സിനിമയെന്ന് പറഞ്ഞ് അലഞ്ഞുനടന്ന എനിക്ക് അന്നൊരാൾ ചാൻസ് തന്നു, എനിക്ക് കിട്ടിയത് തിരിച്ചു കൊടുക്കുന്നു: പുതുമുഖ സംവിധായകർക്ക് അവസരം നൽകുന്നതിനെപറ്റി മമ്മൂട്ടി

100

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി പുതുമുഖ സംവിധായകൻ ജോഫിൻ ടി ചാക്കോ ഒരുക്കിയ ചിത്രം ദി പ്രീസ്റ്റ് കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച അഭിപ്രായം നേടി ഈ ചിത്രം മുന്നേറുകയാണ് ഇപ്പോൾ.

ദി പ്രീസ്റ്റിന്റെ വിജയത്തിന് പിന്നാലെ പുതുമുഖ സംവിധായകർക്ക് മമ്മൂട്ടി അവസരം നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സിനിമാലോകത്ത് വീണ്ടും സജീവമാവുകയാണ്. താൻ എന്തുകൊണ്ട് പുതുമുഖ സംവിധായകർക്ക് അവസരം നൽകുന്നുവെന്ന് പറയുകയാണ് മമ്മൂട്ടി ഇപ്പോൾ.

Advertisements

പ്രീസ്റ്റ് റിലീസിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ പുതുമുഖമായിരുന്നു എന്നുള്ളതാണ് ഒരു കാരണം. ഞാൻ പുതുമുഖമാണ് എന്നുള്ളത് രണ്ടാമത്തെ കാര്യം. മൂന്നാമത് ഒരു കാര്യമില്ല. ഒരു പുതുമുഖ സംവിധായകന്റെ മനസ്സിൽ പുതിയ സിനിമയായിരിക്കും.

ആ സിനിമ എനിക്ക് ഒരു പുതുമയായിരിക്കും, എന്റെ പ്രകടനത്തിലോ കഥാപാത്രത്തിലോ പുതുമ കൊണ്ടുവരും എന്നാണ് പ്രതീക്ഷ. എല്ലാം വിജയമാകണമെന്നില്ല. നമുക്ക് തെരഞ്ഞെടുക്കാനല്ലേ പറ്റൂ. പൂർത്തികരിക്കാൻ പറ്റില്ലല്ലോ. വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ഞാൻ ചെയ്യുന്ന കാര്യങ്ങളാണ് ഇത്.

ഇനിയും വരാനുണ്ട് കുറേപേർ. അത് നിങ്ങളിൽ ആർക്കെങ്കിലും ആവേശം പകരുന്നുണ്ടെങ്കിൽ സന്തോഷം. അങ്ങനെ വന്നതാണ് ജോഫിനും. സിനിമയെന്ന് പറഞ്ഞ് ഒരുപാട് കാലം അലഞ്ഞുനടന്ന ആളാണ് ഞാൻ. അന്ന് എനിക്ക് ഒരാൾ ചാൻസ് തന്നു. പിന്നെ ഞാൻ എന്നേക്കൊണ്ട് ആവന്നതുപോലെ ചെയ്താണ് ഇങ്ങനെയെത്തിയത്.

അതുപോലെ അവരും വരട്ടെ. ഇത് വലിയ കാര്യമായി കാണേണ്ടതില്ല. എനിക്ക് കിട്ടിയത് തിരിച്ചു കൊടുക്കുന്നു അത്രയേ ഉള്ളൂ എന്നും മമ്മൂട്ടി പറഞ്ഞു. എന്റെ വിശ്രമവേളകളും സിനിമയോടപ്പമാണ്. സിനിമയിൽ പുതുതായി സംഭവിക്കുന്നത് എന്താണെന്ന് അറിയാൻ ശ്രമിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നയാളാണ്.

അപ്പോൾ ഒരാൾ പുതിയ സിനിമാസങ്കൽപ്പവുമായി, സിനിമയെ പുതിയ രീതിയിൽ കാണുന്ന ഒരാളെത്തുമ്പോൾ അതിനെ സ്വീകരിക്കാൻ ശ്രമിക്കാറുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി.

Advertisement