കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവർഷമായി, യുഡിഎഫ് അധികാരത്തിൽ വന്നാൽ ഐശ്വര്യം തിരിച്ചു വരും: ധർമ്മജൻ ബോൾഗാട്ടി

90

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. നടനും സംവിധായകനും മിമിക്രി ആർട്ടിസ്റ്റുമായ രമേഷ് പിഷാരടിയുമായി ചേർന്നുള്ള ധർമജന്റെ ഹാസ്യ പരിപാികൾ ഒക്കെ ആരാധകർ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ കേരളത്തിൽ ഉടൻ നടക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ധർമ്മജൻ ഉണ്ടാകുമെന്ന വാർത്തകൾ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. മത്സരിക്കാനുള്ള സന്നദ്ധത ധർമ്മജൻ തുറന്ന് പറയുകയും ചെയ്തു.

Advertisements

കഴിഞ്ഞ ദിവസം പിഎസ്‌സി നിയമനം ആവശ്യപ്പെട്ട സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണ അറിയിച്ച് സമരപ്പന്തലിൽ ധർമ്മജൻ ബോൾഗാട്ടി എത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ധർമ്മജൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. ഉദ്യോഗാർത്ഥികളുടെ വേദന കാണാനുള്ള മന:സാക്ഷി ഇവിടുത്തെ ഭരണാധികാരികൾക്ക് ഇല്ലെന്നായിരുന്നു ധർമ്മജൻ പറഞ്ഞത്.

യുഡിഎഫ് അധികാരത്തിൽ വന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. കേരളം എപ്പോഴും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്നാണ്. ഇനി നമ്മൾ റൈറ്റിലേക്ക് കടക്കേണ്ട സമയമാണ്. റൈറ്റ് ആയാലെ ഈ രാജ്യം നന്നാകുള്ളു. കേരളത്തിന് ഐശ്വര്യമുണ്ടാകുള്ളു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരമുണ്ടാകും.

ശരിക്കും കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവർഷമായി. നിപയും രണ്ട് പ്രളയവും കൊവിഡും ഒക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു. അന്ധവിശ്വാസം കൊണ്ട് പറയുകയല്ല. പക്ഷേ എവിടെയൊക്കെയോ എന്തൊക്കെയോ സത്യമില്ലേ എന്നാണ് ഞാൻ ആലോചിക്കുന്നതെന്നും ധർമ്മജൻ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ധർമ്മജൻ ബോൾഗാട്ടി. ബാലുശ്ശേരിയിൽ ധർമ്മജനെ യുഡിഎഫ് മത്സരിപ്പിച്ചേക്കാനാണ് സാധ്യത അധികവും. നേരത്തെ താരം സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.

ഈ സർക്കാർ ഭൂലോക തോൽവിയാണെന്നും ജനങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്തിരിക്കുകയാണെന്നും ആണ് ധർമ്മജൻ പറഞ്ഞിരുന്നു. എല്ലാവരും പുതിയൊരു മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ട്.

ഏത് സീറ്റിൽ മത്സരിക്കാനും താൻ തയ്യാറാണ്. മത്സരിക്കണമെങ്കിൽ അതേ സ്ഥലത്ത് ജീവിക്കണമെന്നില്ല. പത്ത് ദിവസം കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കും. അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നമ്മൾ കേൾക്കുകയാണ് വേണ്ടതെന്നും ധർമ്മജൻ പറഞ്ഞിരുന്നു.

Advertisement