ഇത് പോലെ ഒരു ചിത്രം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല, ധൈര്യമായി ടിക്കറ്റെടുക്കാം രോമാഞ്ചത്തിന്: എന്നാലും ഇവൻമാരെയൊക്കെ എവിടുന്നൊപ്പിച്ചടേയ്, നിയാസ് ഇസ്മായിൽ എഴുതുന്നു

334

മൂവി റിവ്യൂ: നിയാസ് ഇസ്മായിൽ

നല്ല കോമഡിയുടെ ഒരു പ്രത്യേകത അത് തീർന്നു പോകരുതേ ഇന്ന് നമ്മൾ ആഗ്രഹിക്കും എന്നതാണ്. രണ്ട് മണിക്കൂർ 10 മിനിട്ടുള്ള ഒരു ചിത്രം കുറച്ച് കൂടി വേണമായിരുന്നു എന്ന് തോന്നുന്നത് അത് കൊണ്ടാണ്. ആദ്യന്തം ഇത് പോലെ ചിരിപ്പിച്ച ഒരു ചിത്രം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.

Advertisements

2007 കാലഘട്ടത്തിൽ ബാംഗ്ലൂരിൽ ഒരു വീട്ടിൽ പല ജോലികളുമായി താമസിക്കുന്ന ഏഴുപേരുടെ ബാച്ചിലർ ലൈഫ് ആണ് ചിത്രം. എന്തൊക്കെ രസങ്ങൾ ആ ജീവിതത്തിൽ സംഭവിക്കാമോ അതെല്ലാം സംഭവിക്കുന്നുണ്ട് ചിത്രത്തിൽ. പുറത്തിറങ്ങി ചിന്തിച്ചാൽ ലോജിക് ഒക്കെ കുറവായ ഒട്ടേറെ സീനുകൾ കണ്ടേക്കാം പക്ഷേ സിനിമ അനുഭവിച്ച നിമിഷം നിങ്ങൾ അതേക്കുറിച്ച് ചിന്തിക്കുകയേയില്ല.

പറഞ്ഞുപറഞ്ഞ് തേഞ്ഞുപോയ ഒരു പ്രമേയത്തെ മികച്ച ഒരു എന്റർടൈനർ ആക്കി മാറ്റി എന്നതിന് സംവിധായകൻ കയ്യടി അർഹിക്കുന്നു. ഹൊറർ മൂടുള്ള ചിത്രം വല്ലപ്പോഴും മാത്രം സിനിമ കാണുന്ന ഒരാൾക്ക് പോലും പ്രഡിക്റ്റബിളായ സീനുകളിലൂടെയാണ് മുന്നോട്ട് പോകുന്നത്. എന്നാൽ ആ സീനുകൾ പോലും അന്യായ കോമഡി ക്രിയേറ്റ് ചെയ്യുന്നു എന്നതാണ് സംവിധായകന്റെ വിജയം.

സൗബിനും അർജുൻ അശോകനും പിന്നെ ഒറ്റ സീനുകളിൽ വരുന്ന ജോളി ചിറയത്തും അസീം ജമാലും ചെമ്പൻ വിനോദും മാത്രമാണ് പരിചിത മുഖങ്ങൾ. ബാക്കി എല്ലാവരും എന്നെ സംബന്ധിച്ച് പുതു മുഖങ്ങൾ ആണ്.എന്നാൽ ചിത്രത്തിൽ സൗബിനോടൊപ്പമോ അതിനു മുകളിലോ ആണ് ഈ പുതു മുഖങ്ങളുടെ വിളയാട്ടം. നിരൂപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനൊക്കെ അസാധ്യ പെർഫോമൻസ് ആണ്.

അർജുൻ അശോകന്റെ ഒരല്പം കൂടുതലുള്ള ഗസ്റ്റ് റോൾ ആണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. 20 മിനിറ്റോളം വരുന്ന ആ സീനുകൾ കൊണ്ട് അയാൾ സിനിമയുടെ ഷോ സ്റ്റീലർ ആയി മാറുന്നു. ഏറെക്കാലത്തിനുശേഷം സൗബിന്റെ ഡയലോഗ് വ്യക്തമായി കേട്ടു എന്നതാണ് മറ്റൊരു സന്തോഷം. നിങ്ങൾക്കാദരാഞ്ജലി നേരട്ടെ എന്ന ഗാനം ഇതിനാലകം ഹിറ്റ് ആയിക്കഴിഞ്ഞു.

ഇത് കൂടാതെ ചിത്രത്തിന്റെ മൂടിന് അനുസരിച്ചുള്ള ഒന്ന് രണ്ട് പാട്ടുകൾ കൂടി ഒരുക്കിയ സുഷിന്റെ സംഗീതവും രസമുണ്ട്.
എത്ര മസിലു പിടിച്ചിരുന്നാലും നമ്മൾ രണ്ടേകാൽ മണിക്കൂർ നിർത്താതെ ചിരിക്കേണ്ടിവരും. ധൈര്യമായി ടിക്കറ്റെടുക്കാം രോമാഞ്ചത്തിന്.

എന്നാലും ഇവൻമാരെയൊക്കെ എവിടുന്നൊപ്പിച്ചടേയ്….

(ഹയർ സെക്കൻഡറി അദ്ധ്യാപകൻ ആണ് ലേഖകൻ)

Advertisement