ഈ പയ്യന്മാർ വീഴ്ത്തിയത് ദുൽഖറിനെ, മമ്മൂട്ടിയെ വീഴ്ത്തുമോ എന്ന് കണ്ടറിയാം! മലയാളത്തിലെ എക്കാലത്തെയും വലിയ അഞ്ചാമത്തെ ഹിറ്റ് ചിത്രമായി ആർഡിഎക്‌സ്

4913

വൻഹൈപ്പിലെത്തിയ ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത, നിവിൻ പോളിയുടെ ‘ബോസ് ആൻഡ് കോ’ എന്നീ ചിത്രങ്ങളോട് ഏറ്റുമുട്ടാനായി ഓണത്തിന് ആർഡിഎക്സ് എത്തുമ്പോൾ പ്രേക്ഷകർക്കും വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. എന്നാൽ വൻതാരനിര ഇല്ലാതിരുന്നിട്ടും ഓണം റിലീസായി എത്തിയ ചിത്രങ്ങളിൽ മികച്ച പ്രതികരണം ലഭിച്ച് മുന്നേറുകയാണ് ഈ ചിത്രം. നീരജ് മാധവ്, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ ആർഡിഎക്സ് പ്രതീക്ഷയ്ക്കും അപ്പുറമുള്ള ഒരു വൻവിജയമാണ് നേടിയത്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കിയ ഫാമിലി ആക്ഷൻ ചിത്രമായ ആർഡിഎക്സ് തിയേറ്ററിൽ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് തുടക്കം തൊട്ടേ മുന്നോറിയത്. സിനിമാ അണിയറ പ്രവർത്തകരും താരങ്ങളും വലിയ ഹൈപ്പൊന്നും കൊടുക്കാതെ വന്ന പടത്തിന് മികച്ച പ്രതികരണം ലഭിച്ചത് സിനിമാപ്രേമികളെ സന്തോഷിപ്പിക്കുകയാണ്.

Advertisements

ഈ ചിത്രത്തെ ഒരു യഥാർത്ഥ മാസ് സിനിമയാണ് എന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. കാണികളെ ആവേശം കൊള്ളിക്കുന്ന ആക്ഷനും ഇമോഷനും എല്ലാം ചേർന്ന മികച്ചൊരു പാക്കേജാണ് ആർഡിഎക്സ് എന്നാണ് പ്രതികരണങ്ങൾ. നീരജ് മാധവിന്റേയും ഷെയ്ൻ നിഗത്തിന്റേയും പെപ്പെയുടെ തേരോട്ടമാണ് ചിത്രമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ലെന്നും പ്രേക്ഷകർ പ്രതികരിച്ചിരുന്നു.

ALSO READ- പൃഥ്വിരാജിന്റെ ഇമേജ് ആടുജീവിതത്തിന് ഭാരമാകുമോ എന്ന് സംശയിച്ചു; ആടുജീവിതത്തിന്റെ പകുതി വരെയുള്ള സീനുകൾ കണ്ടു; പ്രതീക്ഷയേറ്റി ബെന്യാമിൻ

ബാബു ആന്റണി എന്ന മുൻആക്ഷൻ ഹീറോയുടെ തിരിച്ചുവരവും ആരാധകർക്ക് വിരുന്നാവുകയാണ്. ഒരു പക്കാ മാസ് മസാല സിനിമയാണ്, അടിയെന്ന് പറഞ്ഞാൽ നല്ല പൊടി പാറുന്ന അടിയാണ് ചിത്രത്തിലേതെന്നും ആരാധകർ പഅഭിപ്രായപ്പെട്ടു. പ്രേക്ഷക മനസിൽ മാത്രമല്ല, തിയേറ്റർ കളക്ഷനിലും മുന്നേറ്റം നടത്തുകയാണ് ചിത്രം.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർഡിഎക്‌സ് നിർമ്മിച്ചത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ്. ഉള്ളടക്കത്തിന്റെ മൂല്യം മനസിലാക്കി സേഫ് സോൺ പരിഗണിക്കാതെ ചിത്രം ആവശ്യപ്പെടുന്ന ബജറ്റ് മുടക്കാൻ തയ്യാറായ നിർമ്മാതാവ് തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ചിത്രം മറ്റൊരു നാഴികക്കല്ലിലേക്കും എത്തിയിരിക്കുകയാണ് ഇപ്പോൾ.

ALSO READ- അലൻസിയറിന് ഈ ‘പ്രതിഭ’ മതിയാകുമോ? ഭീമൻ രഘുവിനെ വെച്ച് അലൻസിയറിനെ ട്രോളി രചന നാരായണൻകുട്ടി

മലയാളത്തിലെ എക്കാലത്തെയും വലിയ അഞ്ചാമത്തെ ബോക്‌സ് ഓഫീസ് കളക്ഷൻ എന്ന നേട്ടമാണ് ആർഡിഎക്‌സ് നേടിയത്. ദുൽഖർ സൽമാൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച കുറുപ്പ് സിനിമയെ പിന്തള്ളിയാണ് ആർഡിഎക്‌സ് മലയാള സിനിമയിലെ എക്കാലത്തെയും വലിയ അഞ്ച് സാമ്പത്തിക വിജയങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ചത്.

കുറുപ്പിന്റെ ഓൾ ടൈം ടൈം കളക്ഷൻ 81 കോടി ആയിരുന്നു. ഇതിനെ 24 ദിവസം കൊണ്ടാണ് ആർഡിഎക്‌സ് മറികടന്നിരിക്കുന്നതെന്നു പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കർമാർ അറിയിക്കുന്നു.

ഈ പട്ടികയിൽ നാലാം സ്ഥാനത്ത് നിലവിലുള്ളത് മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വമാണ്. ലൈഫ് ടൈം കളക്ഷനിൽ ആർഡിഎക്‌സ് ഭീഷ്മയെ മറികടക്കുമോ എന്നത് കാത്തിരുന്ന് കാണാമെന്നാണ് സൂചന.

ആർഡിഎക്‌സ് കേരളത്തിൽ നിന്ന് മാത്രം 50 കോടി ഗ്രോസ് എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മലയാളചിത്രമാണ് ആർഡിഎക്‌സ്.

പുലിമുരുകൻ, ലൂസിഫർ, 2018 എന്നിവ മാത്രമാണ് മലയാളത്തിൽ നിന്ന് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് ഇതരഭാഷാ ചിത്രങ്ങളും ഈ നേട്ടത്തിൽ എത്തിയിരുന്നു. ബാഹുബലി 2, കെജിഎഫ് 2, ജയിലർ എന്നിവയാണ് അവ.

Advertisement