മണിരത്‌നം ചിത്രത്തിൽ അഭിനയിക്കുന്നില്ല, ഇനി സിനിമയിലേക്ക് ഒരു മടങ്ങി വരവ് ഉണ്ടാവില്ല, കുടുംബമാണ് വലുത്: തുറന്ന് പറഞ്ഞ് ശാലിനി

1194

ഇരുപത്തൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നായിക ശാലിനി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെയായിരുന്നു പുറത്തുവന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊന്നിയിൻ ശെൽവത്തിലൂടെ ശാലിനി വീണ്ടും ക്യാമറയ്ക്ക് മുമ്പിലെത്തുമെന്നായിരുന്നു ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാൽ സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശാലിനി. സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവ് ഇനി സാധ്യമല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ശാലിനി കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Advertisements

സിനിമാഭിനയം അവസാനിപ്പിച്ചതിൽ തനിക്ക് ഒരു തരത്തിലുമുള്ള നഷ്ടബോധവുമില്ലെന്നും ശാലിനി വെളിപ്പെടുത്തി. അജിത്തുമായുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയേക്കാൾ കൂടുതൽ പരിഗണന ജീവിതത്തിന് നൽകണമെന്ന് താൻ തീരുമാനിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് അഭിനയം നിർത്താമെന്ന് തീരുമാനിച്ചതെന്നും ശാലിനി വ്യക്തമാക്കി.

സിനിമ ഉപേക്ഷിച്ചതിൽ എനിക്ക് നഷ്ടബോധമില്ല. കാരണം ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി, ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയിൽ നിന്ന് കിട്ടിയതിനേക്കാൾ സന്തോഷവും സംതൃപ്തിയും നൽകിയിട്ടുണ്ട്, ശാലിനി പറഞ്ഞു. പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും. എന്റെ ഇഷ്ടങ്ങൾക്കോ ആഗ്രഹങ്ങൾക്കോ അജിത്ത് ഒരിക്കലും എതിരുപറയാറില്ല.

അതുപോലെ തന്നെയാണ് ഞാനും അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾക്ക് എതിരായി ഞാനും ഒന്നും പറയാനോ പ്രവർത്തിക്കാനോ ഇല്ല. വീണ്ടും സിനിമയിൽ സജീവമാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യം ഞങ്ങളുടെ വിവാഹശേഷം ഉയരുന്ന ചോദ്യങ്ങളിലൊന്നാണ്. എന്നാൽ അത് സാധ്യമാണെന്ന് തനിക്ക് തോന്നുന്നില്ല, ശാലിനി പറഞ്ഞു.

പല നടിമാരും വിവാഹശേഷവും മക്കൾ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അതെല്ലാം വിജയകരമായിട്ടുമുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. കാരണം വീണ്ടും സിനിമയിലേക്ക് വരികയാണെങ്കിൽ അത് സന്തോഷകരമായും സംതൃപ്തിയോടെയും പോകുന്ന കുടുംബ ജീവിതത്തെ ബാധിക്കാൻ ഇടയുണ്ട്, ശാലിനി പറയുന്നു.

വിവാഹശേഷം ചെന്നൈയിൽ സ്ഥിരതാമസമാണെങ്കിലും കേരളവുമായുള്ള ബന്ധം വിട്ടുപോയിട്ടില്ലെന്നും താരം പറയുന്നു. കേരളത്തോടുള്ള ബന്ധം വിട്ടുപോയോ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ ചേട്ടൻ, അച്ഛൻ, അമ്മ, അനിയത്തി എല്ലാവരും ചെന്നൈയിൽ തന്നെയാണ്. കേരളത്തിലുള്ള ബന്ധുക്കളുടെ വിശേഷങ്ങളിൽ പങ്കെടുക്കാൻ ഞങ്ങൾ വരാറുണ്ട്.

ചെന്നൈയിൽ സെറ്റിൽ ആയി എങ്കിലും ഒരു മലയാളി എന്ന നിലയ്ക്ക് കേരളത്തിന്റെ തനത് ആഘോഷങ്ങളായ ഓണം, വിഷു, റംസാൻ, ബക്രീദ്, ക്രിസ്തുമസ് തുടങ്ങി എല്ലാം ആഘോഷിക്കാറുണ്ട്. തമിഴ്നാടിന്റെ ആഘോഷങ്ങളായ ദീപാവലിയും പൊങ്കലും അതുപോലെ തന്നെ ആഘോഷിക്കും, ശാലിനി പറഞ്ഞു.

Advertisement