റഹ്മാൻ ചെയ്ത ആ പാട്ട് വിജയിക്ക് ഇഷ്ടപ്പെട്ടില്ല, എആർ റഹ്മാനോട് മാറ്റി ചെയ്യാൻ പറയാനും പറ്റില്ല, പിന്നെ സംഭവിച്ചത് ഇങ്ങനെ

1642

ദളപതി വിജയിയെ നായകനാക്കി സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച സൂപ്പർഹിറ്റ് സിനിയായിരുന്നു അഴകിയ തമിഴ് മകൻ. തമിഴിലെ യുവ സംവിധായകൻ ഭരതൻ ഒരുക്കിയ ഈ ചിത്രത്തിൽ ഇരട്ട വേഷത്തിലായിരുന്നു വിജയ് എത്തിയത്.

നായകനും പ്രതിനായകനുമായി വിജയ് തന്നെ എത്തിയ സിനിമയിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. മദ്രാസിന്റെ മൊസാർട്ട് ഓസ്‌കാർ തമിഴൻ ഏആർ റഹ്മാൻ ആയിരുന്നു ഈ ചിത്രത്തിലെ തകർപ്പൻ ഗാനങ്ങൾക്ക് സംഗീതം നൽകിയത്.

Advertisement

ഈ സിനിമയിൽ ഏആർ റഹ്മാൻ സംഗീതം നൽകി ആലപിച്ച എല്ലാ പുകഴും ഒരുവൻ ഒരുവനുക്ക് എന്ന ഗാനവും ഹിറ്റ് ചാർട്ടുകളിൽ ഇന്നും സജീവമാണ്. എന്നാൽ ചിത്രീകരണത്തിന് മുമ്പ് ഈ ചിത്രത്തിലെ മറ്റെല്ലാ പാട്ടുകളും വിജയിക്ക് ഇഷ്ടമായെങ്കിലും ആദ്യം കേൾപ്പിച്ച ഇൻട്രഡക്ഷൻ സോംഗ് വിജയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.

തുടർന്ന് ഗാനം മാറ്റി ചെയ്തതാണ് എല്ലാ പുകഴും എന്ന ഗാനം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവായ സ്വർഗചിത്ര അപ്പച്ചൻ. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അപ്പച്ചൻ ഇക്കാര്യം പറഞ്ഞത്.

വിജയിക്ക് പാട്ട് ഇഷ്ടപ്പെട്ടില്ല പക്ഷെ ഏആർ റഹ്മാനോട് പാട്ട് മാറ്റി കമ്പോസ് ചെയ്യാൻ പറയാൻ സാധിക്കില്ലെന്നും താൻ യഥാർത്ഥത്തിൽ പെട്ടുപോയെന്നും സ്വർഗചിത്ര അപ്പച്ചൻ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

പാട്ട് കമ്പോസ് ചെയ്ത് സിഡി റഹ്മാൻ തന്നു. സിഡിയുമായി വിജയിയുടെ വീട്ടിൽ പോയി. പാട്ട് കേട്ടു. പക്ഷെ വിജയിക്ക് പാട്ട് ഇഷ്ടമായില്ല. ഇത് വേണ്ട സാർ ഇത് ശരിയായി വരില്ല സാർ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷെ റഹ്മാനോട് ഒരു പാട്ട് മാറ്റിതരണമെന്ന് അതുവരെ ആരും പറഞ്ഞിട്ടുമില്ല, പറഞ്ഞാലൊട്ട് നടക്കുകയും ഇല്ല.

അത് ഒരു സ്ലോ മൂഡിലുള്ള പാട്ട് ആയിരുന്നു. പക്ഷെ വിജയ് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞതോടെ ആകെ പെട്ടുപോയി. മാറ്റി ചെയ്യാൻ റഹ്മാനോട് പറയാം എന്ന് ഞാൻ എന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞു പോയി. ആരും അത് പറയില്ല. വേറെ പാട്ട് അദ്ദേഹം ചെയ്യുമോ എന്നാണ് വിജയ് ചോദിച്ചത്.

ചോദിച്ചു നോക്ക്, കിട്ടില്ല എന്ന് തന്നെയായിരുന്നു വിജയിയും പറഞ്ഞത്. രണ്ടും കൽപ്പിച്ച് റഹ്മാനെ കണ്ട് കാര്യം പറഞ്ഞു. ഇൻട്രഡക്ഷൻ സോംഗ് ഹീറോയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പേടിച്ച് പേടിച്ച് റഹ്മാനോട് പറഞ്ഞു. ഹീറോയ്ക്കാണോ, നിങ്ങൾക്കാണോ ഇഷ്ടപ്പെടാത്തത് എന്നായിരുന്നു റഹ്മാൻ തിരിച്ചു ചോദിച്ചത്. എനിക്കും ഇഷ്ടപ്പെട്ടില്ലെന്ന് ഞാൻ മറുപടി പറഞ്ഞു.

അദ്ദേഹം മാറ്റി ചെയ്യണോ എന്ന് ചോദിച്ചു. പക്ഷെ ഗെറ്റ് ഔട്ട് അടിച്ചാലോ എന്ന് പേടിച്ച് അതിന് മറുപടി ഞാൻ പറഞ്ഞില്ല. ഡപ്പാംകൂത്ത് പോലെ ഒന്നും ചെയ്യില്ല എന്നും റഹ്മാൻ പറഞ്ഞു. അവസാനം അദ്ദേഹം പാട്ട് എഴുതി തന്നാൽ കമ്പോസ് ചെയ്യാം എന്നു പറഞ്ഞു. വാലിയോട് ( മരിച്ചു പോയ തമിഴ് ഗാനരചയിതാവ് ) കഥ പറഞ്ഞ് പാട്ടെഴുതാൻ പറഞ്ഞു.

അഡ്വാൻസ് കൊടുത്തു പ്രശ്നം ഒരു പരിധി വരെ പരിഹരിച്ചു. എന്നാൽ പിന്നെ ഒരു വിവരവും ഇല്ല. പാട്ട് എഴുതി വാലി നേരെ റഹ്മാനാണ് കൊടുത്തത്. ഒരു ദിവസം റഹ്മാൻ വിളിച്ച് വരാൻ പറഞ്ഞു. പാട്ട് കമ്പോസ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് സിഡി തന്നു.

സിഡിയും കൊണ്ട് വിജയിയുടെ വീട്ടിൽ പോയി. ഡയറക്ടർ ഭരതനൊപ്പം വിജയിയുടെ വീട്ടിൽ നിന്ന് പാട്ട് കേട്ടു. വിജയ് ഒന്നും മിണ്ടിയില്ല ഇഷ്ടപ്പെട്ടു എന്ന് തലകുലുക്കുക മാത്രം ചെയ്തു. അങ്ങനെയാണ് എല്ലാ പുകഴും ഒരുവൻ ഒരുവൻ എന്ന ഹിറ്റ് ഗാനം പിറക്കുന്നത് എന്നും അപ്പച്ചൻ വ്യക്തമാക്കുന്നു.

Advertisement