രണ്ട് വരവിലുമായി നിരവധി സൂപ്പർ കഥാപാതരങ്ങളെ അവതരിപ്പിച്ച് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായി മാറിയ താരമാണ് നടി മഞ്ജു വാര്യർ. ആദ്യ വരവിൽ മഞ്ജുവാര്യർ അസാമാന്യ അഭിനയ പ്രകടനം കാഴ്ച വെച്ച ചിത്രമായിരുന്നു ടികെ രാജീവ് കുമാർ ഒരുക്കിയ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമ.
മലയാളത്തിന്റെ അഭിനയ കുലപതി തിലകനും ബിജു മേനോനും മഞ്ജു വാര്യരും തമിഴ് താരം അബ്ബാസും സിദ്ധിഖുമായിരുന്നു ഈ സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഭദ്രയായാണ് മഞ്ജു വാര്യർ എത്തിയത്. നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയ മഞ്ജു വാര്യരുടെ കരിയർ ബെസ്റ്റ് ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു അത്.
Also Read
ധ്രുവത്തിന്റെ കഥ ആദ്യം പറഞ്ഞത് മോഹൻലാലിനോട്, എന്നാൽ പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തൽ
ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനായ ടികെ രാജീവ് കുമാർ ചിത്രത്തിലെ മഞ്ജു വാര്യർ എത്തിയതിനെ കുറിച്ചും താരത്തിന്റെ പ്രകടനത്തെക്കുറിച്ചും ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ്. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.

മഞ്ജു അവതരിപ്പിച്ച ഭദ്രയുടെ പ്രതികാര കഥയായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ അഭിനയം മാത്രമല്ല നടി ഒരു ഗാനവും ആലപിച്ചിരുന്നു. ചെമ്പഴുക്കാ എന്ന ഗാനം ഇന്നും മലയാളികൾ മൂളുന്നതാണ്. മഞ്ജുവിനൊപ്പം മെയ്ൽ വേർഷൻ പാടിയത് താരരാജാവ് മോഹൻലാൽ ആയിരുന്നു.
സിനിമയുടെ കഥ പറഞ്ഞതിനെക്കുറിച്ചും മഞ്ജു വാര്യരുടെ സംശയത്തെക്കുറിച്ചും, മഞ്ജുവിന്റെ അഭിനയം കണ്ട് ചിത്രീകരണത്തിനിടയിൽ കട്ട് പറയാൻ മറന്നു പോയ നിമിഷത്തെക്കുറിച്ചും ടികെ രാജീവ് കുമാർ അഭിമുഖത്തിലൂടെ വ്യക്തമാക്കി. കഥ പറയാൻ ചെന്നപ്പോൾ അച്ഛന്റേയും അമ്മയുടേയും മുന്നിൽ വെച്ചാണ് മഞ്ജു കഥ കേട്ടത്.
കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ മഞ്ജുവിന്റെ അച്ഛന്റേയും അമ്മയുടേയും മുഖം മാറിയിരുന്നു പെട്ടന്ന്. മഞ്ജു പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് തങ്ങളെ അവിടെ നിന്നും മാറ്റി. കഥ വളരെ ആവേശത്തോട് കൂടി കേട്ട താരം ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ചേട്ടാ ഈ സിനിമയിൽ നഗ്നത ഉണ്ടോ എന്നായിരുന്നു അത്. ഇല്ല എന്ന് മറുപടിയും നൽകി.

സന്തോഷത്തോടും ആവേശത്തോടും കൂടി മഞ്ജുവാര്യർ സമ്മതം മൂളി. അങ്ങനെയാണ് ഭദ്രയായി താരം ചിത്രത്തിലെത്തുന്നത്. ഇത്തരത്തിലൊരു കഥ കേട്ട് കഴിഞ്ഞപ്പോൾ വളരെ സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉൾക്കാഴ്ച നടിയ്ക്കുണ്ടെന്ന് മനസിലായി, അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സംവിധായകൻ അഭിമുഖത്തിലൂടെ പറഞ്ഞു.
ഒരു സംവിധായകൻ ഉദ്ദേശിച്ചത് എന്താണോ അത് 100 ശതമാനം നീതി പുലർത്തി മഞ്ജു തിരികെ തന്നു എന്നും താൻ ഉദ്ദേശിച്ചതിനേക്കാൾ എത്രയോ മടങ്ങായാണ് മഞ്ജു കഥാപാത്രത്തെ തിരിച്ചു തന്നതെന്നും അദ്ദേഹം പറയുന്നു. സീൻ വിവരിക്കുമ്പോൾ വിശദമായി പറഞ്ഞുകൊടുക്കണം എന്ന് മാത്രമെ മഞ്ജു ആദ്യം ആവശ്യപ്പെട്ടുള്ളു.
അത് എന്തിനാണെന്ന് വെച്ചാൽ സംവിധായകൻ ഉദ്ദേശിച്ചതെന്താണെന്ന് അറിയണമെന്നും മഞ്ജു വാര്യർ അറിയിച്ചിരുന്നു. ചിത്രത്തിലെ താരത്തിന്റ മികവുള്ള പ്രകടനം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.
മഞ്ജു വാര്യരുടെ അഭിനയത്തിന് മുന്നിൽ അന്ന് സെറ്റിലുണ്ടായിരുന്നവർ പോലും അദ്ഭുതപ്പെട്ടു. പലപ്പോഴും കട്ട് പറയാൻ വരെ മറന്നു പോയെന്നുമായിരുന്നു സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു.
എല്ലായ്പ്പോഴും കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി അങ്ങേയറ്റത്തെ ശ്രമങ്ങൾ മഞ്ജു നടത്താറുണ്ട്. റീടേക്ക് എടുക്കുന്നതിലോ, ഉദ്ദേശിച്ചത് ലഭിച്ചില്ലെന്ന് പറഞ്ഞാലോ നിരാശയാവുമായിരുന്നില്ല, അത് പൂർണമായി അംഗീകരിച്ച് മികവുറ്റതാക്കുമായിരുന്നു എന്നും സംവിധായകൻ പറയുന്നു.









