നീയെന്തിനാ അവളുടെ മുറിയിൽ പോകുന്നത് അവളാരാ, വേണമെങ്കിൽ ഇവിടെ വരട്ടെ: ശോഭനയും ചിത്രയും തമ്മിലുള്ള പിണക്കത്തിന്റെ കാരണം

181

ഒരു കാലത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായിരുന്നു നടി ചിത്ര. ശശികുമാർ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ആട്ടക്കലാശത്തിലൂടെ സിനിമാലോകത്ത് ചുവടെടുത്ത വച്ച ചിത്ര, ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ മലയാളത്തിന് സുപരിചിതയാവുകയായിരുന്നു.

മലയാളസിനിമയ്ക്കു പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മികച്ച വേഷങ്ങൾ തന്നെ ചിത്രയെ തേടിയെത്തി. എന്നാൽ ഏറെ വർഷങ്ങളോളം തടവറയിലെ രാജകുമാരിയെ പോലെയാണ് താൻ കഴിഞ്ഞതെന്ന് പറയുകയാണവർ. അച്ഛന്റെ കാർക്കശ്യത്തിന്റെ ചൂടിൽ തനിക്ക് പലപ്പോഴും സ്വയം ഉരുകേണ്ടിവന്നിട്ടുണ്ടെന്ന് ചിത്ര പറയുന്നു. നേരത്തെ ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

Advertisements

ചിത്രയുടെ വാക്കുകൾ ഇങ്ങനെ

അമ്മയുടെ മരണത്തിന് ശേഷം അച്ഛന്റെ കാർക്കശ്യം ഒന്നുകൂടി വർദ്ധിച്ചു. ലൊക്കേഷനിൽ വച്ച് ആരുമായും സംസാരിച്ചുകൂട. ഷൂട്ടിംഗ് തീർന്നാൽ നേരെ മുറിയിലെത്തണം. ലൊക്കേഷനിൽ ഇതരനടികളുമായി ഏതൊരു കോൺടാക്ടും പാടില്ല. അച്ഛന്റെ നിബന്ധനകൾ എന്നെ ശ്വാസം മുട്ടിച്ചു. ശരിക്കും തടവറയിലടച്ച രാജകുമാരിയുടെ അവസ്ഥ.

അമ്മയില്ലാതെ വളരുന്ന മൂന്ന് പെൺകുട്ടികളെക്കുറിച്ചുള്ള ഉത്കണ്ഠയായിരിക്കും അച്ഛനെ അക്കാലം ഭരിച്ചിരുന്നത്. നടിയായതുതന്നെ അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കൾക്ക് പിടിച്ചിട്ടില്ല. പിന്നെ പേരുദോഷം കേൾപ്പിച്ചാലുള്ള കാര്യം പറയേണ്ടതില്ലല്ലോ.

മാത്രവുമല്ല അത്യാവശ്യം പേരും പ്രശസ്തിയുമുള്ള എന്റെ ജീവിതത്തിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചാൽ അത് വലിയ വാർത്തയാകും. അതോടെ ചേച്ചിയുടെയും അനിയത്തിയുടെയും ഭാവിജീവിതവും അവതാളത്തിലാകും. ഇതെല്ലാമായിരിക്കണം അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവുക.

ഒപ്പം അഭിനയിക്കുന്ന സീമചേച്ചിയും ഉർവശിയും ശോഭനയും ഉണ്ണിമേരിചേച്ചിയുമെല്ലാം കമ്ബനിയടിച്ച് ചീട്ടുകളിക്കുന്നതും ഷോപ്പിംഗിന് പോകുന്നതും ഒക്കെ കാണുമ്പോൾ എന്റെ സങ്കടം വർദ്ധിക്കും. സീമചേച്ചിക്ക് പക്ഷേ അച്ഛന്റെ മനസ് വായിക്കാൻ കഴിഞ്ഞിരുന്നു. സ്‌നേഹം കൊണ്ടാ മോളേ അച്ഛൻ നിന്നെ പൊതിഞ്ഞുവച്ചിരിക്കുന്നത് എന്നും പറഞ്ഞ് ചേച്ചി ആശ്വസിപ്പിക്കും.

