കുറുപ്പിൽ ദുൽഖർ സൽമാൻ പോലീസ് ആണോ; ഒന്നും മനസ്സിലാവാതെ സംശയത്തിലായി ആരാധകർ

44

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം കുറുപ്പിന്റെ പുതിയ പോസ്റ്റർ പുറത്തുവന്നു. ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.
ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്‌സും ചേർന്നാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

Advertisements

ഒമ്പത് വർഷങ്ങൾക്ക് മുൻപ് ഈ ദിവസമായിരുന്നു ഞങ്ങളുടെ ആദ്യ ചിത്രം സെക്കന്റ് ഷോ റിലീസ് ചെയ്തത്. ചിത്രം നിരവധി പുതുമുഖങ്ങൾക്ക് നല്ല തുടക്കം നൽകി. ഈ ദിവസം ഒരു ഓർമ്മപ്പെടുത്തലാണ്. ഞാൻ എങ്ങനെ തുടങ്ങി എന്നും, എവിടെ എത്തിയെന്നും. എന്റെ നന്ദി അറിയിക്കാനായി ഒരു ചെറിയ കുറുപ്പ് ചിയർ എന്നായിരുന്നു ദുൽഖർ പോസ്റ്ററിന് നൽകിയ ക്യാപ്ഷൻ.

കാക്കി പാന്റ്‌സും വെള്ള ടിഷർട്ടും ധരിച്ച് ബൈക്കിൽ ഇരിക്കുന്ന ദുൽഖറും സണ്ണി വെയ്‌നുമാണ് പോസ്റ്ററിൽ ഉള്ളത്. പോസ്റ്റർ ഇറങ്ങിയതോടെ ആരാധകർ നിരവധി സംശയങ്ങളുമായി എത്തിയിരിക്കുകയാണ്. ദുൽഖർ പൊലീസ് വേഷത്തിലാണോ എന്നാണ് ചിലർ ഉന്നയിക്കുന്ന സംശയം.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘കുറുപ്പ്’ ഒരുങ്ങുന്നത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.

നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്.

Advertisement