പരസ്പര സമ്മതത്തോടെയാണ് പിരിഞ്ഞത്, അയാളിപ്പോൾ രണ്ടുകുട്ടികളുടെ അച്ഛനാണ്: പ്രണയം തകർന്നതിന്റെ കാരണം വ്യക്തമാക്കി സുബി സുരേഷ്

115

നിരവധി കോമഡി സ്‌കിറ്റുകളിലുടെയും മറ്റും പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ച താരമാണ് സുബു സുരേഷ്. മിമിക്രി രംഗത്ത് കോമഡി സ്‌കിറ്റുകളിൽ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് സുബി സുരേഷ് ഈ മേഖയിലേക്ക് എത്തുന്നത്.

മിമിക്രി കലാകാരന്മാർക്കൊപ്പം കോമഡി സ്‌കിറ്റുകളിൽ നിറഞ്ഞു നിന്ന സുബി പതിയെ മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലുമെത്തി. അവതരണ രംഗത്ത് ഹാസ്യത്തിന്റെ ചേരുവ ചേർത്ത് തുടങ്ങിയ സ്ത്രീ സാന്നിധ്യമാണ് സുബി. സുബിയും കൊച്ചിൻ കലാഭവൻ വഴി ഇന്റസ്ട്രിയിൽ എത്തിയതാണ്. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി ക്യാമറയ്ക്ക് മുന്നിലെത്തിയത്.

Advertisements

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഒക്കെയാണ് സുബി സുരേഷ്. കുട്ടിപ്പട്ടാളം എന്ന ജനപ്രിയ പരിപാടിയുടെ അവതാരകയായി സുബി തിളങ്ങിയിരുന്നു. സ്റ്റേജ് ഷോകളിലും മറ്റും സുബി സ്ഥിരം സാന്നിധ്യമായിരുന്നു. 20ൽ അധികം സിനിമകളിലും സുബി അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായ കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമ രംഗത്ത് എത്തുന്നത്.

ഇപ്പോഴിതാ വർഷങ്ങൾ നീണ്ട പ്രണയം തകർന്നതിന്റെയും താൻ ഇതുവരേയും വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിക്കുകയാണ് സുബി. കഴിഞ്ഞ ദിവസം നടി ആനി അവതാരകയായ സെലിബ്രിറ്റി ചാറ്റ് ഷോ ആയ ആനീസ് കിച്ചണിൽ സുബി അതിഥിയായി എത്തിയിരുന്നു. പരിപാടിക്കിടെ സുബി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.

തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് പരിപാടിക്കിടയിൽ സുബി വെളിപ്പെടുത്തി. ഒരാളെ പ്രണയിച്ചിരുന്നു എന്നും എന്നാൽ ആ പ്രണയം വിവാഹത്തിൽ എത്തിയില്ല എന്നും സുബി പറഞ്ഞു. പരസ്പര സമ്മതത്തോടെയാണ് തങ്ങൾ പ്രണയം അവസാനിപ്പിച്ചതെന്നും സുബി പറയുന്നു.

താൻ പ്രണയിച്ചത് വിദേശത്ത് ജോലി ഉണ്ടായിരുന്ന ആളെയാണ്. വിവാഹം കഴിഞ്ഞാൽ അമ്മയെ വിട്ട് വിദേശത്തേക്ക് പോകേണ്ടി വരും. അതിനാലാണ് പ്രണയം താൻ അവസാനിപ്പിച്ചതെന്ന് സുബി പറയുന്നു. പ്രണയം തുടങ്ങിയ സമയം അദ്ദേഹം നാട്ടിൽ ഉണ്ടായിരുന്നു. പിന്നീട് വിദേശത്തേക്ക് പോയി. എന്നാൽ അമ്മയെ വിട്ട് തനിക്ക് എങ്ങോട്ടും പോകാനാവില്ല.

