സാബുവിന് വോട്ട് അഭ്യര്‍ത്ഥിച്ച് അര്‍ച്ചനയുടെ ലൈവ്; കൂടെ ദിയ സനയും

29

എല്ലാവരും സാബുവിന് വോട്ടു ചെയ്ത് വിജയിപ്പിക്കണം. ഒരു അനിയത്തി എന്ന രീതിയില്‍ എന്റെ ബ്രദര്‍ ജയിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ബ്രെയിന്‍ സൂപ്പറാണ്,’ സാബുവിന് വോട്ട് അഭ്യര്‍ത്ഥിച്ച് അര്‍ച്ചനയുടെ ലൈവ്. ‘ശരിക്കും ബിഗ് ബോസ് എന്ന ടൈറ്റില്‍ അര്‍ഹിക്കുന്നത് സാബുവാണ്. സാബുവാണ് എന്റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി,’ എന്നും അര്‍ച്ചന അഭിപ്രായപ്പെട്ടു.

Advertisements

ബിഗ് ബോസില്‍ നിന്നും അവസാനഘട്ട എലിമിനേഷനില്‍ പുറത്തായ അര്‍ച്ചന സുശീലന്‍ ഇന്ന് പുലര്‍ച്ചയാണ് തിരുവനന്തപുരത്തെത്തിയത്. അര്‍ച്ചനയെ സ്വീകരിക്കാന്‍ അര്‍ച്ചനയുടെ സഹോദരി കല്‍പ്പന സുശീലനും സഹോദരനും സുഹൃത്തുക്കളും ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ദിയ സനയും എത്തിയിരുന്നു. ‘ഒരു തലവേദന എന്നെ കാണാന്‍ വേണ്ടി വന്നിട്ടുണ്ട്,’ എന്ന് കളിയായി പറഞ്ഞാണ് അര്‍ച്ചന, ദിയ സനയെ ലൈവില്‍ പരിചയപ്പെടുത്തിയത്.

ഇത്രനാളും തന്നെ സപ്പോര്‍ട്ട് ചെയ്ത ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞതിനൊപ്പം, എല്ലാവരും അവരവരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും അര്‍ച്ചന അഭ്യര്‍ത്ഥിച്ചു. അര്‍ഹിക്കുന്ന ആള്‍ക്ക് തന്നെ വോട്ട് ചെയ്യണമെന്നും നിങ്ങളുടെ വോട്ടുകള്‍ പാഴാക്കരുതെന്നും അര്‍ച്ചന ഓര്‍മ്മിപ്പിച്ചു. മലയാളി ബിഗ് ബോസ് വിജയി എന്ന് അഭിമാനത്തോടെ പറയാന്‍ പറ്റുന്ന ആളെയാവണം നിങ്ങള്‍ തെരെഞ്ഞെടുക്കേണ്ടതെന്നും അര്‍ച്ചന അഭ്യര്‍ത്ഥിച്ചു.

ഫൈനലില്‍ ഉണ്ടാകും എന്ന് ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അര്‍ച്ചന സുശീലന്‍. ബിഗ് ബോസിലെ ഏറ്റവും കഠിനാധ്വാനിയും ഊര്‍ജ്ജസ്വലയുമായ മത്സരാര്‍ത്ഥി എന്നാണ് എലിമിനേഷന്‍ എപ്പിസോഡില്‍ മോഹന്‍ലാല്‍ അര്‍ച്ചനയെ വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും ഏറെ പേരുടെ പിന്തുണയുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായ അര്‍ച്ചനയുടെ എലിമിനേഷന്‍ നടിയുടെ ഫോളേവേഴ്‌സിനെ നിരാശപ്പെടുത്തിയിരുന്നു.

അര്‍ച്ചന പുറത്തായതു കൊണ്ട് ഇനി ബിഗ് ബോസ് കാണില്ല എന്ന് ലൈവിനിടെ അറിയിച്ച ആരാധകന്, ‘അയ്യോ ഷോ കാണല്‍ നിര്‍ത്തരുത്, ഇനി കുറച്ചുദിവസങ്ങള്‍ കൂടിയല്ലേ ഉള്ളൂ ഗ്രാന്‍ഡ് ഫിനാലേയ്ക്ക്?, വലിയ വലിയ സര്‍പ്രൈസുകള്‍ വരുന്നുണ്ട്,’ എന്നാണ് അര്‍ച്ചന മറുപടി നല്‍കിയത്.

Advertisement