മലയാളത്തിന്റെ സൂപ്പർ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ നായകനാക്കി 1995ൽ ജയരാജ് സംവിധാനം ചെയ്ത ഹൈവേ എന്ന സിനിമയുടെ രണ്ടാം ഭാഗം വരന്ന വിവരം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. വമ്പൻ കമേഴ്‌സ്യൽ ഹിറ്റുകൾ മുൻപ് ഒരുക്കിയിട്ടുള്ള ജയരാജ് കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി കലാമൂല്യമുള്ള സിനിമകളുടെ വഴിയേ ആയിരുന്നു.
ഇപ്പോഴിതാ കൗതുകമുള്ള പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ആക്ഷൻ ക്രൈം ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രമായിരുന്നു ഹൈവേയെങ്കിൽ മിസ്റ്ററി ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രമായിരിക്കും സീക്വൽ. ഹൈവേ 2 എന്നാണ് രണ്ടാംഭാഗത്തിന് പേരിട്ടിരിക്കുന്നത്. ടൈറ്റിൽ പോസ്റ്ററിനൊപ്പം സുരേഷ് ഗോപിയാണ് ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയുടെ കരിയറിലെ 254ാം ചിത്രവുമാണിത്. ലീമ ജോസഫ് ആണ് നിർമ്മാണം. ചിത്രീകരണം ഉടൻ ആരംഭിക്കും. ആവേശകരമായ പ്രതികരണമാണ് ചലച്ചിത്ര പ്രേമികളിൽ നിന്നും ഈ പ്രഖ്യാപനത്തിന് ലഭിക്കുന്നത്. ജയരാജിന്റെ കഥയ്ക്ക് സാബ് ജോൺ തിരക്കഥയൊരുക്കിയാണ് ഹൈവേ പുറത്തെത്തുന്നത്. ഹേയ്‌ഡേ ഫിലിംസിന്റെ ബാനറിൽ പ്രേം പ്രകാശ് ആയിരുന്നു നിർമ്മാണം.
ശ്രീധർ പ്രസാദ് (മഹേഷ് അരവിന്ദ്) എന്ന റോ ഉദ്യോഗസ്ഥൻ ആയിരുന്നു സുരേഷ് ഗോപിയുടെ കഥാപാത്രം. ഭാനുപ്രിയയായിരുന്നു നായിക. ജനാർദ്ദനൻ, വിജയരാഘവൻ, ബിജു മേനോൻ, ജോസ് പ്രകാശ്, അഗസ്റ്റിൻ, കുഞ്ചൻ, സുകുമാരി, സ്ഫടികം ജോർജ്, വിനീത് തുടങ്ങിയവർ കഥാപാത്രങ്ങളായ ചിത്രത്തിൽ സിൽക്ക് സ്മിത ഒരു ഗാനരംഗത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.

ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രത്തിൻറെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് ആന്ധ്ര പ്രദേശിലും വൻ കളക്ഷൻ നേടിയിരുന്നു. അതേ സമയം സുരേഷ് ഗോപിയുടെ പിറന്നാൾ ദിനം പ്രഖ്യാപിച്ച ഹൈവേ 2 എന്ന പ്രൊജക്ട് പെട്ടെന്നുണ്ടായ തീരുമാനമായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് സംവിധായകൻ ജയരാജ്.
27 വർഷങ്ങൾക്ക് മുൻപേ ചെയ്ത ഹൈവേ എന്ന ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കണമെന്ന് ഏറെ നാളായുള്ള ആഗ്രഹം ആയിരുന്നു. ഇതിനായി സുരേഷ് ഗോപിയുടെ തിരക്കുകൾ ഒഴിയാൻ കാത്തിരിക്കുക ഈയിരുന്നു. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമാണ് ഇത് പ്രഖ്യാപിക്കാൻ അനുകൂലമെന്ന് തോന്നിയെന്ന് ജയരാജ് പറയുന്നു.

27 വർഷം മുൻപ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങിയ ഹൈവേ ഏറെ ആരാധകരുള്ള ചിത്രമാണ്. സുരേഷ് ഗോപിയുടെ രാഷ്ട്രീയ തിരക്കുകളാണ് ചിത്രം വൈകാൻ കാരണമെന്ന് ജയരാജ് പറഞ്ഞു. ഹൈവേയിൽ അഭിനയിച്ച താരങ്ങളിൽ സുരേഷ് ഗോപിയുടെ പേര് മാത്രമാണ് ഹൈവേ 2വിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഹൈവേയേക്കാൾ വലിയ ക്യാൻവാസിൽ ടെക്‌നിക്കലി അപ്‌ഡേറ്റഡായി ആയിരിക്കും രണ്ടാം ഭാഗം ഒരുങ്ങുക.
Also Read: ‘അമ്മയാവാൻ ഇനി ദിവസങ്ങൾ മാത്രം’; സന്തോഷത്തിൽ ആറാടി മൃദുല വിജയ്; ഒപ്പം ചേർന്ന് ആരാധകരും
അതേസമയം രണ്ടാം ഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ തന്നെ അമ്പരപ്പിച്ചെന്നും ജയരാജ് പറഞ്ഞു. കാലഘട്ടത്തേക്കാൽ മുന്നെ വന്ന സിനിമയായിരുന്നു ഹൈവേ. ഇന്നത്തെ യുവതലമുറ പോലും ചിത്രത്തെ ഇഷ്ടപ്പെടുന്നുവെന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസിലാകുന്നതെന്നും ജയരാജ് പറഞ്ഞു.

ഹൈവേ 2 വും വ്യത്യസ്തത പുലർത്തണമെന്നാണ് ആഗ്രഹം. ഇന്നത്തെ പുതിയ തലമുറ പോലും ഹൈവേ ഇഷ്ടപ്പെടുന്നു എന്നാണ് പ്രതികരണങ്ങളിൽനിന്നു മനസ്സിലാകുന്നത്. പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്തം കൂട്ടുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാത്ത വിധത്തിലുള്ള ഒരു മേക്കിങ് ആയിരിക്കും ഹൈവേ 2. വരുന്ന ആഴ്ചകളിൽ കാസ്റ്റിങ് പൂർത്തിയാക്കി ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങണമെന്നാണ് കരുതുന്നത് എന്നും ജയരാജ് വ്യക്തമാക്കി.









