ഹര്‍ത്താല്‍ ദിനത്തില്‍ വെല്ലുവിളികള്‍ നേരിട്ട് തിയേറ്ററിലെത്തിയ മോഹന്‍ലാലിന്റെ ഒടിയനെ കാണാന്‍ തിയേറ്ററുകളില്‍ വന്‍ തിരക്കാണ്.
സിനിമ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വികാരം സംവിധായകന്‍ ശ്രികുമാര്‍ മേനോന് എതിരായാണ്. സിനിമ വിജയിക്കുമെന്ന് പറയുന്നവര്‍ പോലും സംവിധായകന്റെ തള്ള് കൂടി പോയെന്ന് അഭിപ്രായപ്പെടുന്നു. ചിത്രം തിയേറ്ററിലെത്തും മുമ്പ് 100 കോടി കിട്ടിയെന്ന് പറഞ്ഞ ശ്രീകുമാര്‍ മേനോനെതിരെ കടുത്ത പ്രതിഷേധമാണ് റിലീസിന് ശേഷവും ഉയരുന്നത്.
ലാല്‍ ഫാന്‍സുകാരും ഇതില്‍ സജീവമായി ഇടപെടല്‍ നടത്തുന്നു. ഇതോടെ 50 കോടി ചെലവില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം മുടക്കുമുതല്‍ പിടിച്ചാല്‍ പോലും സംവിധായകനെ ഫാന്‍സുകാര്‍ വെറുതെ വിടില്ലെന്നാണ് ലഭിക്കുന്ന സൂചന.
ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ആരാധകരുടെ പൊങ്കാലയാണ്. എല്ലാ ഇക്കാ ഫാന്‍സും ഇവിടം വിട്ടു പോകേണ്ടതാണ് ഏട്ടന്‍ ഫാന്‍സിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. ഇക്കായേം കൂടി ഈ പടത്തില്‍ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കാവുന്നതാണെന്ന തരത്തിലാണ് പൊങ്കാലകള്‍. ലാല്‍ ഫാന്‍സുകാരുടെ പൊങ്കാലയും സജീവം.
പടം നല്ല റിപ്പോര്‍ട്ട് ആണ് വരുന്നത്, നല്ല ക്ലാസ്സ് മൂവി ആണ്, ശ്രീകുമാറിന്റെ over ഹൈപ്പ് കേട്ട് പോയവര്‍ക്ക് നിരാശയായിരിക്കും… അയാള്‍ വായ തുറന്നില്ലെങ്കില്‍ ഈ കുഴപ്പം ഒന്നും ഇല്ല……. ഒരു നല്ല ക്ലാസ്സ് മൂവി ആണ് ഒടിയന്‍. പുലിമുരുകന്റെ മുകളില്‍, അല്ലെങ്കില്‍ അതിനൊപ്പം നില്‍ക്കുന്ന ഒരു സിനിമ എന്ന ധാരണ വച്ചു പോയാല്‍ നിരാശപ്പെടും. ഒടിയന്‍ പുലിമുരുകന്‍ അല്ല. മനോഹരമായ ഒരു നാടോടിക്കഥ പോലുള്ള ഒരു സിനിമയാണ്. ഇങ്ങനേയും കമന്റ് വരുന്നുണ്ട്.
ശ്രീകുമാര്‍ മേനോന്‍, പടം കണ്ടു. ഒരു രാത്രി ഉറങ്ങാതെ കാത്തിരുന്നതിന് ഫലമില്ലാതായി. നിങ്ങള്‍ തള്ളിയ അത്രയൊന്നും പടമില്ല. ഒരു പാട് പറഞ്ഞു പഴകിയ കഥ. പുലിമുരുകന്‍ ക്ലൈമാക്‌സിന്റെ ഏഴയലത്ത് വരില്ല. ഇതിന്റെ ക്ലൈമാക്‌സ്. ലാലേട്ടനെ നെഞ്ചിലേറ്റിയ ഞങ്ങളെ പോലുള്ളവരോട് നിങ്ങള്‍ ചെയ്ത ഏറ്റവും വലിയ ചതി. ലാലേട്ടന്‍ പാടിയ പാട്ട് ഉള്‍പ്പെടുത്താതിരുന്നത്.
