മലയാള സിനിമയിലെ കുടുംബ ചിത്രങ്ങളുടെ അമരക്കാരനായ സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. ഗ്രാമീണ ഭംഗിനിറഞ്ഞ കഥാന്തരീക്ഷവും നൻമ നിറഞ്ഞ കഥകളും ലളിതമായ എന്നാൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മവും ഒക്കെ സത്യൻ അന്തിക്കാട് സിനിമകളിലെ പ്രത്യേകതകൾ ആണ്.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ അദ്ദേഹത്തിന്റെ തുടക്കകാലത്ത് കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കുന്നതിൽ സത്യൻ അന്തിക്കാട് ചിത്രങ്ങൾ വഹിച്ച പങ്ക് വളരെ വലുത് ആയിരുന്നു. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അപ്പുണ്ണി, വരവേൽപ്പ്, ടിപി ബാലഗോപാലൻ എംഎ, സൻമനസ്സ് ഉള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, തുടങ്ങി നിരവധി ചിത്രങ്ങൾ അക്കാലത്ത് പ്രേക്ഷകർ ഏറ്റെടുത്ത സത്യൻ അന്തിക്കാട് മോഹൻലാൽ ചിത്രങ്ങൾ.
അതേ സമയം സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്. മോഹൻലാലിന് ഒപ്പം കാർത്തിക, സീമ, ശ്രീനിവാസൻ, തിലകൻ, ഇന്നസെന്റ്, കെപിഎസി. ലളിത, സുകുമാരി, അശോകൻ തുടങ്ങിയവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മെഗാസ്റ്റാർ മമ്മൂട്ടി ഈ ചിത്രത്തിൽ അതിഥി കഥാപാത്രമായും എത്തിയിരുന്നു.
കാസിനോ എന്ന കമ്പനി ആയിരുന്നു ചിത്രം നിർമ്മിച്ചത്. അതേ സമയം അടുത്തിടെ ഈ ചിത്രത്തെ കുറിച്ച് ആരും അറിയാത്ത ഒരു രഹസ്യം സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയിരുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സത്യൻ അന്തിക്കാടിന്റെ വെളിപ്പെടുത്തൽ.
മമ്മൂട്ടിയും മോഹൻലാലും ഐവി ശശിയും സീമയും സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോനും ചേർന്ന നിർമ്മാണ കമ്പിനി ആയിരുന്നു കാസിനോ. അടുത്ത പ്രൊജക്ട് അവർ എന്നെയും ശ്രീനിയെയും ഏൽപ്പിക്കുന്നു. ഞങ്ങൾ കഥയ്ക്കു വേണ്ടിയുള്ള അന്വേഷണത്തിലായി. ടീ നഗറിലെ ഫ്ലാറ്റിലേക്കുള്ള ഓട്ടോ യാത്രയിൽ ഒരു കോളനിയിലൂടെ ഞങ്ങൾ പോയപ്പോഴാണ് കോളനി പശ്ചത്തലമായ സിനിമയെന്ന ആശയം വന്നത് കഥയ്ക്ക് മുൻപേ പേരായി ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്.
പക്ഷേ ആ ഐവി ശശിക്ക് മാത്രം ഇഷ്ടപ്പെട്ടില്ല. ശശിയേട്ടൻ പറഞ്ഞു പേരു മാറ്റണം. വല്ല ഗിരിനഗർ എന്നെങ്ങാനും ഇട്ടോ. ഷൂട്ട് മുന്നോട്ടു പോയി. മറ്റൊരു പ്രൊഡ്യൂസർ കൊച്ചുമോൻ പറഞ്ഞു താൻ സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും പിറ്റേന്ന് കാലുമാറി. ഒടുവിൽ ശശിയേട്ടനോട് സംസാരിക്കാമെന്ന് സീമ പറഞ്ഞു.
എന്നാൽ പിറ്റേന്ന് സീമയും പിന്മാറി. ഒരു ദിവസം ലൊക്കേഷനിലേക്ക് ശശിയേട്ടനെത്തി. ലാൽ ഗുർഖ വേഷത്തിൽ ഇരിക്കുന്നുണ്ട്. വന്നു കയറിയപ്പോഴെ ശശിയേട്ടൻ പറഞ്ഞു സത്യാ വേറെ എന്തെങ്കിലും പേര് ആലോചിക്കണം. ലാൽ എഴുന്നേറ്റ് ഒരു മിനിറ്റെന്ന് പറഞ്ഞ് ശശിയേട്ടനെ വിളിച്ചു കൊണ്ടു പുറത്തേക്ക് നടന്നു.
ഒരുമിനിറ്റ് കൊണ്ടു തിരിച്ചു വന്ന് ശശിയേട്ടൻ പറയുകയാണ് സത്യന്റെ സിനിമ സത്യന് ഇഷ്ടമുള്ള പേരിട് എന്ന്. ഞാൻ അന്തം വിട്ടു പോയി. സ്വന്തം ഭാര്യ പറഞ്ഞിട്ടു നടക്കാത്ത കാര്യമാണ്. ഇതെന്തു മാജിക് ആണ്. എന്തു സൂത്രമാണ് പ്രയോഗിച്ചതെന്ന് ലാലിനോടു ചോദിച്ചു.
അതിപ്പോൾ സത്യേട്ടൻ അറിയേണ്ട എന്നായിരുന്നു എന്നോടു ലാൽ ഒരു ചിരി ചിരിച്ച് മറുപടി പറഞ്ഞത്. ഈ നിമിഷം വരെ ആ രഹസ്യം ലാൽ എന്നോടേ പറഞ്ഞിട്ടുമില്ലെന്ന് സത്യൻ അന്തിക്കാട് പറയുന്നു.