സന്തോഷ് ശിവനും മോഹന്‍ലാലും ഒന്നിക്കുന്ന ‘കലിയുഗം’ വരുന്നു: ഒരുങ്ങുന്നത് ക്ലാസ്സും മാസ്സും ചേര്‍ന്ന അഡാര്‍ ഐറ്റം

32

രണ്ട് ഇതിഹാസങ്ങള്‍ ഒന്നിക്കുന്നു എന്ന സൂചന നല്‍കി സന്തോഷ് ശിവന്‍ ഇന്ന് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സിനിമാ ആരാധകരില്‍ ആകാംക്ഷയുണര്‍ത്തിയിരിക്കുകയാണ്. സന്തോഷ് ശിവനും മോഹന്‍ലാലും ‘കലിയുഗം’ എന്ന ചിത്രത്തിനായി ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിട്ട് നാളേറെയായി.

Advertisements

എന്നാല്‍ അതേക്കുറിച്ച്‌ ഇതുവരെ രണ്ടു പേരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇപ്പോളിതാ മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ സന്തോഷ് ശിവന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

മോഹന്‍ലാലും സന്തോഷ് ശിവനും ഒന്നിച്ച ചിത്രങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചവയായിരുന്നു. നംബര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന് വേണ്ടി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിച്ചു തുടങ്ങിയത്. പിന്നീട് അഹം, യോദ്ധ, ഗാന്ധര്‍വ്വം, പവിത്രം, നിര്‍ണയം, കാലാപാനി, ഇരുവര്‍ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍.

ഈ ലിസ്റ്റില്‍ കാലാപാനിയും, ഇരുവറും സന്തോഷ് ശിവന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. കാലാപാനി, അഹം, പവിത്രം എന്നീ ചിത്രങ്ങളിലൂടെ കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും സന്തോഷ് ശിവന്‍ സ്വന്തമാക്കി.

കലിയുഗത്തില്‍ ഛായാഗ്രാഹകന്റെ വേഷമല്ല, മറിച്ച്‌ സംവിധായകന്റെ വേഷമായിരിക്കും സന്തോഷ് ശിവന്. എന്നാല്‍ ഈ ചിത്രങ്ങള്‍ ‘കലിയുഗ’ത്തിലേക്കുള്ള സൂചനയാണോ എന്നറിയില്ല. പോസ്റ്റിനു താഴെയുള്ള കമന്റുകളില്‍ ആരാധകരും ചോദിക്കുന്നത് ഇതുതന്നെയാണ്.

മോഹന്‍ലാലിന്റെ പുതിയ തിയേറ്ററായ എം ലാല്‍ സിനിപ്ലക്‌സിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഹരിപ്പാടെത്തിയപ്പോളാണ് സന്തോഷ് ശിവനുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജാക്ക് ആന്‍ഡ് ജില്ലിന്റെ ചിത്രീകരണം ഹരിപ്പാട് പുരോഗമിക്കുകയാണ്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണ്. മഞ്ജു വാര്യരെക്കൂടാതെ കാളിദാസ് ജയറാം, സൗബിന്‍, അജു വര്‍ഗീസ്‌, നെടുമുടി വേണു തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ്‌ ശിവന്‍ ഈ ചിത്രം തയ്യാറാക്കുന്നത്. ചിത്രം ഒക്ടോബര്‍ 29ന് ആലപ്പുഴ ഹരിപ്പാടില്‍ ചിത്രീകരണം ആരംഭിച്ചു. കേരളത്തിലെ പല ഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.

സന്തോഷ് ശിവനും, മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷിക്കാവുന്ന സംഗതികളാണ് ചിത്രത്തിലുള്ളത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്റെയൊപ്പം അണിനിരക്കുന്നത്.

Advertisement