ഞങ്ങളെ ആരും മാറ്റി നിർത്തിയിട്ടില്ല, എക്‌സിക്യൂട്ടിവ് മെംമ്പേഴ്‌സ് എന്ന നിലയിൽ ഞങ്ങൾക്ക് ജോലികൾ ഉണ്ടായിരുന്നു: അമ്മയുടെ ഇരിപ്പിട വിവാദത്തിൽ ഹണി റോസ്

94

മലയാളത്തിലെ അഭിനോതാക്കളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട ഇരിപ്പിട വിവാദത്തിൽ പ്രതികരണവുമായി അമ്മ എക്‌സിക്യൂട്ടിവ് അംഗം ഹണി റോസ്. തങ്ങളെ ആരും മാറ്റി നിർത്തിയിട്ടില്ലെന്നും പല തവണ ഇരിക്കാൻ ആവശ്യപ്പെട്ടെന്നും ഹണി റോസ് വെളിപ്പെടുത്തി. മനോരമ ഓൺലൈനിനോടായിരുന്നു നടിയുടെ പ്രതികരണം.

അതേ സമയം വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുകയാണ് ഇപ്പോൾ. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്.

Advertisements

എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ ആരും മാറ്റി നിർത്തിയിട്ടില്ല, ഇവിടെ വന്നു ഇരിക്കൂ എന്ന് മറ്റു കമ്മറ്റി മെംമ്പേഴ്‌സ് പറഞ്ഞിരുന്നു. എക്‌സിക്യൂട്ടിവ് മെംമ്പേഴ്‌സ് എന്ന നിലയിൽ ഞങ്ങൾക്ക് ജോലികൾ ഉണ്ടായിരുന്നു. ഇത്രയും വലിയ ചടങ്ങു നടക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടാകും അതിനിടയിൽ ഇരിക്കാൻ സാധിച്ചെന്ന് വരില്ല.

കാര്യങ്ങൾ ചെയ്തിട്ട് ഓടി വന്നു നിൽക്കുമ്പോഴാണെന്നു തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്. ഞാനും രചനയും മാത്രമല്ല പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ മറ്റു കമ്മറ്റി മെമ്പേഴ്‌സും അവിടെ നിൽപ്പുണ്ടായിരുന്നു. സ്ത്രീകൾ അവിടെ നിന്നൂ എന്നത് മാത്രം ഫോക്കസ് ചെയ്യുന്നതുകൊണ്ടാണ് ഈ പ്രശ്‌നം, ഹണി റോസ് പറഞ്ഞു.

സ്ത്രീകൾ എന്ന നിലയിൽ ഒരു വിവേചനവും അമ്മയിൽ ല്ലെന്നും അമ്മ എല്ലാ അംഗങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും ഹണി റോസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് അമ്മ സംഘടനയുടെ ആസ്ഥാനാ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത്.

അന്ന് മോഹൻലാൽ, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്സിക്യുട്ടീവ് അംഗങ്ങൾ വേദിയിലിരിക്കുകയും എക്സിക്യുട്ടീവ് അംഗത്തിലുള്ള ഹണി റോസ്, രചന നാരായണൻകുട്ടി എന്നിവർ വേദിക്ക് സമീപം നിൽക്കുകയുമായിരുന്നു.

ഇരുവരെയും വേദിയിൽ ഇരുത്താതെ പുരുഷ താരങ്ങൾ മാത്രമിരുന്നതിനെ വിമർശിച്ച് പാർവ്വതി തിരുവോത്ത് ഉൾപ്പടെ നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. ആണുങ്ങൾ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡിൽ സ്ത്രീകൾ നിൽക്കുന്നു, ആണുങ്ങൾ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികൾ ഇപ്പോളും ഉണ്ടാകുന്നു.

ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാർത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാൻ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പു വന്നിട്ടുള്ള ആളുകൾ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നതെന്നും പാർവ്വതി പറഞ്ഞിരുന്നു.

Advertisement