ടിക്ക്‌ടോക്കിലെ ‘നില്ല് നില്ല് ചലഞ്ച്’ ഹിറ്റായതോടെ ജാസി ഗിഫ്റ്റിന് കിട്ടിയത് എട്ടിന്റെ പണി

11

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ടിക് ടോക്കിലാണ് പുകിലിന്റെ പുകില്. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമുമൊക്കെ ഏകദേശം മടുത്തു തുടങ്ങിയപ്പോള്‍ കയറി ഹിറ്റായ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമില്‍ എത്ര ക്രിയേറ്റീവ് ആകുന്നോ അത്രയും ലൈക്കുകളാണ് വാരിക്കൂട്ടുന്നത്.

Advertisements

അതിന് ഇനി ഏതറ്റം വരെ പോകാനും പല ഉപയോക്താക്കളും തയ്യാര്‍. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ടിക് ടോക്കിലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുന്നത്. ‘നില്ല്..നില്ല് എന്റെ നീലക്കുയിലേ…’ ജാസി ഗിഫ്റ്റിന്റെ എറെ പ്രസിദ്ധമായ ഈ പാട്ട് പുനരാവിഷ്‌കരിച്ചിരിക്കുന്ന ചിരിയുടെ മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് മുന്നിലിരുന്നു കുറച്ച് ഇലകളും മറ്റും പിടിച്ച് തുള്ളുന്നതാണ് വീഡിയോ.

സംഭവം ഹിറ്റായതോടെ ജാസി ഗിഫ്റ്റിന് ഒരു വമ്പന്‍ പണി വന്നു ചേര്‍ന്നിരിക്കുകയാണ്. സ്റ്റേജ് ഷോകളില്‍ സമാനരീതിയില്‍ പാട്ട് അവതരിപ്പിക്കു എന്ന ആവശ്യവുമായി സംഘാടകര്‍ ജാസി ഗിഫ്റ്റിനെ സമീപിച്ചിരിക്കുകയാണ്.

മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ജാസി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ‘സംഭവം ഹിറ്റായതോടെ പല ഷോകളുടെയും സംഘാടകര്‍ ഇങ്ങോട്ടുവെച്ച നിര്‍ദേശമാണിത്.

ഈ ഗാനത്തിന് കൊറിയോഗ്രാഫി ചെയ്ത് വേദിയില്‍ അവതരിപ്പിക്കണമെന്നാണ് ആവശ്യം. അതും ഹെല്‍മറ്റ് ധരിച്ച് പച്ചിലയും കൈയിലേന്തി. നിര്‍ബന്ധമായതോടെ അതിനായി ഈ പാട്ട് വീണ്ടും പഠിച്ചുതുടങ്ങി. ഇനി വരുന്ന ഷോകളില്‍ അത്തരത്തിലാണ് പാട്ട് അവതരിപ്പിക്കുന്നത്. എന്തായാലും ഈ രീതിയില്‍ ഒരു കൊറിയോഗ്രാഫി നടത്തിയവരെ സമ്മതിച്ചേ പറ്റൂ’ അദ്ദേഹം പറഞ്ഞു.

2004ല്‍ പുറത്തിറങ്ങിയ ‘റെയിന്‍ റെയിന്‍ കം എഗെയിന്‍’ എന്ന ചിത്രത്തിലെ ഗാനമാണിത്. സിനിമ ഇറങ്ങിയ സമയത്ത് ഈ ഗാനം ഇത്ര തരംഗമായിട്ടില്ല. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്ന ജാസി ഗിഫ്റ്റ് സംഗീതം വീണ്ടും നില്ല് നില്ല് ചലഞ്ചിലൂടെ വൈറലായി മാറിയിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവിച്ച ഹിറ്റില്‍ ജാസി തികഞ്ഞ സന്തോഷത്തിലാണ്. വീഡിയോ ചെയ്യുന്നവര്‍ക്ക് വേഗത്തില്‍ വരുന്ന വാഹനത്തിന്റെ മുമ്പില്‍ ചാടരുതെന്ന് നിര്‍ദ്ദേശവും ജാസി നല്‍കുന്നുണ്ട്.

Advertisement