എന്നെ പോലെയോ നിങ്ങളെ പോലെയോ ചെറിയ മനസുള്ള ആളല്ല അദ്ദേഹം: മമ്മൂട്ടിയെ കളിയാക്കുന്നതിനെ പറ്റി ശ്രീനിവാസൻ

112

മലയാളത്തിന്റെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. നിരവധി സൂപ്പർഹിറ്റ് സിനിമകൾക്ക് തിരക്കഥയെഴുതിട്ടുള്ള ശ്രീനിവാസൻ നായകനായും സഹനടനായും നിറഞ്ഞു നിൽക്കുകയാണ് ഇപ്പോഴും.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് ശ്രീനിവാസൻ പറഞ്ഞ ചില കാര്യങ്ങൾ വൈറലാവുകയാണ് ഇപ്പോൾ. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു ശ്രീനിവാസൻ ചില വെളിപ്പെടുത്തലുകൾ നടത്തിയത്. പിന്നാലെ ആരാധകർ എഴുതിയ കത്തുകളിലെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകിയിരുന്നു.

Advertisements

മമ്മൂട്ടിയെ പലപ്പോഴും ശ്രീനിവാസൻ കളിയാക്കുകയാണെന്ന ആരാധകന്റെ പരാതിക്ക് രസകരമായ മറുപടിയാണ് താരം നൽകിയത്. പഴയ വീഡിയോ വീണ്ടും വൈറലായതോടെയാണ് ഈ കാര്യങ്ങൾ വീണ്ടും ചർച്ചയായത്. മഹാനടനായ മമ്മൂട്ടിയെ താങ്കളുടെ പരിപാടിയിൽ പലപ്പോഴും കളിയാക്കുന്നതായി കാണുന്നു.

ഇതൊക്കെ ഒരു വലിയ ആളിനെ ആക്ഷേപിച്ച് അത് വഴി പ്രശ്സതനാവാനുള്ള പരിപാടിയാണോ? അല്ലെങ്കിൽ അസൂയ എന്ന രോഗം താങ്കളെ പിടി കൂടിയിരിക്കുന്നു എന്ന് പറയുന്നതല്ലേ ശരി, എന്നായിരുന്നു ശ്രീനിവാസനോട് മമ്മൂട്ടിയുടെ ഒരു ആരാധകൻ ചോദിച്ചത്.

നിങ്ങളുടെ വികാരം ഞാൻ മനസിലാക്കുന്നു. മമ്മൂട്ടി ചെയർമാനായിട്ടുള്ള കൈരളി ചാനലിൽ എനിക്ക് അദ്ദേഹത്തെ ഇഷ്ടം പോലെ കളിയാക്കാൻ സാധിക്കും എന്നാണോ നിങ്ങളുടെ വിചാരം. ഇന്ന് മമ്മൂട്ടിയെ പറ്റി ഇതുപോലെയുള്ള കാര്യങ്ങൾ പറയാൻ പോവുകയാണെന്ന് ഞാൻ അദ്ദേഹത്തോട് തന്നെ പറയാറുണ്ട്.

മമ്മൂട്ടിയുടെ സ്പോർട്സ്മാൻ സ്പിരിറ്റിനെ കുറിച്ച് നിങ്ങളുടെ വിചാരമെന്താണെന്ന് ശ്രീനിവാസൻ തിരിച്ച് ചോദിക്കുന്നു. എന്നെ പോലെയോ നിങ്ങളെ പോലെയോ ചെറിയ മനസുള്ള ആളല്ല അദ്ദേഹം. ഒരു കലാകാരന്റെ ഹൃദയവും അതിൽ നന്മയുമുണ്ട്. അത് മനസിലാക്കിക്കോയെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.

ഒരു സിനിമയിൽ അഭിനയിച്ച് കുറേ കാലത്തിന് ശേഷമാണ് ശ്രീനിവാസൻ അടുത്ത സിനിമയിലെത്തുന്നത്. അതിന്റെ കാരണമെന്താണെന്നായിരുന്നു അടുത്ത ചോദ്യം. നിർമാതാക്കളും സംവിധായകന്മാരും തീരുമാനിക്കുകയാണ് ശ്രീനിവാസൻ കുറച്ച് കാലം വിശ്രമിക്കട്ടെന്ന്.

അങ്ങനെയൊരു തീരുമാനം അവരെടുക്കുന്നതിനുള്ള കാരണം പ്രേക്ഷകരാണ്. ഇടവേളകളിലുള്ള വിശ്രമം കുഴപ്പമില്ല, അന്ത്യവിശ്രമമാണ് കുഴപ്പം. ചില ആളുകൾക്ക് അകാലത്തിൽ അന്ത്യവിശ്രമം കിട്ടാറുണ്ട്. അത് ലഭിക്കാതെ ഇരിക്കാനുള്ള ചില ആയൂർവേദ വിദ്യകളൊക്കെ എന്റെ കൈവശമുണ്ടെന്നും ശ്രീനിവാസൻ പറയുന്നു.

Advertisement