂപ്പർസ്റ്റാർ വിജയ് ഹിറ്റ് മേക്കർ ആറ്റ്ലി കൂട്ടുകെട്ടിലെ പുതിയ ചിത്രം ബിജിൽ പ്രഖ്യാപിച്ചത് മുതൽ ആരാധകർ ആകാംഷയിലാണ്. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ അറിവുകൾ ആരാധകരെ കൂടുതൽ ത്രില്ലടിപ്പിക്കുന്നതാണ്.

Advertisements

സിനിമയിൽ ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഉണ്ടാകുമെന്നും ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ചെലവേറിയ ചിത്രങ്ങളായ എന്തിരനെയും ബാഹുബലിയെയും വരെ ചെലവിൽ മറികടക്കുമെന്നാണ് സൂചനകൾ. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് സിനിമയിൽ അതിഥിതാരമായി എത്തുമെന്നുമാണ് പുതിയ വിവരം.

സിനിമയിലെ അവസാന 15 മിനിറ്റ് ഷാരൂഖ് ഉണ്ടാകുമെന്നും വില്ലൻ സ്വഭാവം വരുന്ന കഥാപാത്രമായിരിക്കുമെന്നും വിജയ് യുമായി ആക്ഷൻ രംഗം പോലും ഉണ്ടാകുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഏകദേശം 140 കോടി രൂപ മുതൽമുടക്കിലാണ് സിനിമ ഒരുങ്ങുന്നതെന്നും വിവരമുണ്ട്. ഇതാകട്ടെ രജനി ഷങ്കർ കൂട്ടുകെട്ടിലെ എന്തിരനെയും രാജമൗലിയുടെ ബാഹുബലിയെയും മറികടക്കുന്നതാണ്. വിജയ് യുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും ഇത്. എന്നാൽ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് 220 കോടി രൂപയ്ക്ക് ഇപ്പോൾ തന്നെ വിറ്റു പോയെന്നും വിവരമുണ്ട്.

സിനിമയ്ക്കായി ചെന്നൈയിലെ ഇവിപി സ്റ്റുഡിയോയിൽ ഫുട്ബോൾ സ്റ്റേഡിയത്തിന്റെ സെറ്റിട്ടാണ് ചിത്രീകരണം നടത്തുന്നത്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന രണ്ടു പോസ്റ്ററുകൾ തന്നെ ആരാധകരുടെ പ്രതീക്ഷ ഏറ്റുന്നതാണ്.

വിജയ് അപ്പനും മകനുമായി ഇരട്ടവേഷത്തിലുള്ള പോസ്റ്ററുകളാണ് അണിയറക്കാർ പുറത്തു വിട്ടിട്ടുള്ളത്. വിജയ് ഫുട്ബോൾ താരമായിട്ടാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

അടുത്ത വർഷം ജനുവരിയിൽ തീയറ്ററിൽ എത്തുമെന്ന് കരുതുന്ന ബിജിലിൽ വിജയ് യെ കൂടാതെ നയൻതാര, ജാക്കി ഷെറോഫ്, കതിർ, വിവേക്, ദാനിയേൽ ബാലാജി, ആനന്ദ്രാജ്, ഇന്ദുജ രവിചന്ദ്രൻ, വർഷാ ബൊല്ലാമാ എന്നിവർ അഭിനയിക്കുന്നുണ്ട്.

അതേസമയം എല്ലാം ഊഹാപോഹങ്ങൾ മാത്രമാണെങ്കിലും ഇന്ത്യയിലെ എക്കാലത്തെയും വലിയ റിലീസുകളിൽ ഒന്നായിരിക്കും ഇതാണെന്ന കാര്യം മാത്രമാണ് വാർത്ത പുറത്തുവിടുന്ന വെബ്സൈറ്റുകൾ സ്ഥിരീകരിക്കുന്നത്.

Advertisement