ഞാൻ അന്ന് മോഹൻലാലിനോട് ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്: വെളിപ്പെടുത്തലുമായി സംവിധായകൻ ജയരാജ്

50

ക്ലാസ്സ് ചിത്രങ്ങൾ അടക്കം മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് സംവിധായകൻ ജയരാജ് . ഭരതൻ എന്ന വലിയ സംവിധായകന്റെ ശിഷ്യനായി ജയരാജ് സിനിമയിലേക്ക് കാലെടുത്തുവെച്ചിട്ട് കാൽനൂറ്റാണ്ട് കഴിഞ്ഞു. ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടി മലയാളസിനിമയുടെ അഭിമാനമുയർത്തിയ സംവിധായകൻ കൂടിയാണ് ജയരാജ്.

ഇത്രയധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടും മലയാളത്തിന്റെ മഹാനടൻ മോഹൻലാലുമൊത്ത് ഒരു ചിത്രം ചെയ്തിട്ടില്ല. എന്നാൽ അതിന് പിന്നിലൊരു കാരണമുണ്ടെന്ന് ജയരാജ് തുറന്നുപറഞ്ഞു. മുമ്പ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisements

ജയരാജിന്റെ വാക്കുകൾ ഇങ്ങനെ

ഞങ്ങൾ തമ്മിലുള്ള കൂടിച്ചേരലിൽ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ അത് സംഭവിക്കാൻ സാധ്യത കുറവാണ്. ദേശാടനം കഴിഞ്ഞതിന് ശേഷമാണ് മോഹൻലാലിന്റെ കമ്പനി എനിക്കൊരു സിനിമ ഓഫർ ചെയ്ത് വരുന്നത്.

ആ സമയത്ത് ഞാൻ ചെയ്യാൻ ആഗ്രഹിച്ചത്, മഴയുടെ പശ്ചാത്തലത്തിലുള്ളൊരു സിനിമയായിരുന്നു. മോഹൻലാൽ ആയിരുന്നു നായകൻ. അതിന്റെ കോസ്റ്റ്യും വരെ മേടിച്ചിരുന്നു. പാട്ടുകളും റിക്കാർഡ് ചെയ്തു.

പക്ഷേ എന്റെ തെറ്റുകൊണ്ട്, ആ സമയത്ത് എന്റെ ജീവിതത്തിലുണ്ടായ പ്രത്യേക സാഹചര്യത്തിൽ ആ സിനിമ ചെയ്യാൻ പറ്റിയില്ല. അതൊരുപക്ഷെ അദ്ദേഹത്തിന്റെ മനസ്സിൽ വിഷമമുണ്ടായിക്കിയിട്ടുണ്ടാകാം. പിന്നീട് ഞാൻ അദ്ദേഹത്തെ സമീപിച്ച് പല സിനിമകളുടെ തിരക്കഥ നൽകിയിട്ടും മുന്നോട്ട് പോയില്ല.

കുഞ്ഞാലിമരക്കാരുടെ തിരക്കഥ ഞാൻ മോഹൻലാലിന് നൽകി. ഏകദേശം മൂന്നുവർഷത്തോളം അദ്ദേഹം അത് കയ്യിൽവെച്ചു. തിരിച്ചൊരു മറുപടി പോലും പറഞ്ഞില്ല. വീരം സിനിമയുെട മുഴുവൻ തിരക്കഥ സ്‌കെച്ചുകളായി നൽകി. അദ്ദേഹം നോക്കി, ‘ഇതൊക്കെ എങ്ങനെയാണ്, പ്രാക്ടിക്കൽ ആകുമോ’ എന്ന് ചോദിച്ചു. പലപ്പോഴും ഞാൻ സമീപിക്കുമ്പോഴും ലാഘവത്തോടെ ഒഴിഞ്ഞ് മാറുകയാണ് ചെയ്തിരുന്നത്. ഒരുപക്ഷേ ആ വേദനയാകാം കാരണം.

ആ സിനിമയുടെ ലൊക്കേഷൻ വരെ തീരുമാനിച്ച് ചിത്രീകരണത്തിന് ഇറങ്ങിപ്പുറപ്പെടാൻ നേരത്താണ് അത് വേണ്ടെന്ന് വെയ്ക്കുന്നത്. അതിൽ നിന്നും ഞാൻ പിന്മാറേണ്ടി വന്ന സാഹചര്യം അദ്ദേഹത്തെ വിഷമിപ്പിച്ചിട്ടുണ്ടാകാം. അന്ന് അദ്ദേഹം കുടുംബവുമായി സൗത്ത് ആഫ്രിക്കയിൽ എവിടെയോ യാത്രയിലായിരുന്നു. അത് റദ്ദാക്കി അദ്ദേഹം മാത്രം മടങ്ങിവരുകയായിരുന്നു, ഈ സിനിമയിൽ അഭിനയിക്കാൻ.

ഇവിടെ വരുമ്പോഴാണ് ഈ സിനിമ ഉപേക്ഷിച്ച വിവരം മോഹൻലാൽ അറിയുന്നത്. ഒരു ചോദ്യമേ അദ്ദേഹം എന്നോട് ചോദിച്ചൊള്ളൂ, ‘നേരത്ത് ഒന്ന് പറയായിരുന്നില്ലേ?’അത് നമ്മുടെ ഭാഗത്തുണ്ടായ തെറ്റാണ്. അത് മനസ്സിലിപ്പോഴും സൂക്ഷിക്കുന്നതുകൊണ്ടാകാം പ്രോജക്ടുകൾ നടക്കാതെ പോകുന്നത്.

പക്ഷേ അതുകൊണ്ട് സംഭവിക്കുന്നത് മലയാളത്തിലെ ഒരു മികച്ച സിനിമ നഷ്ടപ്പെടുകയാണ്. അദ്ദേഹം തയ്യാറാണെങ്കിൽ ഞാൻ തയ്യാറാണ്. കാരണം അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മികച്ച സിനിമയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.

Advertisement