പ്രശസ്ത സംഗീതസംവിധായകനായ ഇളയരാജ, തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ച് മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റ് സിനിമയായ’മഞ്ഞുമ്മല്‍ ബോയ്സ്’ന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു.
ചിത്രത്തിലെ പല രംഗങ്ങളിലും ഉപയോഗിച്ച ‘കണ്മണി അന്‍പോട് കാതലന്‍’ എന്ന ഗാനം തന്റെ സൃഷ്ടിയാണെന്നും തന്റെ അനുമതി വാങ്ങാതെയാണ് സിനിമയില്‍ ഉപയോഗിച്ചത് എന്നുമാണ് ഇളയരാജയുടെ പരാതി.
സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മിച്ചത്. 1991ല്‍ പുറത്തിറങ്ങിയ ‘ഗുണ’ എന്ന ചിത്രത്തിനുവേണ്ടി ഇളയരാജ സംഗീതസംവിധാനം ചെയ്ത ഗാനമാണ് കണ്മണി അന്‍പോട് കാതലാന്.
മഞ്ഞുമ്മല്‍ ബോയ്സ് പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടിസില്‍ സൂചിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.