റിമി ടോമി ഇപ്പോൾ കുരിശിങ്കൽ ഫാമിലിയിലെ ഒരാളും ബിലാലിന്റെ ഗ്യാങ്ങിലെ അംഗവുമാണ്; ബിലാലിനെ കുറിച്ച് മംമ്ത മോഹൻദാസ്

101

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച സ്‌റ്റൈലിഷ് സിനിമകളിൽ ഒന്നാണ് ബിഗ് ബി. അമൽ നീരദിന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ഈ സിനിമ സർവ്വകാല വിജയമയാരുന്നു നേടിയിരുന്നത്.

മമ്മൂട്ടി അവതരിപ്പിച്ച ബിലാൽ കുരിശിങ്കൽ എന്ന കഥാപാത്രം തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലെറ്റ്. മെഗാസ്റ്റാറിന്റെ ഇതുവരെ കാണാത്ത് സ്റ്റൈലും അപ്പിയറൻസും ആയിരുന്നു ബിഗ് ബിയിൽ. ആരാധകർ അത് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Advertisements

ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാൽ എന്ന ചിത്രം അമൽ നീരദും മമ്മൂട്ടിയും പ്രഖ്യാപിച്ചിട്ട് നാളേറെയായി. മമ്മൂട്ടിയ്ക്കൊപ്പം മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ്, പശുപതി, വിജയരാഘവൻ, ജാഫർ ഇടുക്കി, ലെന, ഇന്നസെന്റ്, വിനായകൻ എന്നിവർ അഭിനയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

അതേ സമയം ഇക്കഴിഞ്ഞ മാർച്ചിൽ ചിത്രീകരണം തുടങ്ങേണ്ട ചിത്രം ലോക്ക് ഡൗണിനെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. എന്നാൽ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടെന്ന് അറിഞ്ഞത് മുതൽ ആരാധകർ പ്രതീക്ഷയിലാണ്. അമൽ നീരദെന്ന സംവിധായകന്റേയും മമ്മൂട്ടിയെന്ന നായകന്റേയും ഒരൊന്നൊന്നര രണ്ടാംവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും മനസ് തുറക്കുകയാണ് മംമ്ത മോഹൻദാസ്. ബിഗ് ബിയിൽ റിമി ടോമി എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിച്ചത്. അടുത്തിടെ ഒരു പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മംമ്ത ഇതേ കുറിച്ചു പറഞ്ഞത്. താരത്തിന്റെ വാക്കുക്കൾ ഇങ്ങനെ:

മമ്മൂക്ക എപ്പോൾ ഫ്രീ ആകുന്നോ അപ്പോൾ ബിലാൽ ആരംഭിക്കും. അതേ ടൈം പീരിഡിൽ തന്നെയാണ് സിനിമ നടക്കുന്നത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള കുരിശിങ്കൽ ഫാമിലിയുടെ കഥയാണിത്. അന്ന് മുരുഗന്റെ കാമുകിയായിട്ടാണ് ബിലാൽ റിമി ടോമിയെ കണ്ടതെങ്കിൽ ഇപ്പോൾ കുരിശിങ്കൽ ഫാമിലിയിലെ ഒരാളായാണ് റിമിയെ കാണുന്നത്’

ബിഗ് ബിയുടെ ഭാഗമായിട്ടുള്ള എല്ലാവരും വെയ്റ്റ് ചെയ്യുന്ന സിനിമയാണ് ബിലാൽ. ബിഗ് ബിയിലെ എല്ലാ കഥാപാത്രങ്ങൾക്കും ബിലാലിൽ 13 വയസ് കൂടും. അങ്ങനെയാണ് അതിൻറെ ടൈം സ്പാൻ കണക്കാക്കിയിരിക്കുന്നത്. ഞാൻ അവതരിപ്പിക്കുന്ന റിമി ടോമി ബിലാലിൻറെ ഫാമിലിയിലെ ഒരു അംഗമാണ് ഇപ്പോൾ.

മുൻപ് ബിലാലിന് കുറച്ചൊരു അകൽച്ചയുള്ള കഥാപാത്രമായിരുന്നു അത്. പക്ഷേ ഇപ്പോൾ അവൾ ആ കുടുംബത്തിലെ ഒരു അംഗമാണ്. ബാല ചെയ്യുന്ന മുരുകൻ എന്ന കഥാപാത്രത്തെക്കാൾ സ്‌നേഹം റിമിക്ക് ആ കുടുംബത്തിൽ ഇപ്പോൾ കിട്ടുന്നുണ്ട് ബിഗ് ബിയിൽ ഒരു സീനിലോ മറ്റോ ബിലാലിനെ വിളിക്കാൻ വാഹനവുമായി പോകുന്ന റിമി ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അവൾ ആ ഗ്യാങ്ങിന്റെ ഭാഗം തന്നെയാണെന്നും മംമ്ത പറയുന്നു.

അതേ സമയം ബിലാലിന്റെ സംഗീത സംവിധാനം ആരംഭിച്ച കാര്യം ഗോപി സുന്ദർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തൻ, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിർവഹിച്ച ഷറഫുവും സുഹാസും ചേർന്നാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയൊരുക്കുന്നത്. കാതറീൻ ട്രീസ ചിത്രത്തിൽ നായികയാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Advertisement