1993 ഡിസംബര്‍ 10 ന് എന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ചെങ്കോല്‍ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടു തുടങ്ങിയതാണ് ലാലേട്ടന്റെ പടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍. അതിന്റെ 25ആം വാര്‍ഷികം നിങ്ങള്‍ കുളമാക്കി. എങ്കിലും 2019 മാര്‍ച്ച് 28ന് മരിച്ചിട്ടില്ലങ്കില്‍ ലൂസിഫര്‍ ഫസ്റ്റ് ഷോ കാണും… ഒരിക്കല്‍ കൂടി പറയുന്നു.. ലാലേട്ടന്‍ പാടിയ ആ പാട്ട്… ഉള്‍പെടുതാത്ത ആ ചതി മറക്കില്ല… എങ്കിലും ഒടിയന്‍ കളക്ഷന്‍ റെക്കാഡുകള്‍ ഭേദിക്കട്ടെ എന്നാശംസിക്കുന്നു….ഇങ്ങനെയാണ് ഒരു ഫാന്‍സുകാരന്റെ കമന്റ്.
റിലീസിന് മണിക്കൂറുകള്‍ മുന്‍പ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഒടിയന് ആളു കയറുമോ എന്നായിരുന്നു ആശങ്ക. എന്നാല്‍ കേരളത്തില്‍ എല്ലായിടത്തും നേരത്തേ പ്രഖ്യാപിച്ചതു പോലെ തന്നെ അതിരാവിലെ ഒടിയന്റെ ഫാന്‍സ് ഷോ നടന്നു. എല്ലാ തീയറ്ററുകളിലും അതിരാവിലെ വന്‍ ജനക്കൂട്ടമാണ് സിനിമ കാണാന്‍ തടിച്ചു കൂടിയത് . ഫാന്‍സ് ഷോ കഴിഞ്ഞിറങ്ങുന്നവര്‍ ഉത്സവ പ്രതീതിയോടെയാണ് തീയറ്ററില്‍ നിന്നും പുറത്തേക്ക് പോകുന്നത്. ഇതിനൊപ്പമാണ് ശ്രീകുമാര്‍ മേനോന്റെ പേജില്‍ പൊങ്കാല നടക്കുന്നത്.
ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജു വാര്യരും പ്രകാശ് രാജുമാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഒടിയന്‍ ബാഹുബലി പോലെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടാന്‍ ഒടിയന് കഴിയുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെട്ടിരുന്നു. ഈ ചിത്രം കൂടുതല്‍ വലിയ സിനിമകളെടുക്കാന്‍ പ്രചോദനമാകുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
മോഹന്‍ലാലിനെ എങ്ങനെ സ്‌ക്രീനില്‍ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതിന്റെ ഉത്തരമാണ് ഒടിയന്‍. അന്യഭാഷ ചിത്രങ്ങള്‍ക്കുള്ള മറുപടിയാണ് ഒടിയന്‍. രജനികാന്ത് ചിത്രങ്ങളുടെ റിലീസ് പോെലയാകും ഒടിയന്റെ റിലീസുമെന്നും പറഞ്ഞിരുന്നു. അതിന് ശേഷമാണ് 100 കോടിയുടെ കണക്കുമായി ശ്രീകുമാര്‍ മേനോന്‍ എത്തിയത്. ഇത് ഒരിക്കലും സംഭവിക്കില്ലെന്നാണ് മലയാള സിനിമാ ലോകം പറയുന്നത്. സിനിമ തീയറ്ററിലെത്തുമ്പോഴും ബാഹുബലിയെ വെല്ലാനുള്ളതൊന്നും ചിത്രത്തില്‍ ഇല്ല.
