പ്രതീക്ഷയോടെ നന്ദനം സെറ്റിലെത്തിയപ്പോൾ ഉണ്ടായ അനുഭവം അടികിട്ടിയപോലെ; കല്യാണരാമനിൽ ദിലീപിന്റെ വാക്ക് കേട്ട് പൊട്ടിക്കരഞ്ഞു; തുറന്നു പറഞ്ഞ് സുബ്ബലക്ഷ്മിയമ്മ

487

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ അമ്മമനടിയാണ് സുബ്ബലക്ഷ്മി. 2002 മുതൽ ഹിന്ദിയിലടക്കം 75 ലേറെ ചിത്രങ്ങളിൽ സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്. ഒട്ടനവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു.

84 വയസ്സുള്ള ഈ നടി അഭിനയരംഗത്ത് ഇപ്പോഴും സജീവസാന്നിധ്യമാണ്. നർത്തകിയും നടിയുമായ താരാകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. മകളും നർത്തകിയുമായ താരയാണ് ആദ്യം അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും വാർദ്ധ്യക്യത്തിൽ അഭിനയം ആരംഭിച്ച അമ്മ സുബ്ബലക്ഷ്മിയാണ് അധികം സിനിമകളിൽ അഭിനയിച്ചതും ശ്രദ്ധിക്കപ്പെട്ടതും.

Advertisements

ഇപ്പോൾ സിനിമയിലെ അനുഭവങ്ങൾ സുബ്ബലക്ഷ്മി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചതാണ് വൈറലായി മാറുന്നത്. നന്ദനം സിനിമയിലേക്ക് എത്തിയപ്പോൾ തന്നെ സങ്കടപ്പെടുത്തിയ അനുഭവത്തെ കുറിച്ചും കല്യാണരാമനിൽ ദിലീപ് കരയിച്ചതിനെകുറിച്ചും സുബ്ബലക്ഷ്മി മനസുതുറക്കുന്നുണ്ട്.

ഒരിക്കലും സിനിമയിലെത്താൻ വൈകിയെന്ന് തോന്നിയിട്ടില്ല. സിദ്ദിഖും രഞ്ജിത്തും കൂടിയാണ് എന്നെ നന്ദനത്തിലേക്ക് ക്ഷണിക്കുന്നത്. 2002 ൽ അന്നെനിക്ക് സിനിമയെ കുറിച്ച് ഒന്നുമറിയില്ല. കുട്ടിക്കാലത്ത് നായികമാരെ കാണുമ്പോൾ എനിക്ക് അവരെ പോലെ അഭിനയിക്കണം.

മേക്കപ്പ് ചെയ്യണം, മിനുക്കു പാവാടകളെല്ലാം ഇടണം എന്നൊക്കെ എല്ലാവർക്കും തോന്നുന്നത് പോലെ എനിക്കും തോന്നിയിട്ടുണ്ട്. നന്ദനം സിനിമയിലെത്തിയപ്പോഴും ഞാനത് പ്രതീക്ഷിച്ചു. കണ്ണൊക്കെ എഴുതി മേക്കപ്പിട്ട് നല്ല വസ്ത്രത്തിലാകും അഭിനയമെന്നാണ് കരുതിയത്.

പക്ഷേ സെറ്റിൽ എത്തിയിട്ടും ആരും എന്നെ വിളിക്കുന്നുമില്ല, ഒന്നും ചെയ്യുന്നുമില്ല. അപ്പോൾ സങ്കടപ്പെട്ട് ഞാൻ മേക്കപ്പ്മാനോട് ചോദിച്ചു എന്നെ മേക്കപ്പ് ഒന്നും ചെയ്യുന്നില്ലേ എന്ന്. അപ്പോൾ അയാൾ നിന്ന് ചിരിക്കുന്നു. എന്താ ചിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ അയാൾ എന്നോട് ചോദിച്ചു, അല്ലാ എന്താ നിങ്ങളുടെ ക്യാരക്ടർ എന്ന് അറിയാമോന്ന്.

