ഞങ്ങൾ രണ്ടു പേരും ചെയ്ത കാര്യം ഒന്നാണ്, ലിപ്ലോക്ക് ചെയ്ത നടന്റെ ഭാര്യ സപ്പോർട്ടീവ്, എന്നെ പിന്തുണച്ച ഭർത്താവ് നാണം ഇല്ലാത്തവൻ, അതെന്താ അങ്ങനെ: തുറന്നടിച്ച് ദുർഗാ കൃഷ്ണ

658

വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ എത്തി പിന്നീട് നിരവധി സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ദുർഗ്ഗാ കൃഷ്ണ. ഇപ്പോഴിതാ തന്റെ ഏറ്റവും പിതിയ ചിത്രമായ കുടുക്ക് 2025 ലെ ലിപ് ലോക്ക് രംഗവുമായി ബന്ധപ്പെട്ട് തനിക്കും ഭർത്താവിനും നേരെ ഉയരുന്ന വിമർശനങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത വീഡിയോയിലൂടെ ആയിരുന്നു തനിക്കും ഭർത്താവിനും എതിരെ ഉയരുന്ന വിമർശനങ്ങൾക്ക് എതിരെ താരം ആഞ്ഞടിച്ചത്. കുടുക്ക് 2025 ലെ ലിപ് ലോക് രംഗത്തിൽ അഭിനയിക്കുന്നതിന് തന്നെ പിന്തുണച്ച ഭർത്താവ് നാണമില്ലാത്തവൻ ആവുകയും അതേസമയം ലിപ് ലോക് ചെയ്ത നടന്റെ ഭാര്യ സപ്പോർട്ടീവ് ആവുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണെന്നും അതെന്തുകൊണ്ടാണ് അങ്ങനെയെന്നും ദുർഗ ചോദിക്കുന്നു.

Advertisements

മലയാള സിനിമയിൽ സ്ത്രീകൾക്ക് ലിപ് ലോക്ക് ചെയ്യാൻ കഴിയില്ലേയെന്നും ദുർഗ ചോദിക്കുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

കുറച്ചു ദിവസങ്ങളായി ഞാൻ ഫേസ് ചെയ്യുന്ന ചില കാര്യങ്ങളെ കുറിച്ച് പറയണമെന്ന് തോന്നി. കുടുക്ക് 2025 എന്ന എന്റെ സിനിമയിലെ ഒരു പാട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നു. ആ പാട്ടിന്റെ അവസാനത്തെ ഭാഗം ഒരു ലിപ് ലോക്ക് സീനാണ്. അതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ആ പാട്ടിറങ്ങിയതിന് പിന്നാലെ ഞാനും എന്റെ കൂടെ അഭിനയിച്ച നടനും ഒരു അഭിമുഖം കൊടുത്തിരുന്നു.

Also Read
എന്റെ കുടുംബം പ്രതിസന്ധികളിൽ സൽമാൻ എപ്പോഴും കൂടെയുണ്ടാവും; വൈറലായി ഷാരൂഖ് ഖന്റെ വാക്കുകൾ

അതിൽ ലിപ്ലോക്ക് രംഗത്തിൽ അഭിനയിക്കുന്നതിൽ തങ്ങളുടെ പങ്കാളികൾ എങ്ങനെയെടുത്തു എന്നു ചോദിച്ചു.
ഞങ്ങളുടെ രണ്ടുപേരുടെ പങ്കാളികളും വളരെ സപ്പോർട്ടീവായിരുന്നു എന്ന് ഞങ്ങൾ പറഞ്ഞിരുന്നു. എന്റെ ഭർത്താവാണ് ഈ പാട്ട് പ്രൊമോട്ട് ചെയ്യാൻ എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് എന്ന് ഞാൻ പറഞ്ഞിരുന്നു.

