മികച്ച അന്താരാഷ്ട്ര നടനുള്ള ഇന്റര്‍നാഷണല്‍ അച്ചീവ്മെന്റ് റെക്കഗ്‌നിഷന്‍ അവാര്‍ഡ് ഇളയദളപതി വിജയിക്ക്, അവര്‍ഡ് നേടിയെടുത്തത് അന്താരാഷ്ട്ര അഭിനേതാക്കളെ പിന്നിലാക്കി

21

ഇളയദളപതി വിജയ്‌ക്ക് അന്താരാഷ്ട്ര പുരസ്‌കാരം.മികച്ച അന്താരാഷ്ട്ര നടനുള്ള ഇന്‍റര്‍നാഷണല്‍ അച്ചീവ്‌മെന്‍റ് റെക്കഗ്നിഷന്‍ അവാര്‍ഡാണ് വിജയ്‌ സ്വന്തമാക്കിയത്. ബ്ലോക്ക്‌ബസ്റ്റര്‍ എന്‍റര്‍ടെയ്നര്‍ ചിത്രം മെര്‍സലിലെ പ്രകടനത്തിന് ആണ് വിജയിക്ക് അവാര്‍ഡ്‌.

Advertisements

മെര്‍സലിലെ പ്രകടനത്തിന് മികച്ച നടന്‍, മികച്ച അന്താരാഷ്ട്ര നടന്‍ എന്നീ വിഭാഗങ്ങളില്‍ വിജയ്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ജോണ്‍ ബൊയേഗ, ജാമിയ ലോമസ്, ക്രിസ് അടോഹ്, ഡേവിഡ് ടെനന്‍റ്, ജാക്ക് പാരി ജൊനസ്, ഡാനിയല്‍ കാലൂയ, സാക് മോറിസ് എന്നീ അന്താരാഷ്ട്ര അഭിനേതാക്കളെ പിന്നിലാക്കിയാണ് വിജയ്‌ പുരസ്കാരം സ്വന്തമാക്കിയത്.

‘തെരി’യ്ക്ക് ശേഷം വിജയ്‌യെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമായിരുന്നു മെര്‍സല്‍. സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദാണ്.എ ആര്‍ റഹ്മാന്‍റെതാണ് സംഗീതം. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന്‍ എന്നിവരാണ് നായികമാര്‍. ശ്രീ തെനന്‍ഡല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്.

മെര്‍സലിലെ ജി.എസ്.ടിക്ക് എതിരായ പരാമര്‍ശത്തിനെതിരെ തമിഴകത്തെ ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നത് വലിയ വിവാദത്തിന് കാരണമായിരുന്നു. വിവാദ ഭാഗം ചിത്രത്തില്‍ നിന്നും എടുത്തു മാറ്റണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. നായകനെതിരെ പോലും വ്യക്തിപരമായ അധിക്ഷേപം ഉണ്ടായി.

ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും വിജയ് ആരാധകരും തമിഴ് സിനിമാലോകവും ഒറ്റക്കെട്ടായി രംഗത്ത് വന്നത് പലയിടത്തും സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് ഉണ്ടാക്കിയിരുന്നത്. വിവാദങ്ങള്‍ക്കിടയിലും ചിത്രം അഞ്ച് ദിവസങ്ങള്‍ കൊണ്ട് നേടിയത് 150 കോടി കളക്ഷനാണ്.

പുതുതായി ദളപതിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ എ.ആര്‍.മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സര്‍ക്കാര്‍’ ആണ്. രാഷ്ട്രീയം പറയുന്ന ‘സര്‍ക്കാര്‍’ ഇപ്പോള്‍ തന്നെ തമിഴകത്ത് ചര്‍ച്ചാ വിഷയമാണ്.

Advertisement