എനിക്ക് ചെയ്യാൻ കഴിയുമെങ്കിൽ പിന്നെ ആർക്കാണ് കഴിയാത്തത് ; ‘ഏതാ മോളെ റേഷൻ കടാ’ന്നു പണ്ട് ചോദിച്ചവരോടുള്ള മധുര പ്രതികാരവുമായി റസീന

183

‘ഏതാ മോളേ നിന്റെ റേഷൻ കട?’ എന്ന ചോദ്യം ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത തടി കുറച്ചധികമുള്ള പെൺകുട്ടികൾ കുറവായിരിക്കും. പ്രത്യേകിച്ച് സ്‌കൂളിലും കോളജിലുമൊക്കെ കൂട്ടുകാർ നിനക്ക് തടി കൂടുതലാണേ എന്ന മുന്നറിയിപ്പ് നൽകുന്ന ഒരു സ്ഥിരപല്ലവി കൂടിയാണ് ഈ ഡയലോഗ്. എന്നാൽ അച്ഛന് റേഷൻ കടയുള്ള ഒരു പെൺകുട്ടിക്ക്, വഴിയിൽ കൂടി നടന്നു പോകുമ്പോൾ കാർ നിർത്തി അപരിചിതരിൽ നിന്നുതന്നെ ഈ ചോദ്യം നേരിട്ടാലോ? നിഷ്‌കളങ്കയായ ആ കുട്ടി ഓർക്കുക ശരിക്കും അച്ഛന്റെ റേഷൻ കട എവിടെയാന്ന് ചോദിച്ച ഏതെങ്കിലും പരിചയക്കാരാകുമെന്നല്ലേ. അങ്ങനെ നേരിടേണ്ടി വന്ന ഒരനുഭവത്തെക്കുറിച്ചും ഒടുവിൽ ഈ തടിയൊക്കെ കുറച്ച് നീ എന്താ പട്ടിണി കിടക്കുകയാണോ എന്ന് ചോദിപ്പിച്ച അനുഭവത്തെക്കുറിച്ചും പറയുകയാണ് ദന്ത ഡോക്ടർ കൂടിയായ വയനാട് സ്വദേശി ഡോ. റസീന ഉസ്മാൻ.

സത്യം പറഞ്ഞാൽ ഉമ്മച്ചിയുടെ വയറിനുള്ളിൽ ആയിരുന്നപ്പോഴേ ഞാൻ ഒരു ഗുണ്ടുമണി കുഞ്ഞായിരുന്നു. കാരണം ആ സമയത്ത് അമ്മച്ചിയുടെ വയർ കാണുന്നവരെല്ലാം പറഞ്ഞിരുന്നത് ഇരട്ടക്കുഞ്ഞുങ്ങളായിരിക്കും എന്നായിരുന്നു. എന്തായാലും പുറത്തു വന്നപ്പോൾ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. തറവാട്ടിലെ ആദ്യ കുട്ടിയായതുകൊണ്ടുതന്നെ എല്ലാവരും നന്നായി ആഹാരമൊക്കെ കഴിപ്പിച്ച് തടിപ്പിച്ചുതന്നെ എന്നെയങ്ങ് വളർത്തി. ചെറുതിലേ എനിക്ക് തടിയെക്കുറിച്ച് വലിയ ആശങ്ക ഒന്നും തോന്നിയിട്ടില്ല. പിന്നീട് ബിഡിഎസ് ചെയ്യാൻ മൈസൂർ കോളജിൽ പോയപ്പോഴാണ് തടി കൂടുതലാണല്ലോ എന്ന ചിന്ത ആദ്യമായി ഉണ്ടായത്. കോളജിലൊക്കെ എത്തുമ്പോൾ നമ്മൾ കുറച്ചു ബ്യൂട്ടികോൺഷ്യസ് ആകുമല്ലോ. പിന്നെ തുടങ്ങി യോഗ, എയ്‌റോബിക്‌സ്, സൂംബ ഒക്കെ അങ്ങ് പരീക്ഷണം. പക്ഷേ ഒന്നും സ്ഥിരമായി ചെയ്തു പോകാൻ പറ്റിയില്ല. പിന്നെ കല്യാണമൊക്കെ കഴിഞ്ഞ് കോഴിക്കോടിന്റെ മരുമകളായെത്തി. ആദ്യ പ്രസവം കഴിഞ്ഞപ്പോൾ പോസ്റ്റ് പാർട്ടം ഡിപ്രഷനായി. അതോടെ വീണ്ടും ശരീരഭാരം കൂടി. രണ്ടാമത്തെ കുഞ്ഞ്കൂടി ജനിച്ചതോടെ ശരീരഭാരം ഏതാണ്ട് സെഞ്ച്വറിക്കു സമീപമെത്തി. കാണുന്നവരൊക്കെ എത്ര വെയ്റ്റ് ഉണ്ടെന്നു ചോദിക്കാനും തുടങ്ങി. പോസ്റ്റ് ഡെലിവറി ചെക്ക്അപ്പിനു പോയപ്പോൾ ഗൈനക്കോളജിസ്റ്റ് മുന്നറിയിപ്പു നൽകി ‘റസീന ഇങ്ങനെ പോകുകയാണെങ്കിൽ അടുത്തതായി അഭിമുഖീകരിക്കേണ്ടി വരുന്നത് അമിതഭാരത്തെയാകുമെന്ന്’.

