‘സ്ത്രീപക്ഷ നവകേരളം’ ക്യാമ്പയിൻ ; അംബാസഡറായി നടി നിമിഷ സജയൻ

74

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ നവകേരളം’ പരിപാടിയുടെ ക്യാമ്പയിൻ അംബാസഡറായി നടി നിമിഷ സജയൻ

ഓരോ വീട്ടിലും സ്ത്രീപക്ഷ ചിന്തകൾ എത്തിക്കാനും അവ ഊട്ടിയുറപ്പിക്കാനും ലക്ഷ്യം വെച്ചാണ് ‘സ്ത്രീപക്ഷ നവകേരളം’ പ്രചരണ പരിപാടി നടത്തുന്നത്. ഡിസംബർ 18 മുതൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ട് വരെയാണ് ക്യാമ്പയിനിന്റെ ഒന്നാം ഘട്ട പരിപാടികൾ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എംവി ഗോവിന്ദൻ മാസ്റ്ററാണ് പരിപാടിയുടെ പ്രഖ്യാപനം നടത്തിയത്.

Advertisements

എംവി ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകൾ ;

സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ നവകേരളം’ പരിപാടിയുടെ ക്യാമ്പയിൻ അംബാസഡറാകുന്നത് മലയാളത്തിന്റെ പ്രിയ അഭിനേത്രി നിമിഷ സജയനാണ്. കലാ-സാംസ്‌കാരിക പ്രവർത്തനത്തിലൂടെ സാമൂഹിക ഉത്തരവാദിത്തം കൂടി നിറവേറ്റുകയും നാടിനോട് പ്രതിബദ്ധതയുള്ള കലാപ്രവർത്തനത്തിന്റെ ഭാഗമാവുകയുമാണ് ഇതിലൂടെ നിമിഷ സജയൻ. പുരോഗമനപരവും ആധുനികവുമായ സമൂഹത്തിന് ചേരാത്തതും നമ്മുടെ സാമൂഹിക മുന്നേറ്റങ്ങളെ ഇല്ലാതാക്കുന്നതുമായ സ്ത്രീവിരുദ്ധ പ്രവണതകളെ മറികടക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആർജ്ജവത്തോടെയുള്ള ഇടപെടലിന് നിമിഷയെ പോലെയുള്ള പ്രതിഭാധനയും പ്രതിബദ്ധതയുമുള്ള കലാകാരിയുടെ സാന്നിദ്ധ്യം കരുത്ത് പകരും.

ജനകീയാസൂത്രണ പ്രസ്ഥാനം പോലെ, നവസമൂഹ സൃഷ്ടിയിലേക്കുള്ള ചരിത്രപരവും സുപ്രധാനവുമായ ചുവടുവയ്പ്പായി ‘സ്ത്രീപക്ഷ നവകേരളം’ പരിപാടി മാറുമെന്ന് ഉറപ്പാണ്. സ്ത്രീപദവിയും തുല്യതയും ഉറപ്പുവരുത്തുവാൻ സമൂഹമൊന്നാകെ ഉയർന്നുചിന്തിക്കണമെന്നും കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും സാമൂഹ്യപ്രസ്ഥാനങ്ങളും ഈ പ്രശ്നം ഗൗരവമായി കൈകാര്യം ചെയ്യണമെന്നുമുള്ള നിമിഷയുടെ വാക്കുകൾ വളരെയധികം പ്രാധാന്യമർഹിക്കുന്നു.

ഓരോ വീട്ടിലും സ്ത്രീപക്ഷ ചിന്തകൾ എത്തിക്കാനും അവ ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ‘സ്ത്രീപക്ഷ നവകേരളം’ പ്രചരണ പരിപാടി. ഡിസംബർ 18 മുതൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ട് വരെ നീണ്ടുനിൽക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനും പിന്നീട് തുടർപരിപാടികളും സ്ത്രീപക്ഷ നവകേരളത്തിനായി സംഘടിപ്പിക്കും എന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

 

 

Advertisement