ആരോടും മാപ്പ് പറയില്ല: കെപിഎസി ലളിതയ്ക്കും സിദ്ധീഖിനും തക്ക മറുപടിയുമായി രമ്യാ നമ്പീശന്‍

12

‘അമ്മ’യില്‍ നിന്ന് രാജിവെച്ച്‌ പുറത്തുപോയ നടിമാര്‍ക്ക് തിരികെ സംഘടനയുടെ ഭാഗമാകണമെങ്കില്‍ മാപ്പ് പറയണമെന്ന് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ‘അമ്മ’യുടെ സെക്രട്ടറിയും നടനുമായ സിദ്ദിഖും കെ പി എ സി ലളിതയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് മറുപടിയുമായി ഡബ്ല്യൂസിസി അംഗം രമ്യാ നമ്ബീശന്‍ രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

ആരോടും മാപ്പ് പറയാനും സംഘടനയിലേക്ക് തിരികെ പോകാനും ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു രമ്യാ നമ്ബീശന്‍ നല്‍കിയ മറുപടി. സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അസ്വസ്ഥതയാണെന്നും എല്ലാം സഹിച്ചാല്‍ മാത്രമേ അമ്മയില്‍ തുടരാന്‍ സാധിക്കുവെന്നാണ് അവരുടെ നിലപാടെന്നും ഇതിന് പറയാന്‍ തനിക്ക് മറുപടിയില്ലെന്നും രമ്യ പറയുന്നു.

‘ഞങ്ങള്‍ പുറത്ത് വന്നു കഴിഞ്ഞു. എല്ലാം സഹിച്ച്‌ സംഘടനയില്‍ തുടരുന്നവരുടെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല. ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതാണ് അവരുടെ രീതി.

സിനിമാ മേഖലയ്ക്ക് മുഴുവന്‍ എതിരാണ് ഡബ്ല്യൂസിസി എന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. എല്ലാവരും ഒരുമിച്ച്‌ മുന്നോട്ട് പോകണമെന്ന് തന്നെയാണ് ആഗ്രഹം, പക്ഷെ പ്രതികരിക്കേണ്ട സമയത്ത് അത് ചെയ്തല്ലേ പറ്റൂ.

വളരെ മോശമായ അധിക്ഷേപമാണ് ഡബ്ല്യുസിസിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ ചിന്തിക്കുന്നവര്‍ക്ക് അതിന് പിന്നില്‍ ആരാണെന്ന് മനസിലാക്കാന്‍ കഴിയും. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ പെയിഡാണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകു’മെന്നും രമ്യ പറയുന്നു.‌

‘അമ്മ’ ആരുടെകൂടെ നില്‍ക്കുന്നു എന്നത് വ്യക്തമാണ്. ഇങ്ങനെയൊരു നിലപാടെടുക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് രമ്യ പറയുന്നു.

Advertisement