Advertisements

ഭർത്താവ് അൻസാർ ഖത്തറിലാണ്. പരീക്ഷയൊക്കെ കഴിഞ്ഞ് ഞാനും ഖത്തറിലെത്തിയിട്ട് ഇപ്പോൾ ആറു മാസത്തോളമായി. ഇപ്പോൾ ഇവിടെ ജോലി അന്വേഷണത്തിലാണ്. പരീക്ഷ കഴിഞ്ഞുള്ള ഇടവേളയിലാണ് ശരീരഭാരം ഒന്നു കുറച്ചാലോ എന്ന ചിന്ത വന്നത്. എന്തായാലും കുറച്ചു നാൾ ഫ്രീ ആണല്ലോ. അങ്ങനെ ഒരു ഫിറ്റ്‌നസ് ആൻഡ് ഫാറ്റ് ലോസ് ഗ്രൂപ്പിൽ ജോയിൻ ചെയ്തു. ഈ സമയത്ത് സെഞ്ച്വറിക്ക് അടുത്തായിരുന്നു ശരീരഭാരം. ഗ്രൂപ്പിൽ ചേർന്ന് കൃത്യമായ ഭക്ഷണക്രമവും വർക്ഔട്ടുമൊക്കെ മനസ്സിലാക്കി അതു ജീവിതത്തിന്റെ ഭാഗമാക്കിയതോടെ രണ്ടു മാസം കൊണ്ടുതന്നെ 9 കിലോയോളം കുറയ്ക്കാൻ സാധിച്ചു. ഭാരം അല്ല അനാവശ്യ കൊഴുപ്പാണ് ശരീരത്തിൽ നിന്നു നീക്കേണ്ടതെന്ന സത്യവും ആരോഗ്യം നിലനിർത്താൻ ശരിയായ ഭക്ഷണക്രമം എങ്ങനെയാണെന്നും പ്രോട്ടീൻ നിറഞ്ഞ ആഹാരം കഴിക്കേണ്ടതിന്റെ ആവശ്യകതയുമൊക്കെ എന്നെ മറ്റൊരു തലത്തിലേക്കു മാറ്റുകയായിരുന്നു.

ഖത്തറിൽ വന്നതിനു ശേഷം ഇളയ മോൻ വർക്ഔട്ട് സമയത്തൊക്കെ കരച്ചിൽ ആയതുകൊണ്ട് അത്രയൊന്നും ശരിയായി ചെയ്യാൻ പറ്റിയിരുന്നില്ല. എന്റെ അഭ്യാസമൊക്കെ കണ്ടാകാം ഭർത്താവ് 2 ഡംബെൽസ് വാങ്ങിത്തന്നു. പിന്നീട് അതുവച്ചായിരുന്നു hiit ട്രെയിനിങ് ഒക്കെ ചെയ്തത്. അപ്പോൾ കുറച്ചുകൂടി വ്യത്യാസം വന്നു. അങ്ങനെ അഞ്ചു മാസം കൊണ്ട് 16 കിലോയുടെ വ്യത്യാസം വന്നു. ഇപ്പോൾ 82 കിലോയാണ് ശരീരഭാരം. അബ്‌ഡോമൻ അളവ് 51 ഇഞ്ചിൽ നിന്ന് 45ലേക്ക് എത്തി.

