കേരളം മാത്രമല്ല, രാജ്യം മുഴുവനും അവരെയാണ് ശ്രദ്ധിക്കുന്നത്: മന്ത്രി ഷൈലജ ടീച്ചറെ അപമാനിച്ച ചെന്നിത്തലയെ തേച്ചൊട്ടിച്ച് ബി ഉണ്ണികൃഷ്ണൻ

32

കോവിഡ് 19 ഉമായി ബന്ധപ്പെട്ട വിഷയത്തിൽ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർക്ക് മീഡിയ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് എതിരെ മറുപടിയുമായി സംവിധായകനും നിർമ്മാതാവുമായ ബി ഉണ്ണികൃഷ്ണൻ രംഗത്തെത്തി.

പ്രതിപക്ഷ നേതാവ് മീഡിയാമാനിയാ എന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കണം. കേരളം മാത്രമല്ല, രാജ്യം മുഴുവനും അവരെ ശ്രദ്ധിക്കുന്നത് കാണാമെന്ന് ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാനും രംഗത്ത് എത്തിയിരുന്നു.

Advertisements

പൊതുജന ശ്രദ്ധ നഷ്ടപ്പെടുന്നതിനെ തുടർന്നാണ് പ്രതിപക്ഷത്തിന്റെ ഇത്തരം പ്രസ്താവനകളെന്നും ഷൈലജ മാഡം സധൈര്യം അവരുടെ കടമ ചെയ്യുന്നെന്നും ഷാൻ റഹ്മാൻ പറഞ്ഞിരുന്നു. നിപ്പ വൈറസ് കാലത്ത് നിങ്ങൾ ഓരോരുത്തരും പലയിടങ്ങളിലായി പോയി ഒളിച്ചപ്പോൾ ആരോഗ്യ മന്ത്രിയും സംഘവും നിപ്പ വൈറസിനെ നേരിട്ടെന്നും കഴിവും പ്രാപ്തിയുമുള്ള ആരോഗ്യമന്ത്രിയാണ് കേരളത്തിന്റെതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെക്കുറിച്ചോർക്കുമ്പോൾ നാണക്കേട് തോന്നുന്നു. എല്ലാവരും ഒരുമിച്ചു നിൽക്കുമ്പോഴും ഷൈലജ മാഡം നടത്തുന്ന ആത്മസമർപ്പണത്തെയും പ്രസംഗങ്ങളെയും ചൂഷണം ചെയ്ത് നിലവാരമില്ലാത്ത നാടകങ്ങളാണ് നിങ്ങൾ നടത്തുന്നത്. കഷ്ടം തോന്നുന്നു. ഷൈലജ മാഡം പറഞ്ഞതു പോലെ ‘ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ബി.ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഇവർ സംസാരിക്കുമ്പോൾ കേരളം മുഴുവനും ശ്രദ്ധിക്കുകയാണ്. അലങ്കാരങ്ങളോ ഏങ്കോണിപ്പുകളോ ഇല്ലാത്ത, കാച്ചിക്കുറുക്കിയെടുത്ത വാചകങ്ങൾ. പറയുന്നത് വസ്തുതകൾ. നിറയുന്നത് കരുതലും ജാഗ്രതയും. ഇടയിലെ അകലം നഷ്ടപ്പെട്ട്, ഒന്നായി തീരുന്ന വാക്കും പ്രവർത്തിയും. അവരിലൂടെ സംസാരിക്കുന്നത് അതിജീവനം ശീലമാക്കിമാറ്റിയെടുത്ത ഒരുജനതയാണ്.

അവർക്കഭിമുഖമായി നിന്ന് മീഡിയാമാനിയാ എന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കണം. കേരളം മാത്രമല്ല, രാജ്യം മുഴുവനും അവരെ ശ്രദ്ധിക്കുന്നത് കാണാം. റ്റീച്ചറെ കാണുകയും കേൾക്കുകയും ചെയ്യുന്നവർ, നിങ്ങളേയും കാണുന്നുണ്ട്, കേൾക്കുന്നുണ്ട്. അവർ പറയാതെ പറയുന്നുണ്ട്, ” He mistimes even attention seeking.”

Advertisement