ഞാൻ ഇല്ലെന്ന് തലയാട്ടി. അപ്പോൾ അയാൾ പറഞ്ഞു വാല്യക്കാരിയായിട്ടാണെന്ന്. മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം കൊണ്ടുവെച്ചിട്ടുണ്ട്. സമയമാകുമ്പോൾ തരുമെന്ന് പറഞ്ഞു. എനിക്ക് അടി കിട്ടിയ പോലെയാണ് തോന്നിയത്. പിന്നാലെ ഡയറക്ടർ രഞ്ജിത്ത് വിളിച്ച് കാര്യം അവസതരിപ്പിച്ചു.

മൂന്നു ജോലിക്കാരുടെ വേഷമാണ് ഉള്ളത് ഏത് വേണമെങ്കിലും സെലക്ട് ചെയ്യാം. ഒരാൾ എപ്പോഴും ഉറക്കംതൂങ്ങി. ഒരാൾ എപ്പോഴും ശാപ്പാടിക്കും, മറ്റൊരാൾ വായാടിയാണ്. ഇതിൽ ഏതാണ് നിങ്ങൾക്ക് വേണ്ടതെന്ന് ചോദിച്ചു. ശാപ്പാടടിക്കുന്ന കഥാപാത്രത്തെ മതിയെന്ന് ഞാൻ പറഞ്ഞു. എനിക്കന്ന് അത്ര മലയാളം വഴങ്ങില്ല.

മലയാളത്തിൽ ഡയലോഗ് പറയേണ്ട ബുദ്ധിമുട്ടോർത്താണ് ആ കഥാപാത്രം മതിയെന്ന് പറഞ്ഞത്. ദോശ തിന്ന് കൊണ്ടിരിക്കുന്ന വേശാമണി അമ്മാളായിരുന്നു അത്. എപ്പോഴും ഭക്ഷണം കഴിച്ചാൽ മതി അധികം ഡയലോഗ് പറയണ്ടല്ലോ എന്ന് കരുതി. ദൈവാധീനത്തിന് ആ കഥാപാത്രം ക്ലിക്കായി.

കല്യാണരാമൻ എന്റെ മൂന്നാമത്തെ പടമായിരുന്നു. ചിത്രത്തിൽ വളരെ സീരിയസായ ഒരു ഷോട്ട് എടുത്ത് കൊണ്ടിരിക്കുകയാണ് ഡയറക്ടർ ഷാഫി. ഞാൻ തുടക്കക്കാരിയാണെന്ന് അറിയാവുന്ന ദിലീപ് എന്റെ അടുത്ത് വന്ന് വളരെ ഗൗരവത്തിൽ പറഞ്ഞു ഡയറക്ടർ ആക്ഷൻ എന്ന് പറയുമ്പോൾ സുബ്ബു പൊട്ടി കരയണം എന്ന്.

ഞാൻ പറഞ്ഞത് അപ്പാടെ അനുസരിച്ചു. ഡയറക്ടർ ആക്ഷൻ എന്ന് പറഞ്ഞതും ഞാൻ ഉറക്കെയങ് കരഞ്ഞു. എല്ലാവരും ഞെട്ടിപ്പോയി. അവരെല്ലാം ഓടിയെത്തി എന്തിനാ കരഞ്ഞതെന്ന് ഡയറക്ടർ ചോദിച്ചു. ദിലീപ് പറഞ്ഞിട്ടാണെന്ന് പറഞ്ഞപ്പോൾ ഷാഫി ദിലീപിനോടും ചോദിച്ചു.

സുബ്ബു തുടക്കക്കാരിയല്ലേ എല്ലാം നന്നായി ചെയ്യുന്നുണ്ട്. ഇപ്പോഴിത്തിരി കരയട്ടെ എന്നുള്ളത് കൊണ്ടാണ് കരയാൻ പറഞ്ഞതെന്നായിരുന്നു ദിലീപിന്റെ മറുപടിയെന്നും സുബ്ബലക്ഷ്മി പറയുന്നു.

Advertisement