മലയാള സിനിമയുടെ മാര്‍ക്കറ്റ് മികച്ച രീതിയിലാണ് മുന്നോട്ട് പോവുന്നത്. സമീപകാലത്ത് വിദേശ രാജ്യങ്ങളിലെ മാധ്യമങ്ങളില്‍ വരെ മലയാള സിനിമ ചര്‍ച്ചയായിട്ടുണ്ട്. അതിന്റെ കാരണം മികച്ച ചിത്രങ്ങളുടെ പിറവി തന്നെ. ഈ അടുത്ത് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് നല്ല പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. 
ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെ മമ്മൂക്ക മനോഹരമായി അവതരിപ്പിച്ചു.

ഇപ്പോഴിതാ പ്രശസ്ത തമിഴ് സംവിധായകന്‍ വസന്തബാലന്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘ബിഗ് സ്‌ക്രീനിലെ മമ്മൂട്ടിയുടെ ശരീരഭാഷയും ശബ്ദവും.. അപ്പാ. കൊടുംകാട്ടില്‍ ഒരു മദയാന അലയുംപോലെ. ഒരു വീട്, മൂന്ന് കഥാപാത്രങ്ങള്‍, ആ സംഗീതം. രണ്ട് മണിക്കൂറിലധികം തിയറ്ററില്‍ ആഴങ്ങളിലേക്ക് നമ്മള്‍ പോകുന്നു’, വസന്തബാലന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം വെയില്‍, അങ്ങാടി തെരു, കാവ്യ തലൈവന്‍, അനീതി തുടങ്ങിയവയാണ് വസന്തബാലന്റെ സിനിമകള്‍.








