ഒട്ടും താല്പര്യമില്ല, വൈൽഡ് കാർഡ് എൻട്രി ലഭിച്ചാലും ബിഗ്‌ബോസിലേക്ക് പോവില്ല: തുറന്നു പറഞ്ഞ് നിഖില വിമൽ

126

മലയാള സിനിമയിൽ വളരെ കുറച്ചുകാലം കൊണ്ട് തന്നെ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടി നിഖില വിമൽ. ബാലതാരമായി സിനിമയിലെത്തിയ നിഖില പിന്നീട് നായികയായി മാറുകയായിരുന്നു.മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ദി പ്രീസ്റ്റിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നിഖിലയാണ്. കഴിഞ്ഞ ആഴ്ചയാണ് തിയ്യറ്റർ റിലീസായി ദി പ്രീസ്റ്റ് എത്തിയത്.

മികച്ച അഭിപ്രായമാണ് പ്രീസ്റ്റിലെ നിഖിലയുടെ കഥാപാത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ മിനി സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ്ബോസിൽ തനിക്കും ക്ഷണം കിട്ടിയിരുന്നുവെന്ന് തുറന്നുപറയുകയാണ് നിഖില. തമിഴ് ബിഗ്ബോസിലേക്കാണ് ക്ഷണം ലഭിച്ചത്. എന്നാൽ അത് നിരസിക്കുകയായിരുന്നുവെന്നാണ് നിഖില പറഞ്ഞത്.

Advertisements

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ പ്രതികരണം. ബിഗ്ബോസിൽ വൈൽഡ് കാർഡ് എൻട്രി ലഭിച്ചാൽ പോകുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇല്ല ബിഗ്ബോസിലേക്ക് പലപ്രാവശ്യം എൻട്രി കിട്ടിയിട്ടുണ്ട് പോയിട്ടില്ല. തമിഴ് ബിഗ്ബോസിലേക്ക് വിളിച്ചിട്ടുണ്ട്. എനിക്ക് താല്പര്യമില്ലായിരുന്നുവെന്നും നിഖില പറഞ്ഞു.

അതേ സമയം മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂക്കയ്‌ക്കൊപ്പം ഒരു സിനിമയെന്നത് തന്നെ സംബന്ധിച്ച് സ്വപ്ന സാക്ഷാത്ക്കാരമാണെന്ന് താരം പറഞ്ഞു. മമ്മൂട്ടിയുടെ വലിയൊരു ആരാധിക കൂടിയാണ് താനെന്ന് നിഖില പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ഒരു ചിത്രത്തിൽ ഇത്രയും വലിയൊരു കഥാപാത്രം ലഭിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും നിഖില പറഞ്ഞിരുന്നു. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന് ശേഷം താൻ ചെയ്തതെല്ലാം ചെറിയ ചെറിയ കഥാപാത്രങ്ങളായിരുന്നെന്നും ഒരു അവസരത്തിൽ ഇനി അത്തരം കഥാപാത്രങ്ങൾ ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കേണ്ടി വന്നെന്നും നിഖില അഭിമുഖത്തിൽ പറയുന്നുണ്ട്.

അതേസമയം പ്രീസ്റ്റിലെ കഥാപാത്രത്തിന് സിനിമയിൽ വളരെ പ്രാധാന്യമുണ്ട്. ഒരു സൂപ്പർസ്റ്റാർ സിനിമയിൽ അത്രയും പ്രധാന്യമുള്ള ഒരു പ്രധാനപ്പെട്ട കഥാപാത്രം കിട്ടിയപ്പോൾ അതിന് കുറച്ചുകൂടി റീച്ച് കിട്ടി.മഞ്ജു ചേച്ചിയും മമ്മൂട്ടി സാറുമെല്ലാം വന്നതോടെ സിനിമ വലുതായി. വലിയ ക്യാരക്ടർ വലിയ സിനിമയിൽ ചെയ്യാൻ പറ്റി എന്നതാണ് പ്രീസ്റ്റിന്റെ പ്രത്യേകത, നിഖില പറയുന്നു.

Advertisement