ഡോളർ എന്ന ചിത്രത്തിലേക്ക് ഓഫർ വന്നത് അനിയത്തിയുടെ കല്യാണം നിശ്ചയിച്ച കാലത്താണ്.
യാതൊരു കാരണവശാലും അച്ഛന് വീട്ടിൽനിന്ന് മാറിനിൽക്കാൻ കഴിയാത്ത അവസ്ഥ. അമേരിക്കയിലാണ് ഷൂട്ടിംഗ്. ഇരുപത് ദിവസത്തെ ഡേറ്റായിരുന്നു നൽകിയത്. മനസ്സില്ലാ മനസോടെ എന്നെ തനിച്ച് വിട്ടു. ശരണ്യയുമുണ്ടായിരുന്നു ആ സിനിമയിൽ.

അടിച്ചുപൊളിച്ച് അഭിനയിച്ച ഏക ഷൂട്ടിംഗ് സെറ്റ് ഡോളറുടേതായിരുന്നു. ശരണ്യയുമായി അന്ന് തുടങ്ങിയ സൗഹൃദം അതേ തീവ്രതയോടെ ഇപ്പോഴും തുടരുന്നു. ഒരിക്കൽ ഏതോ സിനിമയുടെ സെറ്റിൽവച്ച് ശോഭന എന്നെ അവരുടെ മുറിയിലേക്ക് വിളിച്ചു. വിവരമറിഞ്ഞ് അച്ഛൻ കലിതുള്ളി.

‘അവളാരാ, നീയെന്തിനാ അവളുടെ മുറിയിൽ പോകുന്നത്. അവൾ വേണമെങ്കിൽ നിന്റെ മുറിയിൽ വരട്ടെ’. ഞാൻ മുറിയിൽ കിടന്ന് പൊട്ടിക്കരഞ്ഞു. ഈ സംഭവം ശോഭന എങ്ങനെയോ അറിഞ്ഞു. ആ കുട്ടിക്ക് പിന്നീട് എന്നോട് മിണ്ടാൻ പ്രയാസമായിരുന്നു.

പ്രതിഫലം കണക്കുപറഞ്ഞു വാങ്ങുന്ന കാര്യത്തിൽ അച്ഛൻ തികഞ്ഞ പരാജയമായിരുന്നു. ജോലിയുള്ളതിനാൽ മകളെ വച്ച് കാശ് സമ്ബാദിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിച്ചിരുന്നില്ല. നല്ല കഥാപാത്രങ്ങളിലൂടെ എന്റെ കലാപരമായ സിദ്ധി വർദ്ധിപ്പിക്കാനായിരുന്നു അച്ഛൻ ശ്രമിച്ചത്.

ആട്ടക്കലാശത്തിൽ അഭിനയിച്ചതിന് കിട്ടിയത് അയ്യായിരത്തിയൊന്ന് രൂപയാണ്. കാശ് കിട്ടിയപാടേ എന്നെയും കൂട്ടി ഭീമാജ്വല്ലറിയിൽ പോയി നല്ല കാഴ്ചയുള്ള ഒരു ജോടി ഇയർറിംഗ് വാങ്ങിതന്നു. വീട്ടിലെ പെൺകുട്ടികൾക്കെല്ലാം പട്ടുപാവാടയ്ക്കുള്ള തുണിയും എടുത്തു.

ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്നത് അമരത്തിലെ അഭിനയത്തിനാണ്. ഒരുലക്ഷം രൂപ. ബാക്കി സിനിമകൾക്കെല്ലാം കുറഞ്ഞ പ്രതിഫലമാണ് കിട്ടിയത്. തമിഴിൽ നിന്ന് കിട്ടിയ വണ്ടിച്ചെക്കുകൾക്ക് എണ്ണമില്ല. എങ്കിലും കിട്ടിയ കാശ് ധൂർത്തടിക്കാതെ കുടുംബത്തിന്റെ പുരോഗതിയ്പക്ക് ഉപയോഗിക്കുവാൻ അച്ഛൻ ശ്രദ്ധാലുവായിരുന്നു.

Advertisement