അടുത്തിടെ പുറത്തിറങ്ങിയ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിനും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും നിർമ്മാതാവും നടനുമായ ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ആയിരുന്നു നടൻ ബാല രംഗത്ത് എത്തിയത്. തനിക്ക് പ്രതിഫലം നൽകിയില്ലെങ്കിലും കുഴപ്പമില്ല അണിയറയിൽ പ്രവർത്തിച്ച മറ്റുള്ളവർക്കെങ്കിലും പണം നൽകണമെന്നും ബാല ആവശ്യപ്പെട്ടു.
ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ബാല നിർമാതാവായ ഉണ്ണി മുകുന്ദന് എതിരെ ആഞ്ഞടിച്ചത്. ചിത്രത്തിൽ അഭിനയിച്ച സ്ത്രീകൾക്ക് മാത്രം പണം നൽകിയതായും സംവിധായകൻ, ഛായാഗ്രഹകൻ അടക്കമുള്ളവർക്ക് പണം നൽകിയിട്ടില്ലെന്നും ബാല പറയുന്നു. സംഭവം ഇടവേള ബാബുവിനോട് പറഞ്ഞപ്പോൾ പരാതി നൽകാനാണ് ആവശ്യപ്പെട്ടതെന്ന് ബാല അറിയിച്ചു.

എന്നാൽ പരാതി നൽകാൻ താൽപര്യമില്ലെന്നും ഉണ്ണി മുകുന്ദൻ നന്നാവണം എന്ന ആഗ്രഹം മാത്രമേ ഉള്ളൂവെന്നും ബാല വ്യക്തമാക്കിയിരുന്നു. ഞാൻ ആദ്യമായി കാണുന്ന സിനിമ താരം അല്ല ഉണ്ണി മുകുന്ദൻ. ഇങ്ങനെ ആളുകളെ പറ്റിച്ച് കൊണ്ടുള്ള സിനിമ ഇനി മലയാളത്തിൽ വേണ്ട, മനുഷ്യൻ മനുഷ്യനായി ഇരിക്കണമെന്നും ബാല പറഞ്ഞു.
എന്നെ ചതിച്ചോ കുഴപ്പമില്ല, പാവങ്ങളെ ചതിക്കരുത്. അവൻ ഇനിയും അഭിനയിച്ചോട്ടെ, സിനിമ നിർമ്മിക്കാൻ നിൽക്കണ്ടെന്നാണ് പറയാനുള്ളത്. ഒരു കാലത്ത് ഇതിനെല്ലാം പ്രതിഫലം കിട്ടുമെന്നും ബാല പറഞ്ഞു. അതേ സമയം ഇപ്പോഴിതാ ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ നിർമാതാക്കൾ ബാലയെ പറ്റിച്ചു എന്ന ആരോപണം ആവർത്തിച്ച് ബാലയുടെ ഭാര്യ ഡോ. എലിസബത്തും രംഗത്ത് എത്തിയിരിക്കുകയാണ്.

അഡ്വാൻസ് മേടിച്ചിട്ടവേണം അഭിനയിക്കാനെന്നും അല്ലെങ്കിൽ അവർ പറ്റിക്കുമെന്നും പറഞ്ഞ തന്റെ വാക്ക് അവഗണിച്ചതാണ് ബാല അഭിനയിച്ചതെന്നും എല്ലാരേയും വിശ്വാസമുള്ള വ്യക്തിയായതിനാൽ ബാലയെ എല്ലാരും പറ്റിക്കുമെന്നും എലിസബത്ത് പറഞ്ഞു. അവർ തന്റെ അച്ഛനെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചതായും എലിസബത്ത് ആരോപിക്കുന്നു.
എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെ:
സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സമയത്തും പ്രതിഫലം പിന്നീട് തന്നാൽ മതി, തിരക്കുപിടിക്കേണ്ടെന്നാണ് അവരോട് പറഞ്ഞിരുന്നത്. അതിനുശേഷം ഡബ്ബിങിന്റെ സമയത്തും ചോദിച്ചു. അവിടെ വച്ചാണ് ലൈൻ പ്രൊഡ്യൂസർ ആയ വിനോദ് മംഗലത്തുമായി വഴക്കാകുന്നത്.
അങ്ങനെ ഡബ്ബിങിന് പോകാതിരുന്നു. പക്ഷേ സിനിമയല്ലേ, ദൈവമല്ലേ എന്നു പറഞ്ഞ് ഡബ്ബിങ് പൂർത്തിയാക്കി കൊടുത്തു.അതിനു ശേഷം വിളിച്ചിട്ടും ഒരു തീരുമാനവുമില്ല. ബാലയ്ക്ക് തന്നെ നാണക്കേടായിട്ടാണ് പിന്നീട് വിളിക്കാതിരുന്നത്. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്ന് എന്റെ അച്ഛനെ ഇറക്കിവിടാൻ നോക്കി.
പത്ത് ലക്ഷം കിട്ടിയാലും 25 ലക്ഷം കിട്ടിയാലും ഇദ്ദേഹത്തിനൊന്നുമില്ല. അദ്ദേഹത്തെ വച്ച് തന്നെ സിനിമയെടുക്കാനുള്ള പൈസ സ്വന്തമായുണ്ട്. ഇദ്ദേഹത്തെ എല്ലാവരും പറ്റിക്കും. കാരണം എല്ലാവരെയും വിശ്വാസമാണ്. അതുകൊണ്ടാണ് ഒരു എഗ്രിമെന്റും ഇല്ലാതെ അഭിനയിക്കാൻ പോയത് എന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്.

അനൂപ് പന്തളം ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്ത ‘ഷെഫീക്കിൻറെ സന്തോഷം’ നവംബർ 25 നാണ് തിയറ്ററുകളിൽ എത്തിയത്. ഒരു ഗൾഫുകാരൻ നാട്ടിലേക്ക് വരുന്നതും പിന്നെ അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളും പ്രണയവും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയം.
മേപ്പടിയാൻ സിനിമക്ക് ശേഷം ഉണ്ണി മുകുന്ദൻ നിർമിച്ച ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Also Read
നമ്മുടെ നാടിന് അഭിമാനം, അഭിനന്ദനങ്ങൾ പ്രിയ ബേസിൽ; ബേസിൽ ജോസഫിനെ പ്രശംസകൾ വാരിച്ചൊരിഞ്ഞ് ലാലേട്ടൻ









