മലയാള സിനിമയിൽ കാരിരുമ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങളെയടക്കം അവതരിപ്പിച്ച് പേരെടുത്ത അതുല്യ കലാകാരനായിരുന്നു നടൻ മുരളി. നാടകരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരം തൊണ്ണൂറുകളിൽ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു.
നായക നടൻ, വില്ലൻ, സ്വഭാവ നടൻ തുടങ്ങി നിരവധി വേഷങ്ങൾ അദ്ദേഹം അനശ്വരമാക്കി. ആഗസ്റ്റ് ആറാം തീയതി നടൻ മുരളി വിടപറഞ്ഞിട്ട് 11 വർഷങ്ങൾ തികഞ്ഞിരുന്നു. ഇപ്പോഴിചാ മുരളിയെ കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
1992ൽ ഫാസിലിന്റെ സംവിധാനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ സൂപ്പർഹിറ്റ് മുവിയായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസ്. ഈ സിനിമയിൽ സുരേഷ് ഗോപി അഭിനയിച്ച ഡോ. ഗോപൻ എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചിരുന്നത് മുരളിയെ ആയിരുന്നുവെന്നാണ് ഗോപാലകൃഷ്ണൻ എന്നയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മുരളിയെ ആ കഥാപാത്രമായി തീരുമാനിച്ച ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. എന്നാൽ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതോടെയാണ് ഈ സിനിമയിൽ നിന്നും മുരളി പിൻവാങ്ങിയത് എന്ന ഗോപാലകൃഷ്ണൻ കുറിക്കുന്നു.
മുരളിയെ കുറിച്ച് ഗോപാലകൃഷ്ണൻ എഴുതിയ കുറിപ്പ് ഇങ്ങനെ:
അപ്പൂസിന്റെ ഡോ. ഗോപനായി മുരളി
മലയാള സിനിമയുടെ ഏറ്റവും കരുത്തുറ്റ അഭിനേതാക്കളിൽ ഒരാളായ ശ്രീ മുരളിയുടെ പതിനൊന്നാം ചരമവാർഷിക ദിനമാണിന്ന്. 1992 ഓണക്കാലത്ത് തിയേറ്റിലെത്തിയ ഫാസിലിന്റെ, ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തിൽ സുരേഷ് ഗോപി ചെയ്ത ഡോ.ഗോപൻ എന്ന കഥാപാത്രമായി ആദ്യം അഭിനയിച്ചത് മുരളിയായിരുന്നു.
എന്നാൽ അതേ സമയത്ത് ചിത്രീകരണം നടന്നു കൊണ്ടിരുന്ന സിബി മലയിലിന്റെ ‘വളയം’ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിൽ പരിക്ക് പറ്റിയതോടെ മുരളിയ്ക്ക് കുറച്ച് നാൾ വിശ്രമം വേണ്ടിവന്നു. പിന്നീട് ‘വളയം’ ചിത്രീകരണത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടി വന്നതിനാൽ, അപ്പൂസിൽ തുടർന്ന് അഭിനയിക്കാൻ കഴിയാതെ വന്നു.
ഒരു രംഗം മാത്രമേ മുരളിയെ വെച്ച് ഷൂട്ട് ചെയ്തിരുന്നുള്ളൂ എന്നതിനാൽ, ഫാസിൽ ആ കഥാപാത്രം സുരേഷ് ഗോപിയ്ക്ക് നൽകി. മുരളിക്ക് ഓർമ്മപൂക്കൾ എന്നാണ് ഗോപാലകൃഷ്ണൻ കുറിച്ചത്.