 

ഭാരം കുറയ്ക്കണമെന്ന ഗൗരവമായ തീരുമാനം എടുത്തപ്പോൾ അതിന്റെ ആദ്യപടിയായി വാങ്ങിയത് ആദ്യമായി വീട്ടിലിരുന്നുതന്നെ വർക്ഔട്ട് ചെയ്യാനായി റസിസ്റ്റൻസ് ബാൻഡും ഒരു ദിവസം വേണ്ട കാലറി കണക്കാക്കി ആഹാരം അളന്നു കഴിക്കാനായി കിച്ചൻ സ്‌കെയിലുമാണ്. ആഴ്ചയിൽ 5 ദിവസം മുടങ്ങാതെ രാവിലെ ഹിറ്റ് വർക്ഔട്ട് ചെയ്യും. ഒരാഴ്ചയിൽ എല്ലാ മസിലിനെയും പണി ചെയ്യിപ്പിക്കുന്ന ഓരോ വർക്ഔട്ടും ഓരോ ദിവസം ഗ്രൂപ്പിൽ നൽകിയിരുന്നു. ഇതു കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു.

വീട്ടിൽ ഉണ്ടാകുന്ന പ്രഭാതഭക്ഷണം ഏതാണോ അതിനൊപ്പം ചെറുപയറോ അല്ലെങ്കിൽ ഏതെങ്കിലും പയറുവർഗങ്ങളോ പീനട്ട് ബട്ടറോ ആയിരുന്നു രാവിലത്തെ ആഹാരം. ഇടയ്ക്ക് 2 മുട്ടയുടെ വെള്ളയും. രാവിലെ ഓയിലി ഫുഡ് ആണെങ്കിൽ, രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തുവച്ച ഓട്‌സ് സ്മൂത്തിയായിരുന്നു കഴിച്ചത്. ഇത് ഞാൻ റിമി ടോമിയുടെ കൈയിൽ നിന്ന് അടിച്ചുമാറ്റിയെടുത്ത റെസിപി ആണ്.

ഹിറ്റ് വർക്ഔട്ടിനു ശേഷം 11 മണിയോടെ 26ഗ്രാം നടസ്.
ഉച്ചയ്ക്ക് തവിട് അരി ചോറ്, ചിക്കൻ അല്ലെങ്കിൽ മീൻ, പച്ചക്കറി കൊണ്ടുള്ള കറി, തൈര്
വൈകിട്ട് മധുരം കുറച്ച് മിൽക്ക് കോഫിയും നട്‌സും ബ്രൗൺ റൈസും അവലും പയറുമൊക്കെ ചേർത്ത് വീട്ടിൽതന്നെ ഉണ്ടാക്കിയ ഒരു പൊടിയും കഴിക്കും
രാത്രി റാഗിയോ kudo millet ദോശയോ ഉപ്പുമാവോ ആയിരുന്നു കഴിച്ചിരുന്നത്. ഒപ്പം പഴങ്ങളും സാലഡും. പിന്നെ ഉച്ചക്കത്തെ പച്ചക്കറി തോരൻ ഒക്കെ ബാക്കി ഉണ്ടെങ്കിൽ അതും മീനോ ചിക്കനോ ഉണ്ടെങ്കിൽ അതും കഴിക്കുമായിരുന്നു. കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് മഞ്ഞൾ പാൽ. പിന്നെ ചിയ സീഡ്സ്, ഫ്‌ലാക്‌സ് സീഡ് ഒക്കെ ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നു

മുൻപത്തെക്കാളും കൂടുതൽ ഭക്ഷണം കഴിച്ചുള്ള ഭാരം കുറയ്ക്കൽ

ശരീരഭാരം കുറയ്ക്കാനുള്ള തീരുമാനമെടുത്ത ശേഷം അതിനു മുൻപ് കഴിച്ചിരുന്ന ഭക്ഷണത്തെക്കാളും കൂടുതലാണ് കഴിച്ചിരുന്നതെന്നതാണ് വാസ്തവം. ഇതൊക്കെ കണ്ടപ്പോൾ ഉമ്മയ്ക്കു പേടിയായിരുന്നു വീണ്ടും ഭാരം കൂട്ടാൻ വേണ്ടിയാണ് ഇവൾ ഗ്രൂപ്പിൽ ചേർന്നതെന്നു തോന്നുന്നുവെന്നായിരുന്നു ഉമ്മയുടെ കമന്റ്. പക്ഷേ വ്യത്യാസം കണ്ടതോടെ അമ്മ ഡയലോഗങ്ങ് മാറ്റിപ്പിടിച്ചു.