സാറ്റലൈറ്റ്, ഓഡിയോവിഡിയോ, ഡിജിറ്റല്‍, അന്യാഭാഷാ റൈറ്റ് എന്നിങ്ങനെയാണ് സാധാരണയായി റിലീസിന് മുമ്പ് പണം കിട്ടാനുള്ള വഴികള്‍. ഇതില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് കായംകുളം കൊച്ചുണ്ണിയാണ്. മോഹന്‍ലാലും നിവിന്‍ പോളിയും ഒരുമിച്ച് അഭിനയിച്ച ഈ ചിത്രത്തിന് 20 കോടിയോളം രൂപയാണ് ഇങ്ങനെ കിട്ടിയത്. അതായത് ലാലിന്റേയും നവിന്‍ പോളിയുടേയും താരമൂല്യമുള്ള കായംകുളം കൊച്ചുണ്ണിക്ക് കിട്ടിയത് പോലും വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ എങ്ങനെ 100 കോടി ഒടിയന് കിട്ടുമെന്നതാണ് ഉയര്‍ന്ന ചോദ്യം.
കായംകുളം കൊച്ചുണ്ണിക്ക് സാറ്റലൈറ്റ് റൈറ്റിലൂടെ 12 കോടി കിട്ടിയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ശ്രീകുമാര്‍ മേനോന്റെ 100 കോടി കണക്ക് അവിശ്വസനീയമെന്നാണ് സിനിമാ ലോകവും ആരോപിച്ചത്. നേരത്തെ മോഹന്‍ലാലിന്റെ പുലിമുരുകന്‍, നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ നൂറുകോടി ക്ലബില്‍ ഇടംനേടിയിരുന്നു.
പുഷ് എന്ന പരസ്യ കമ്പനിയുടെ നടത്തിപ്പായിരുന്നു ശ്രീകുമാര്‍ മേനോന്‍ മുമ്പ് പ്രധാനമായും ചെയ്തിരുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തി. ഈ പരസ്യ കമ്പനിയെ കൈവിട്ടാണ് സിനിമാ നിര്‍മ്മാണത്തിന് ശ്രീകുമാര്‍ മേനോന്‍ എത്തിയത് പുഷ് കമ്പനി പാപ്പര്‍ സ്യൂട്ട് പോലും കൊടുത്തു. അതുകൊണ്ട് തന്നെ ഒടിയന്റെ വിജയം ശ്രീകുമാര്‍ മേനോന് അതിനിര്‍ണ്ണായകമാണ്.
രണ്ടാമൂഴം സിനിമയുടെ വിവാദങ്ങളും ശ്രീകുമാര്‍ മേനോനെ തളര്‍ത്തിയിട്ടുണ്ട്. എംടിയുമായുള്ള കേസും മറ്റും വിവാദത്തിലാക്കിയ ശ്രീകുമാര്‍ മേനോന് സംവിധാനത്തിലെ പ്രതിഭ തെളിയിക്കാന്‍ ഒടിയനിലെ വിജയം അനിവാര്യമാണ്. എന്നാല്‍ തള്ളിലെ വിവാദങ്ങള്‍ ചിത്രം ഹിറ്റായാലും ശ്രുകുമാര്‍ മേനോനെ വിടാതെ പിന്തുടരുമെന്നാണ് സൂചന. മോഹന്‍ലാല്‍ ഫാന്‍സ് ചിത്രത്തില്‍ ഒട്ടും തൃപ്തരല്ല എന്നാണു ചില ഫേസ്ബുക് പോസ്റ്റുകളും കമന്റുകളും ചൂണ്ടിക്കാണിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക് പേജില്‍ മോഹന്‍ലാല്‍ ഫാന്‍സ് ഇതിനോടകം തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്. ”ഒടിയന്‍ കണ്ടു, ശ്രീകുമാര്‍ മേനോനോട് ഒരേയൊരു അഭ്യര്‍ത്ഥന, മേലില്‍ ഇനി പടം പിടിക്കരുത്.” ” ശ്രീകുമാര്‍ മേനോനോട് ഒരു അപേക്ഷ ഉണ്ട് രണ്ടാമൂഴം താങ്കള്‍ ഉപേക്ഷിക്കണം” തുടങ്ങീ പുലര്‍ച്ചെ ഉറക്കം കളഞ്ഞു പടം കാണാന്‍ പോയതിന്റെ അമര്‍ഷം വരെ ഫാന്‍സുകാര്‍ കമന്റുകളില്‍ പ്രകടിപ്പിക്കുന്നുണ്ട്.