പുറമേ കാണുന്ന തിളക്കം മാത്രമല്ല നല്ല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും, എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവം മാറ്റി: തുറന്നു പറഞ്ഞ് നമിതാ പ്രമോദ്

50

നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നമിത പ്രമോദ്. ടെലിവിഷൻ പരമ്പരകളിലൂടെ ആയിരുന്നു നമിതയുടെ സിനിമയിലേക്കുള്ള തുടക്കം. വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ മിനിസ്‌ക്രീൻ സീരിയലുകളിൽ നമിത അഭിനയിച്ചു.

സത്യൻ അന്തിക്കാട് നിവിൻ പോളിയെ നായകനാക്കി ഒരുക്കി പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് ചേക്കേറിയ നമിതയെ തേടി പിന്നീട് നിരവധി സൂപ്പർ കഥാപാത്രങ്ങളാണ് എത്തിയത്. സൂപ്പർതാരങ്ങളുടെ അക്കം നായികയായി നിരവധി ചിത്രങ്ങളിൽ തിളങ്ങിയ നമിത തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയിൽ എത്തിയതിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് പറയുകയാണ് നമിത പ്രമോദ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നമിതയുടെ പ്രതികരണം. നമിതയുടെ വാക്കുകൾ ഇങ്ങനെ:

ജീവിതത്തിൽ പരാജയങ്ങളുണ്ടാവും പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാൻ പഠിച്ചു എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചം. എപ്പോഴും പോസിറ്റീവായിരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.

അതായിരിക്കാം എപ്പോഴും എന്റെ മുഖത്ത് ഒരു ചിരിയുള്ളത്. എന്നെ അമ്മയും അച്ഛനും പഠിപ്പിച്ചത് അങ്ങനെയാണ്. ഒരിക്കലും ദേഷ്യപ്പെട്ട മുഖവുമായി ഞാൻ ആരോടും ഇടപഴകാറില്ല. ഇതുകാരണം എന്നോട് സംസാരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ലഭിക്കുമെന്ന് പലരും പറയാറുണ്ട്. എങ്കിലും ഞാൻ പൊതുവേ റിസർവ്ഡാണ്. അടുത്തു കഴിഞ്ഞാൽ ഭയങ്കര കമ്പനിയാകും.

ചില നേരത്ത് തനിച്ചിരിക്കാനാണ് എനിക്കിഷ്ടം. സ്വതന്ത്രമായി ഇഷ്ടമുള്ളിടത്തൊക്കെ കറങ്ങാൻ പറ്റുന്നില്ലല്ലോ എന്നൊരു വിഷമം ഇടയ്ക്ക് തോന്നാറുണ്ട്. എന്നാൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന താരമാകുകയെന്നത് വലിയൊരു ഭാഗ്യമല്ലേ. ഒരുപാട് പേർ കൊതിച്ച് വളരെ ചുരുക്കം പേർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അതെനിക്ക് കിട്ടുന്നുണ്ടല്ലോ.

പിന്നെ ഇത്തരം ചെറിയ കാര്യങ്ങളോർത്ത് വിഷമിക്കേണ്ടതില്ലെന്ന് സ്വയം ആശ്വസിക്കും. പിന്നെ പാട്ട് കേൾക്കും, ആസ്വദിക്കും. നമ്മളെ എനർജെറ്റിക്ക് ആയിട്ട് നിറുത്താൻ സംഗീതത്തിന് കഴിയും. സംഗീതം പോലെ നൃത്തവും എനിക്കേറെ ഇഷ്ടമാണ്. ശാസ്ത്രീയ നൃത്തം ചെറുപ്പത്തിൽ പഠിച്ചിട്ടുണ്ട്. ആ പിൻബലത്തിലാണ് സിനിമകളിലെ ഡാൻസർ വേഷം ചെയ്തത്.

നൃത്തം പഠിക്കാൻ വളരെ ഇഷ്ടമാണ്. വീണ്ടും തുടങ്ങണമെന്നുണ്ട്. പക്ഷേ അത് ആഗ്രഹമായി തന്നെ നിൽക്കുകയാണ്. സമയം വലിയൊരു പ്രശ്നമാണ്. എനിക്ക് ആരോടും മത്സരമില്ല. അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടുമില്ല. നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാൻ. ആർക്കെങ്കിലും എന്നോട് മത്സരമുണ്ടോന്ന് അറിയില്ല.

പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോൾ സ്ഥിരം നായികമാരായി ആരും നിൽക്കുന്നില്ലല്ലോ. കുറച്ചു നാൾ അവസരം കിട്ടും. അതുകഴിയുമ്പോഴേക്കും പുതിയ ആളുകൾ വരും. എപ്പോഴും അങ്ങനെയാണ്. ഇവിടെയെല്ലാം സീസണൽ ആക്ടേഴ്സാണ് ഹീറോസും ഹീറോയിനും ഒക്കെ അങ്ങനെയാണെന്നും നമിത വ്യക്തമാക്കുന്നു.