അതുപോലെ എനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യയും സപ്പോർട്ടീവ് ആയിരുന്നു എന്ന് പറഞ്ഞിരുന്നു. സിനിമയെ സിനിമയായിട്ടും ജീവിതത്തെ ജീവിതമായും കാണാനറിയാവുന്ന പങ്കാളികളാണ് ഭാഗ്യവശാൽ ഞങ്ങൾക്ക് കിട്ടിയത് എന്നായിരുന്നു ഞാൻ പറഞ്ഞത്. ആ ഇന്റർവ്യൂവിന് ശേഷം എന്നെ സപ്പോർട്ട് ചെയ്ത എന്റെ ഭർത്താവ് നാണം ഇല്ലാത്തവനും എന്റെ സഹ പ്രവർത്തകനെ സപ്പോർട്ടു ചെയ്ത അദ്ദേഹത്തിന്റെ ഭാര്യ വളരെ സപ്പോർട്ടീവുമായി.

അതെങ്ങനെയാണ് എന്ന് എനിക്ക് മനസിലായില്ല. ഞങ്ങൾ രണ്ടു പേരും ചെയ്ത കാര്യം ഒന്നാണ്. എന്നാൽ വിമർശനം എനിക്കു മാത്രമാണ്. ഞാൻ ഒറ്റയ്ക്ക് പോയിട്ടല്ല ലിപ്ലോക്ക് ചെയ്തിരിക്കുന്നത്. എന്റെയും അർജുന്റേയും പോസ്റ്റിനു താഴെ വന്ന ഒരു കമന്റ് ഞാൻ സ്റ്റോറിയാക്കിയിട്ടുണ്ടായിരുന്നു. നിന്റെ ഭർത്താവിന് നട്ടെല്ലില്ലേ എന്നാണ് അതിലൂടെ ചോദിച്ചത്. ആദ്യം എന്നെ ശവം എന്നൊക്കെയാണ് ആ കുട്ടി വിളിച്ചത്.

ആദ്യം ഭീഷണിയൊക്കെയായിരുന്നു. പിന്നീട് സോറിയൊക്കെ പറഞ്ഞു. എന്നോട് ആ സ്റ്റോറി ഡിലീറ്റ് ചെയ്യാനൊക്കെ ആവശ്യപ്പെട്ടു. ആ കുട്ടി പറഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നാണ്. ശരി. എന്റെ സിനിമ ഇഷ്ടമില്ലെങ്കിൽ ഇഷ്ടമല്ലെന്ന് പറഞ്ഞോളൂ, അഭിനയം ഇഷ്ടമില്ലെങ്കിൽ അത് പറഞ്ഞോളൂ. ആ സീൻ ഇഷ്ടമായില്ലെങ്കിൽ അത് കാണണ്ട.

എന്നാൽ ഒരാളുടെ പേഴ്സണൽ ലൈഫിനെ ചൊറിഞ്ഞു കൊണ്ടാവരുത് അത്. ലിപ് ലോക്ക് ചെയ്യാൻ എന്നെ വിടാൻ എന്റെ ഭർത്താവിന് നാണമില്ലേ എന്നൊക്കെ ചോദിക്കേണ്ടതുണ്ടോ? എന്റെ കല്യാണത്തിന് മുൻപും ഞാൻ സിനിമയാണ് ചെയ്തുകൊണ്ടിരുന്നത്. എന്റെ കല്യാണത്തിനു മുൻപ് ഷൂട്ട് ചെയ്ത സിനിമയാണിത്. പിന്നെ ഞാൻ എന്താണെന്നും എന്റെ തൊഴിലെന്താണെന്നും അറിഞ്ഞിട്ടു തന്നെയാണ് അദ്ദേഹം എന്നെ കല്യാണം കഴിച്ചത്.

