കൊലകൊല്ലി ലുക്കിൽ മമ്മൂട്ടിയുടെ ബോസ്: താൻ ഒരുക്കുന്ന മരണ മാസ് ചിത്രത്തെക്കുറിച്ച് അജയ് വാസുദേവ്

28

ഒരു വശത്തേക്ക് ചീകിവച്ച മുടി, നര കയറിയ ഇടതൂർന്ന താടി, കൂളിംഗ് ഗ്ലാസ്, മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത ഗെറ്റപ്പിലുള്ള ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ.

സംവിധായകൻ അജയ് വാസുദേവ് തന്നെയാണ് പോസ്റ്റർ പങ്കുവച്ചത്. എന്നാൽ ഇത് ഒഫിഷ്യൽ പോസ്റ്റർ അല്ലെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും പോസ്റ്ററിനൊപ്പം ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചിരുന്നു.

Advertisements

‘ബോസ്’ എന്നായിരുന്നു പുറത്തെത്തിയ അൺ ഒഫിഷ്യൽ പോസ്റ്ററിൽ ചിത്രത്തിന്റെ പേര്. ഈ പേരിൽ തന്നെയാണോ ചിത്രം എത്തുക? പോസ്റ്ററിലെ ലുക്കിന് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ ലുക്കുമായി എന്തെങ്കിലും സാമ്യമുണ്ടോ? സംവിധായകൻ അജയ് വാസുദേവ് പ്രതികരിക്കുന്നത് ഇങ്ങനെ

സിനിമയുടെ പേരോ മമ്മൂട്ടി കഥാപാത്രത്തിന്റെ ലുക്കോ പോസ്റ്ററിലേത് പോലെയല്ലെന്ന് പറയുന്നു അജയ് വാസുദേവ്. എന്നാൽ മമ്മൂട്ടിയെ നായകനാക്കി താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ തുടങ്ങുമെന്നും അദ്ദേഹം അറിയിക്കുന്നു.

ഒരു മാസ് ആക്ഷൻ ഫാമിലി ചിത്രമായിരിക്കും ഇത്. ഷെഡ്യൂൾ സംബന്ധിച്ച പ്ലാനിംഗ് ഒക്കെ പൂർത്തിയായിട്ടുണ്ട്.

ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് നിർമ്മാണം. അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നീ നവാഗതരാണ് എഴുതുന്നത്.

ഗോപി സുന്ദർ സംഗീതം പകരും. ഛായാഗ്രാഹകൻ ആരെന്നതടക്കമുള്ള വിവരങ്ങൾ ഒരാഴ്ചയ്ക്കപ്പുറം പുറത്തുവിടുമെന്നും അജയ് വാസുദേവ് പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി തുടർച്ചയായി മൂന്നാമത്തെ തവണ അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് ഇത്. രാജാധിരാജയും (2014) മാസ്റ്റർപീസുമാണ് (2017) മുൻ ചിത്രങ്ങൾ.

അതേസമയം മാമാങ്കത്തിന്റെ കൊച്ചിയിൽ നടക്കുന്ന അവസാന ഷെഡ്യൂളിന്റെ ചിത്രീകരണത്തിലാണ് മമ്മൂട്ടി ഇപ്പോൾ.

മാമാങ്കത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധർവ്വനി’ലാണ് അദ്ദേഹം അഭിനയിക്കുക. പിന്നാലെയാണ് അജയ് വാസുദേവ് ചിത്രം ആരംഭിക്കുക.

Advertisement