ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിൽ ഗുഹാമനുഷ്യനായി ചെമ്പൻ വിനോദ്; ലൊക്കേഷൻ ചിത്രം വൈറലാകുന്നു

25

പ്രഖ്യാപന വേള മുതൽ മികച്ച സ്വീകാര്യതയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ് ജല്ലിക്കെട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങിയതു മുതൽ പ്രേക്ഷക പ്രതീക്ഷകൾ വർദ്ധിച്ചിരുന്നു.

ഇത്തവണയും വ്യത്യസ്തമാർന്ന പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് ലിജോ എത്തുന്നതെന്നാണ് അറിയുന്നത്. വമ്പൻ റിലീസിന് ഒരുങ്ങുന്ന ജല്ലിക്കെട്ടിന്റെ പുതിയ ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ ചെമ്പൻ വിനോദ് ഗുഹാമനുഷ്യനായി നിൽക്കുന്ന ലൊക്കേഷൻ സ്റ്റിൽ പുറത്തുവന്നിരിക്കുകയാണ്.

Advertisements

ചിത്രം പുറത്തുവന്ന് അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ ചെമ്പൻ വിനോദിന്റെ ലുക്ക് വൈറലായി. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജല്ലിക്കെട്ട് ഒരുങ്ങുന്നത്.

അറവുശാലയിൽനിന്ന് കയർപൊട്ടിച്ചോടിയ ഒരു പോത്തിന്റേയും എരുമയുടേയും പരാക്രമങ്ങൾ പശ്ചാത്തലമാക്കി മനുഷ്യാവസ്ഥയുടെ വർത്തമാന ജീർണ്ണതയെ വിചാരണ ചെയ്യുന്ന ലക്ഷണമൊത്ത കഥയാണ് ‘മാവോയിസ്റ്റ്.’ എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഓ തോമസ് പണിക്കരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാദരൻ ആണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ളയാണ്. ജല്ലിക്കെട്ട് എന്ന പേര് പ്രഖ്യാപിച്ചതു മുതൽ തമിഴ്നാട്ടിലെ കാളപ്പോരായ ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണോ ചിത്രമെന്ന് എല്ലാവരിലും സംശയമുണ്ടായിരുന്നു.

എന്നാൽ സിനിമയുടെ പ്രമേയം ഇപ്പോൾ തനിക്ക് വെളിപ്പെടുത്താനാവില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി തന്നെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു പോത്തും കുറെ മനുഷ്യരുമാണ് ചിത്രത്തിൽ അഭിനയിക്കുക എന്നായിരുന്നു ലിജോ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നത്.

എസ് ഹരീഷും ആർ ജയകുമാറും ഒരുക്കിയ തിരക്കഥയിലാണ് ലിജോ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

Advertisement