വൻഹൈപ്പിലെത്തിയ ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത, നിവിൻ പോളിയുടെ ‘ബോസ് ആൻഡ് കോ’ എന്നീ ചിത്രങ്ങളോട് ഏറ്റുമുട്ടാനായി ഓണത്തിന് ആർഡിഎക്‌സ് എത്തുമ്പോൾ പ്രേക്ഷകർക്കും വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. എന്നാൽ വൻതാരനിര ഇല്ലാതിരുന്നിട്ടും ഓണം റിലീസായി എത്തിയ ചിത്രങ്ങളിൽ മികച്ച പ്രതികരണം ലഭിച്ച് മുന്നേറുകയാണ് ഈ ചിത്രം. നീരജ് മാധവ്, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ ആർഡിഎക്‌സ് പ്രതീക്ഷയ്ക്കും അപ്പുറമുള്ള ഒരു വൻവിജയമാണ് നേടിയത്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കിയ ഫാമിലി ആക്ഷൻ ചിത്രമായ ആർഡിഎക്‌സ് തിയേറ്ററിൽ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് തുടക്കം തൊട്ടേ മുന്നോറിയത്. സിനിമാ അണിയറ പ്രവർത്തകരും താരങ്ങളും വലിയ ഹൈപ്പൊന്നും കൊടുക്കാതെ വന്ന പടത്തിന് മികച്ച പ്രതികരണം ലഭിച്ചത് സിനിമാപ്രേമികളെ സന്തോഷിപ്പിക്കുകയാണ്. പിന്നാലെ നെറ്റ്ഫ്‌ലിക്‌സിലൂടെ ഒടിടി റിലീസായ ചിത്രം ഇപ്പോൾ സോഷ്യൽമീഡിയയിലും ചർച്ചയാവുകയാണ്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. നായികയായി എത്തിയ മഹിമ നമ്പ്യാരും പ്രതീക്ഷകൾക്കുയർന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
റിലീസ് സമയത്ത് ആർഡിഎക്‌സ് എന്ന റോബർട്ടും ഡോണിയും സേവ്യറും നടത്തുന്ന ഇടികളെ കുറിച്ചായിരുന്നു പോസ്റ്റുകളെങ്കിൽ ഒടിടി റിലീസോടെ നായിക മഹിമ നമ്പ്യാരുടെ പ്രകടനവും ചർച്ചയാക്കപ്പെടുന്നുണ്ട്. മിനി എന്ന കഥാപാത്രമായാണ് മഹിമ ചിത്രത്തിലെത്തിയത്.
സിനിമയുടെ ക്ലൈമാക്സിൽ റോബർട്ടും ഡോണിയും സേവ്യറും ആശുപത്രിയിൽ ഫൈറ്റ് നടത്തുന്നതിനിടയിൽ വീട്ടിൽ ഭർത്താവിനെ കൈകാര്യം ചെയ്ത് മിനിയും മാസ് കാണിക്കുന്നതാണ് പ്രേക്ഷകർ ചർച്ചയാക്കുന്നത്.
ALSO READ- ബുക്കിംഗ് കളക്ഷനില്‍ വമ്പന്‍ റെക്കോര്‍ഡ്, ജയിലറിനെയും മറികടന്ന് ലിയോ
നായകനെ തല്ലാനായി സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങുന്ന ഭർത്താവിനെ ഷാളുപയോഗിച്ച് കസേരയിൽ കെട്ടിയിട്ട് ‘താൻ ഒരിടത്തോട്ടും പോകുന്നില്ല’ എന്ന് പറയുന്ന മിനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
മുൻപ് തിയേറ്ററിൽ അപ്രതീക്ഷിതമായി വന്ന ഈ രംഗത്തിന് കയ്യടി കിട്ടിയെങ്കിലും അത്ര ചർച്ചയാക്കപ്പെട്ടിരുന്നില്ല. എന്നാൽ ഒടിടി റിലീസിന് പിന്നാലെ മിനി കാണിച്ച മാസും വലിയ ചർച്ചയാകുന്നുണ്ട്.
ഒടിടി റിലീസായ ചിത്രത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നഹാസ് ഹിദായത്തിന്റെ കന്നി സംവിധാനത്തിലെത്തിയ ചിത്രം തന്നെ മികച്ചതാക്കിയതിനെ അഭിനന്ദിക്കുയാണ് പ്രേക്ഷകർ.
ക്ലൈമാക്‌സിലെ ബാബു ആന്റണിയുടെ മാസും ചർച്ചയാവുകയാണ്. നീരജും പെപ്പെയും ഷെയ്‌നും സിനിമ മുഴുവൻ ഉണ്ടാക്കിയ ഓളം ഒറ്റ രംഗത്തിൽ ബാബു ആന്റണി നേടിയെന്ന് കമന്റുകൾ പറയുന്നു.