താന്‍ ജീവിതത്തില്‍ ഇതുവരെ പഠിച്ച 8 കാര്യങ്ങള്‍; അശ്വതി ശ്രീകാന്ത് പങ്കുവെച്ച പോസ്റ്റ്

55

അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായ അരങ്ങേറിയത്. ഇപ്പോള്‍ പദ്മ, കമല എന്നീ രണ്ട് പെണ്‍മക്കളുമായി ജീവിതത്തിലും കരിയറിലും തിരക്കിലാണ് താരം.

Advertisements

കഴിഞ്ഞ ദിവസമായിരുന്നു അശ്വതിയുടെ ജന്മദിനം. പ്രായം ഒരു വര്‍ഷം കൂടെ മുന്നോട്ട് പോയപ്പോള്‍, ജീവിതത്തില്‍ പടിച്ച ചില കാര്യങ്ങളെ കുറിച്ച് അശ്വതി സംസാരിക്കുന്നു. ‘ഇന്നത്തെ ഞാന്‍, പഴയ പതിനഞ്ചുകാരിയായ എന്നെ കണ്ടാല്‍ എന്തൊക്കെയാവും പറയുക’ എന്ന ചോദ്യത്തിന് ഉത്തരമായിട്ടുള്ള നീണ്ട ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് അശ്വതി പങ്കുവച്ചിരിയ്ക്കുന്നത്.

1 അച്ഛനും അമ്മയും ഉള്‍പ്പെടെ സകലരുടെയും അഭിപ്രായങ്ങളും ഇഷ്ടങ്ങളും നാളെ മാറും. അവനവന്റെ ബോധ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ചു കൂടി വേണം തീരുമാനങ്ങള്‍ എടുക്കാന്‍.

2- സമയമെന്ന് പറയുന്നത് ആയുസ്സാണ്. ആ ബോധത്തോടെ വേണം അതൊരാള്‍ക്ക് കൊടുക്കാനും തിരിച്ചു വാങ്ങാനും എവിടെയും ചിലവാക്കാനും.

3 എല്ലാവരെയും സന്തോഷിപ്പിച്ചിട്ട്, എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിച്ചിട്ട് ജീവിക്കാമെന്ന് കരുതണ്ട, അത് നടക്കില്ല !

4- കണ്ണടച്ച് തുറക്കുമ്പോള്‍ ലോകം മാറും, മനുഷ്യര് മാറും, ശരിയും തെറ്റും മാറും, നമുക്കും മാറാന്‍ പറ്റണം. മാറ്റത്തിലാണ് ജീവിതത്തിന്റെ സൗന്ദര്യം.

5- ഇന്ന് ഏറ്റവും വിലയുള്ളതെന്ന് തോന്നുന്ന പലതും അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത് തീര്‍ത്തും അപ്രസക്തമാവാന്‍ ഇടയുണ്ട്. വ്യക്തികള്‍ പോലും.

6- നമ്മുടെ ഒരു സമയത്തെ അറിവും ബോദ്ധ്യവും അനുഭവ സമ്പത്തും വച്ചെടുക്കുന്ന ഒരു തീരുമാനം പിന്നീട് ഒരു സമയത്ത് തെറ്റായെന്ന് വരാം. എന്ന് വച്ച് സ്വയം കുറ്റപ്പെടുത്തി സമയം കളയരുത്. മറ്റുള്ളവരോട് എന്ന പോലെ അവനവനോടും ക്ഷമിക്കാന്‍ പഠിക്കണം.

7- നാളെ കരയേണ്ടി വന്നാലോ എന്ന് പേടിച്ച് ഇന്ന് ചിരിക്കാതെ ഇരിക്കരുത്.

8- സ്വയം സന്തോഷിക്കാതെ വേറെ ആരെയും സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല. സന്തോഷമുള്ള മനുഷ്യര്‍ക്കേ അത് പങ്കു വയ്ക്കാന്‍ കഴിയു.

എന്നിങ്ങനെയാണ് അശ്വതിയുടെ എട്ട് പോയിന്റുകള്‍.

 

 

Advertisement