ലോകം മുഴുവൻ വൈറലായി ദളപതി വിജയിയുടെ കുട്ടി സ്റ്റോറി: വീഡിയോ പങ്കുവെച്ച് അനിരുദ്ധ് രവിചന്ദർ

14

ദളപതി വിജയ് നായകാനയി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ എന്ന ചിത്രം അതിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണിപ്പോൾ. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഈ ചിത്രത്തിലെ ആദ്യ ലിറിക് വീഡിയോ സോങ് റിലീസ് ചെയ്തത്.

ലെറ്റ് മി സിംഗ് എ കുട്ടി സ്റ്റോറി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ആലപിച്ചത് ദളപതി വിജയ് തന്നെയാണ്. റോക്സ്റ്റാർ അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ഈ ഗാനം റിലീസ് ചെയ്തു നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സൂപ്പർ ഹിറ്റായി മാറിയ ഈ ഗാനം ഇപ്പോൾ ഇന്ത്യയും കടന്നു വിദേശ രാജ്യങ്ങളിലും തരംഗമായി മാറുകയാണ്.

Advertisements

വിദേശത്തെ ഒരു സ്‌കൂളിൽ ക്ലാസ്‌റൂമിൽ കുട്ടികൾ ഈ ഗാനം പ്‌ളേ ചെയ്തു കാണുന്നതും അതിനൊത്തു താളം പിടിക്കുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ് തന്നെ ആ വീഡിയോ ഇൻസ്‌റാഗ്രാമിലൂടെ ഷെയർ ചെയ്തിട്ടുമുണ്ട്.

സംവിധായകൻ ലോകേഷ് കനകരാജ്, രത്‌ന കുമാർ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സേവ്യർ ബ്രിട്ടോ ആണ്. മാനഗരം, കൈദി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റർ.

ദളപതി വിജയ്ക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ഇവർക്കൊപ്പം ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജാണ്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് എന്ന ബാനറിലാണ് സേവ്യർ ബ്രിട്ടോ ഈ ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ ഒൻപതിന് ആണ് ഇതിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement