ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രത്തിൽ നായകൻ സ്റ്റൈൽമന്നൻ രജനികാന്ത്, ഒപ്പം കമൽ ഹാസനും

26

കാർത്തി നായകനായ ‘കൈദി’ എന്ന മെഗാഹിറ്റിലൂടെ സമീപകാലത്ത് തമിഴ് സിനിമയെ ഞെട്ടിച്ച ലോകേഷ് കനകരാജ് ഇനി സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം. ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റൈൽമന്നൻ നായകനാകും.

ഉലകനായകൻ കമൽഹാസനാണ് ഈ സിനിമ നിർമ്മിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകം. ഇപ്പോൾ വിജയ് ചിത്രം ചെയ്തുകൊണ്ടിരിക്കുന്ന ലോകേഷ് കഴിഞ്ഞ ദിവസം രജനികാന്തിനെയും കമൽഹാസനെയും സന്ദർശിച്ചിരുന്നു.

Advertisements

വിജയ് ചിത്രം കഴിഞ്ഞാൽ രജനി ചിത്രമാണെന്നും അതിന്റെ തിരക്കഥ ലോകേഷ്, രജനിയെയും കമലിനെയും വായിച്ചുകേൾപ്പിച്ചു എന്നുമാണ് റിപ്പോർട്ട്. കമൽഹാസന്റെ നിർമ്മാണക്കമ്പനിയായ രാജ്കമൽ ഇന്റർനാഷണൽ ഈ സിനിമ നിർമ്മിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

കടുത്ത കമൽ ആരാധകനായ ലോകേഷ് കനകരാജ് തന്റെ ഒരു ചിത്രത്തിൽ കമൽ അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തൽക്കാലം രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാനാണ് കമൽ ഉപദേശിച്ചതത്രേ. നിർമ്മാതാവായി താൻ പ്രൊജക്ടിന്റെ കൂടെ നിൽക്കാമെന്ന് കമൽ ലോകേഷിന് ഉറപ്പുനൽകുകയായിരുന്നു.

മാനഗരം, കൈദി എന്നീ സിനിമകളിലൂടെ ലോകേഷ് കനകരാജ് വലിയ പ്രതീക്ഷയാണ് തമിഴ് സിനിമാപ്രേക്ഷകരിൽ ഉണർത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വിജയ് നായകനാകുന്ന സിനിമയും വൻ ഹിറ്റാകുമെന്ന പ്രതീക്ഷ പരക്കെ ഉണ്ടായിട്ടുണ്ട്.

Advertisement