അമ്മയാണ് തന്റെ എല്ലാ സപ്പോർട്ടും പ്രണയത്തെ കുറിച്ച് അമ്മയോട് പറഞ്ഞിരുന്നെങ്കിൽ വിവാഹം നടന്നേനെ എന്നും സുബി പറഞ്ഞു. ആദ്യം പ്രണയിച്ചയാൾ ഇപ്പോഴും നല്ല സുഹൃത്താണെന്നും അദ്ദേഹം വിവാഹമൊക്കെ കഴിഞ്ഞ് രണ്ട് കുട്ടികളുടെ ഒപ്പം സുഖമായി ജീവിക്കുന്നുവെന്നും സുബി കൂട്ടിച്ചേർത്തു.

അതേ സമയം നേരത്തെയും ഒരു ചാനൽ ഇന്റർവ്യൂവിൽ സുബി പ്രണയത്തെകുറിച്ച് പറഞ്ഞിരുന്നു.
ഇതുവരേയും വിവാഹം കഴിക്കാത്തത് എന്താണ് പ്രണയ നൈര്യാശ്യമാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരമായി സുബി അന്ന് പറഞ്ഞത് ഇങ്ങനെ: ഈ പ്രായം വരെ ഞാനാരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാൽ എനിക്കെന്തോ അസുഖമാണെന്ന് ആളുകൾ കരുതും. ഞാൻ പ്രണയിച്ചിട്ടുണ്ട്.

എന്നാൽ ആ ബന്ധം ജീവിതത്തിലേക്ക് ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ പരസ്പര സമ്മതത്തോടെ പിരിഞ്ഞുവെന്ന് സുബി പറഞ്ഞു. ഞാൻ അന്ന് ഷോകളൊക്കെ ചെയ്തു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമുള്ള സമയമായിരുന്നു അത്. ഞാനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്.’ സുബി വെളിപ്പെടുത്തുന്നു.

എന്റെ അമ്മയ്ക്കു ജോലിക്കു പോകാമല്ലോ എന്ന് അദ്ദേഹം അന്ന് ചോദിച്ചപ്പോൾ എനിക്ക് വിഷമമുണ്ടായി. കാരണം ഞാനിത്രയും വലുതായി അമ്മയേയും കുടുംബത്തേയും നോക്കാൻ പ്രാപ്തയായപ്പോൾ അമ്മയെ ജോലിക്കു വിടേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ പിരിയുകയായിരുന്നു. അദ്ദേഹമാണ് എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് തന്നത്. ആ അക്കൗണ്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അദ്ദേഹം നല്ല ഒരു മനുഷ്യനായിരുന്നു. അദ്ദേഹം ഇന്നും എന്റെ നല്ല സുഹൃത്താണ്. അദ്ദേഹവുമായും കുടുംബവുമായും ഇന്നും നല്ല അടുപ്പമുണ്ട്.

ഈ ബന്ധം ഇനി മുന്നോട്ട് പോകില്ല എന്ന് പറഞ്ഞ് സംസാരിച്ച് സമ്മതത്തോടെയാണ് ഞങ്ങൾ വേർപിരിഞ്ഞത്. അദ്ദേഹം ഇപ്പോൾ വേറെ വിവാഹമൊക്കെ കഴിച്ചു. ഇടയ്‌ക്കൊക്കെ കാണാറുണ്ട്. ഞങ്ങളിപ്പോഴും നല്ല സൗഹൃദബന്ധം തുടരുന്നുവെന്നും സുബി പറഞ്ഞു.

വിവാഹം കഴിക്കില്ല എന്നൊന്നും ഞാൻ പ്രഖ്യാപിച്ചിട്ടില്ല. വീട്ടിൽ വിവാഹത്തെ കുറിച്ച് അമ്മ സംസാരിക്കുന്നുണ്ട്. പക്ഷെ ഒരു അറേഞ്ച്ഡ് മാര്യേജിന് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് പരസ്പരം മനസ്സിലാക്കി വിവാഹം കഴിക്കണം. പ്രണയിച്ച് വിവാഹം കഴിക്കാൻ അമ്മ ലൈസൻസ് തന്നിട്ടുണ്ടെന്നും സുബി പറഞ്ഞിരുന്നു.

Advertisement