കല്യാണം കഴിഞ്ഞെന്നു പറഞ്ഞ് ഞാൻ അഭിനയിക്കുന്നതിൽ ലിമിറ്റേഷൻ വെക്കേണ്ടതില്ലല്ലോ. കല്യാണം കഴിഞ്ഞത് കൊണ്ട് ഇപ്പോൾ തെറിവിളിക്കുന്നതു മുഴുവൻ ഭർത്താവിനെയാണ്. കല്യാണം കഴിഞ്ഞിട്ട് ഇല്ലായിരുന്നെങ്കിൽ ഇത് കേൾക്കേണ്ടത് എന്റെ അച്ഛനും അമ്മയും ആകുമായിരുന്നു.

മലയാള സിനിമയിൽ ലിപ്ലോക്ക് ചെയ്യാൻ ആണുങ്ങൾക്കു മാത്രമേ പറ്റുകയുള്ളൂ? പെണ്ണുങ്ങൾക്ക് പറ്റില്ലേ? അല്ലെങ്കിൽ പെൺകുട്ടികൾ മാത്രം എന്തുകൊണ്ട് വിമർശനം കേൾക്കുന്നു. ലിപ്ലോക്ക് ചെയ്ത കിച്ചു ഹീറോ ആയി, എനിക്ക് വിമർശനവും കിട്ടുന്നു. ഈ കമന്റ്സ് എന്നെയോ അർജുനെയോ ബാധിക്കുന്നില്ല. ഇതൊക്കെ അവഗണിച്ചുകളയണമെന്നാണ് അർജുൻ പറയുന്നത്.

Also Read
എനിക്കദ്ദേഹം എല്ലാമെല്ലാമായിരുന്നു, എനിക്ക് വിട പറയാനാവില്ല, എന്റെ മനസ്സിൽ വേണു ഉണ്ട്, ഉണ്ടാവും; വിതുമ്പലോടെ മമ്മൂട്ടി

പക്ഷേ അർജുന്റെ സഹോദരങ്ങളും കുടുംബവുമെല്ലാം ഇത് കാണുന്നുണ്ടാവില്ലേ. അവർക്ക് എന്തായിരിക്കും തോന്നുക. ഇതെല്ലാം ഞങ്ങളുടെ കുടുംബം കാണുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ട്. അവരുടെ മകനെപ്പറ്റി ഇത്ര മോശം കാര്യങ്ങൾ പറയുമ്പോൾ അവർക്ക് വിഷമം തോന്നില്ലേ. സന്തോഷമായി പോകുന്ന എന്റെ ഫാമിലി ലൈഫിനെ ചൊറിയാൻ നിൽക്കരുത്.

ഇൻസ്റ്റഗ്രാം സ്റ്റോറി ഡിലീറ്റ് ചെയ്യണമെന്നും അത് അവരുടെ വീട്ടുകാർ കണ്ടാൽ പ്രശ്നമാണെന്നുമൊക്കെയാണ് ആ കുട്ടി പറയുന്നത്. പക്ഷേ എനിക്കത് ഡിലീറ്റ് ചെയ്യാൻ തോന്നുന്നില്ല. എന്തിന് ഞാൻ ഡിലീറ്റ് ചെയ്യണം. എത്ര മെയിൽ ആർട്ടിസ്റ്റുകൾ മലയാള സിനിമയിൽ കിസിങ് സീനിൽ അഭിനയിക്കുന്നു. അത് അഭിനയം മാത്രമാണ്.

കാണാൻ ഇഷ്ടമല്ലെങ്കിൽ കാണേണ്ട. ഇത് കാണുകയും ചെയ്യും മാറിയിരുന്ന് പേഴ്സണൽ ലൈഫിനെ കുറ്റം പറയുകയും ചെയ്യുന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. നടിമാർ മാത്രം ഇത്തരം വിമർശനങ്ങൾ നേരിടേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് മാത്രമാണ് എനിക്ക് ചോദിക്കാനുള്ളതെന്നും ദുർഗ വ്യക്തമാക്കുന്നു.

Advertisement