മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ജയറാം പാർവ്വതി ജോഡി. താരദമ്പതികളുടെ മക്കളും ആരാധകരുടെ പ്രിയങ്കരർ ആണ്. കാളിദാസ് ജയറാമിനെ പോലെ തന്നെ ആരാധകർക്ക് പ്രിയമാണ് മകൾ മാളവിക ജയറാമും. കാളിദാസ് ബാല്യകാലം മുതൽ സിനിമയിൽ എത്തിയ താരപുത്രനാണ്. ഇപ്പോൾ തമിഴിലും തെലുങ്കിലും വരെ താരപുത്രന്റെ സാന്നിധ്യമെത്തി നിൽക്കുകയാണ്.

ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് മകൾ മാളവിക ജയറാമിന്റെ സിനിമാ പ്രവേശനത്തിനായാണ്. പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട മാളവിക ജയറാം അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ച് സിനിമയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് നടത്തിയിരുന്നു. മായം സെയ്തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്.
അശോക് ശെൽവന്റെ നായികയായിട്ടാണ് വീഡിയോയിൽ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് മായം സെയ്തായ് പൂവെ പാട്ടിന്റെ സംഗീത സംവിധായകൻ. മായം സെയ്തായ് പൂവെ എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. ഗാനം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ആൽബം ഗാനത്തിന് ലഭിച്ചതും.

ഇപ്പോൾ, തന്റെ അച്ഛനെപ്പോലെ തനിക്കും ആന പ്രാന്ത് ഉണ്ടെന്ന് വെളിപ്പെടുത്തുകയാണ് മാളവിക. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മാളവിക തന്റെ ഇഷ്ടങ്ങളെ കുറിച്ച് മനസ് തുറന്നത്. ചെറിയകുട്ടികളെപോലെ ആനയെ കാണിക്കാൻ കൊണ്ട് പോകണമെന്ന് പറഞ്ഞ് വാശി പിടിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.

അച്ഛനും അമ്മയെയും ഒക്കെ പോലെ തന്നെ എനിക്കും ആനയെ ഭയങ്കര ഇഷ്ടമാണ്. ആന പ്രാന്ത് എന്നൊക്കെ ആ ഇഷ്ടത്തെ വേണമെങ്കിൽ വിളിക്കാം. ചെറിയ കുട്ടികളെപോലെ തന്നെ ആനയെ കാണിക്കാൻ കൊണ്ട് പോണം എന്ന് പറഞ്ഞ് വാശിയും പിടിച്ചിട്ടുണ്ട്. വീട്ടിലെ ഞങ്ങളുടെ ആനയെ തന്നെയാണ് ആദ്യമായി താൻ ആനയെ കണ്ടതെന്നും മാളവിക പറഞ്ഞു.
ആനയെ കാണുമ്പോൾ പേടിച്ച് നിക്കാറില്ലെന്നും പോയി തൊട്ടോ എന്ന് പറഞ്ഞ് അച്ഛൻ ധൈര്യവും തന്നിട്ടുണ്ടെന്ന് മാളവിക കൂട്ടിച്ചേർത്തു. ഇത്രയും നേരം ഞാൻ വലിയൊരു മൃഗത്തിന്റെ അടുത്താണ് നിന്നതെന്ന് തൊട്ട് കഴിഞ്ഞ ശേഷമായിരിക്കും ചിന്തിക്കുക തന്നെയെന്നും മാളവിക കൂട്ടിച്ചേർത്തു. എല്ലാത്തിനോടും താത്പര്യമാണെന്നും ആനയോട് മാത്രമായുള്ള ഇഷ്ടമല്ല അതെന്നും താരപുത്രി പറയുന്നു.









