ഈ അടുത്തായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത് നൽകിയ ഒരു അഭിമുഖത്തിലെ ചില പരാമർശങ്ങൾ വിവാദമായത്. പിന്നാലെ നിരവധി പേരാണ് ഇതിൽ പ്രതികരിച്ചത്. ഇപ്പോഴിതാ ഇതിന് പിന്നാലെ തനിക്കെതിരെ പരാതി ഉണ്ടെങ്കിൽ സർക്കാർ തീരുമാനം എടുക്കട്ടെയെന്നും, മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ പടിയിറങ്ങാൻ തയ്യാറാണെന്നും പ്രതികരിച്ചിരിക്കുകയാണ് രഞ്ജിത്.
എകാധിപതി ആണോ എന്ന് അക്കാദമി വൈസ് ചെയർമാനും സെക്രട്ടറിയും പറയട്ടെയെന്നും രഞ്ജിത് പറഞ്ഞു.
അതേസമയം രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങൾ സർക്കാരിന് കത്ത് നൽകിയിരുന്നു. രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയിൽ അക്കാദമി അംഗങ്ങൾ സമാന്തര യോഗം ചേരുകയും ചെയ്തു. 15 അംഗങ്ങളിൽ 9 പേർ ഈ യോഗത്തിൽ പങ്കെടുത്തു. യോഗം ഒരു മണിക്കൂറിലധികം നീണ്ടു.
ചെയർമാൻ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നു എന്നതടക്കമുള്ള പരാതികളാണ് അക്കാദമി അംഗങ്ങൾക്ക് ഉള്ളത്. ചെയർമാനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സാംസ്‌കാരിക മന്ത്രിക്കും സാംസ്‌കാരിക സെക്രട്ടറിക്കും അയച്ചിട്ടുണ്ട്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ചരിത്രത്തിൽത്തന്നെ അത്യപൂർവ്വ നടപടിയാണ് ഇത്. ചെയർമാൻറെ നിലപാടുകളെക്കുറിച്ച് ഏറെ നാളായി അംഗങ്ങൾക്കിടയിൽ അതൃപ്തിയുണ്ട്. അഭിമുഖ വിവാദത്തിന് പിന്നാലെ ഭിന്നത രൂക്ഷമാവുകയായിരുന്നു. സർക്കാരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. ഡോ. ബിജുവിനെക്കുറിച്ചുള്ള രഞ്ജിത്തിൻറെ പരാമർശങ്ങളിൽ സാംസ്‌കാരിക മന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഡോ. ബിജുവുമായുള്ള തർക്കങ്ങൾ പറഞ്ഞു തീർത്തതാണെന്നും വീണ്ടും ഈ വിഷയം പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നുമുള്ള അഭിപ്രായമാണ് സജി ചെറിയാൻ ഉന്നയിച്ചത്.