മമ്മൂക്കയുടെയും ലാലേട്ടന്റെയും ദിലീപിന്റെയും ഒക്കെ ബാല്യകാലം ചെയ്ത് അത്ഭുതപ്പെടുത്തിയ ഈ താരം ഇപ്പോൾ എവിടെയാണെന്നറിയാമോ: അശ്വിന്റെ വിശേഷങ്ങൾ ഇങ്ങനെ

30829

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയുടേയും മോഹൻലാലിൻെയും സൂപ്പർതാരങ്ങളായ ദിലീപിന്റെയും സുരേഷ് ഗോപിയുടെയും എല്ലാം കുട്ടിക്കാലം സിനിമയിൽ അവതരിപ്പിച്ച് കൈയ്യടി നേടിയ നടനാണ് അശ്വിൻ മേനോൻ. സൂപ്പർഹിറ്റുകളായ തുറുപ്പുഗുലാൻ, രാജമാണിക്യം, പോക്കിരിരാജ, മാടമ്പി തുടങ്ങി നിരവധി ചിത്രങ്ങളിൽ മമ്മൂക്കയുടെയും ലാലേട്ടന്റെയുമെല്ലാം കുട്ടിക്കാലം അഭിനയിച്ച് അശ്വിൻ മേനോൻ വിസ്മയിപ്പിച്ചിരുന്നു.

ദിലീപ്, സുരേഷ് ഗോപി തുടങ്ങിയവരുടെയും ചെറുപ്പകാലം അഭിനയിച്ച് താരം പ്രസിദ്ധി ആർജിച്ചിരുന്നു എന്നാൽ ഒരു സമയത്തിന് ശേഷം അശ്വിനെ തിരശീലയിൽ കാണാനില്ലായിരുന്നു. സിനിമ മേഖലയിൽ നിന്നും ഇടവേളയെടുത്ത താരത്തെക്കുറിച്ച് യാതൊരു വിവരവും ആരാധകർക്ക് ലഭ്യമല്ലായിരുന്നു. ഇപ്പോവിതാ ബിഹൈൻഡ് വുഡ് ഐസിന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് താരം.

Advertisements

Also Read
ആരാധകരെ തീരാ സങ്കടത്തിലാക്കിയ മലയാള സിനിമയിലെ പ്രധാനപ്പെട്ട താര വിവാഹ മോചനങ്ങൾ, കാരണം?

ബാല താരമായി അഭിനയിക്കുമ്പോൾ താരങ്ങളെ നേരിട്ട് കാണാൻ സാധിക്കില്ലെന്ന ഒരു പ്രശ്‌നം ഉണ്ടായിരുന്നെന്നും, മമ്മൂക്കയ്ക്ക് നല്ല ഓർമ ശക്തി ഉള്ളതിനാൽ എവിടെയെങ്കിലും വച്ച് കണ്ടാലും നീ അങ്ങ് വളർന്ന് പോയല്ലോ എന്നൊക്കെ പറയാറുണ്ടെന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.

കുട്ടിക്കാലത്ത് പാട്ട് പഠിച്ചിരുന്നെന്നും, യൂത്ത് ഫെസ്‌റിവലിലും മറ്റും പങ്കെടുക്കാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നതായും അശ്വിൻ പറയുന്നു. അങ്ങനെ ഒരു സംഗീത ആൽബം ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് പ്രൊഡക്ഷൻ കൺട്രോളർ തനിക്ക് നല്ല സ്‌ക്രീൻ പ്രെസൻസ് ഉണ്ടെന്ന് പറയുന്നതും അഭിനയിക്കാൻ അവസരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാമെന്ന് പറയുന്നതും.

അങ്ങനെ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ദൂരദർശനിൽ വലയം എന്ന സീരിയലിൽ അഭിനയിച്ചു. അവിടെനിന്നാണ് സിനിമ ഓഫറുകൾ വരാൻ തുടങ്ങിയത്. ജയരാജിന്റെ റെയിൻ റെയിൻ കം എഗൈൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് മമ്മൂക്കയുടെ തസ്‌കര വീരൻ, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങൾ താരത്തെ തേടിയെത്തി.

നാല് ചിത്രങ്ങളിലാണ് മമ്മൂക്കയുടെ ബാല്യകാലം അശ്വിൻ അഭിനയിച്ചത്. മാസ്റ്റർ പീസ് എന്ന ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം സ്‌ക്രീൻ പങ്കുവയ്ക്കാൻ കിട്ടിയ അനുഭവത്തെക്കുറിച്ചും താരം പങ്കുവച്ചു. മാസ്റ്റർ പീസ് ആണ് അശ്വിനിന്റെ അവസാന ചിത്രം.

മമ്മൂക്ക ദിവസം നൂറുകണക്കിന് ആളുകളെ കാണുന്നതാണെങ്കിലും എല്ലാവരെയും ഓർത്തിരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും എപ്പോഴെങ്കിലും കണ്ടാൽ സംസാരിക്കാറുണ്ടെന്നും നീ അങ്ങ് വളർന്നു പോയല്ലോ എന്നൊക്കെ കുശലം ചോദിക്കാറുണ്ടെന്നും അശ്വിൻ പറയുന്നു. ഇപ്പോൾ മലയാള സിനിമയിൽ ഒത്തിരി നല്ല നല്ല സിനിമകൾ പിറക്കുന്നുണ്ടെന്നും, മറ്റ് സംസ്ഥാനങ്ങളിലുള്ളവർ പോലും അത് അംഗീകരിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നുണ്ടെന്നും താരം പറയുന്നു.

Also Read
രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നു, പക്ഷേ അവർ രണ്ടായി പിരിഞ്ഞത് കൊണ്ട് ഇനി ബുദ്ധിമുട്ടാണ്: സി ഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി

ഇപ്പോഴും അഭിനയിച്ച ചിത്രങ്ങളിലെ സംവിധായകരുമായി നല്ല ബന്ധം സൂക്ഷിക്കാറുണ്ടെന്നും അശ്വിൻ കൂട്ടിച്ചേർത്തു. അശ്വിൻ ഇപ്പോൾ അമേരിക്കയിൽ സോഫ്റ്റ്വെയർ പ്രൊഫഷണലാണ്. 6 മാസത്തിലൊരിക്കൽ നാട്ടിൽ വരാൻ ശ്രമിക്കാറുണ്ടെന്നും അശ്വിൻ പറഞ്ഞു.

അഭിനയമാണോ പാട്ടാണോ ഇഷ്ടം എന്ന ചോദ്യത്തിന് കൂടുതൽ താല്പര്യം പാട്ടിനോടാണെന്നാണ് മറുപടി.
ഭാവിയിൽ നായകനായി തിരിച്ചു വരാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ വിവാഹിതനല്ല വീട്ടുകാർ കല്യാണം ആലോചിക്കുന്നുണ്ട് എന്നാണ് അശ്വിൻ പറയുന്നത്.

Advertisement