രണ്ടു മസമായപ്പോഴേക്കും മൊത്തത്തിൽ ആളങ്ങ് മാറിപ്പോയി. ഫുൾ പോസിറ്റീവ് എനർജി. കോൺഫിഡൻസ് ലെവലേ കൂടി. ടെൻഷനൊക്കെ മാറി. ജോലിയെക്കുറിച്ച് പറഞ്ഞു ഫുൾ ആവലാതിയും ടെൻഷനും കരച്ചിലുമൊക്കെ ആയിരുന്നു ഞാൻ. ആരെങ്കിലും ജോലിക്കൊന്നും പോകുന്നില്ലേ പഠിച്ചത് വെറുതെ ആയല്ലോ എന്നൊക്കെ ചോദിക്കുമ്പോൾ ഞാൻ ഇരുന്നു കരയാൻ തുടങ്ങുമായിരുന്നു. ഇപ്പോൾ ഇതൊക്കെ കേട്ടാൽ പോസിറ്റീവായി എടുത്ത് മറുപടി നൽകും. സ്റ്റാമിന കൂടിയിട്ടുണ്ട്. ഇത്തിരി നടക്കുമ്പോൾ തന്നെ ഉണ്ടായിരുന്ന കിതപ്പും ക്ഷീണവുമൊക്കെ എവിടെപ്പോയീന്ന് അറിയാൻ മേല. ഹാപ്പിനസും കോൺഫിഡൻസ് ഒക്കെ ബൂസ്റ്റ് ആയിട്ടുണ്ട്. എത്ര തിരക്കേറിയ ദിവസമാണെങ്കിലും ഫിറ്റ്‌നസ് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. ഫുൾ ഒരു പോസിറ്റീവ് വൈബ് ആയെന്നു ഭർത്താവും പറയുന്നുണ്ട്. Exersise is not only for physical fitness. It’s for mental health too.. എന്ന ഒരു പുതിയ അറിവും എനിക്കു കിട്ടി.

കുട്ടിക്കാലത്ത് തടി കാരണം എനിക്കത്ര അപകർഷതാ ബോധമൊന്നും ഉണ്ടായിട്ടില്ലെന്നു നേരത്തേ പറഞ്ഞെങ്കിലും സ്‌കൂളിൽ പഠിക്കുമ്പോഴുണ്ടായ ഒരു സംഭവം ഇപ്പോഴും മറക്കാൻ സാധിച്ചിട്ടില്ല. ഒരു ദിവസം സ്‌കൂൾ കഴിഞ്ഞു സുഹൃത്തിന്റെ കൂടെ നടന്നു വരുമ്പോൾ ഒരു കാർ ഞങ്ങളെ കണ്ട് നിർത്തി. അതിലിരുന്ന ചെറുപ്പക്കാർ എന്നോട് ചോദിച്ചു മോളെ നിന്റെ റേഷൻ എവടെയാണെന്ന്, ഉപ്പച്ചിയ്ക് റേഷൻ കട ആയിരുന്ന ഞാൻ കരുതി അവർ എന്നോട് സീരിയസ് ആയിട്ട് കട എവിടെയാണെന്ന് ചോദിച്ചതാണെന്ന്, കൂടെയുള്ള കൂട്ടുകാരി അവരെ തെറി പറയുന്നത് കേട്ടപ്പോഴാണ് കളിയാക്കിയതാണെന്ന് മനസ്സിലായത്. കുഞ്ഞു മനസ്സിൽ അത് വലിയ നൊമ്പരമായിരുന്നത് കൊണ്ടാണ് ഇന്നും ഞാൻ ആ സംഭവം ഓർക്കുന്നത്. ബസിൽ കയറുമ്പോൾ ഹാഫ് ടിക്കറ്റ് തരാതെ കണ്ടക്ടർ ഫുൾ ടിക്കറ്റ് തന്നിട്ടുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ എന്റെ ഫോട്ടോകൾ കാണുമ്പോൾ സൂഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ചോദിക്കാറുണ്ട് ‘ റസീ നീ ഖത്തറിൽ പട്ടിണിയാണോന്ന്’. അതെനിക്ക് തരുന്ന ആത്മവിശ്വാസം ചില്ലറയൊന്നുമല്ല കേട്ടോ.

ഭർത്താവിന്റെ പ്രധാന ഹോബി ട്രാവലിങ് ആണ്. നാട്ടിൽ വരുമ്പോൾ ഹൈ ഹിൽ റിസോർട്ടിലൊക്കെ പോകുമ്പോൾ ഒരിക്കലും എനിക്ക് കുറേ ദൂരം നടക്കാൻ പറ്റിയിരുന്നില്ല. ഇനി നാട്ടിൽ വരുമ്പോൾ ഹൈ ഹിൽ റിസോർട്ടിൽ പോകാനുള്ള തയാറെടുപ്പിലാണ് ഞാൻ. എന്റെ വെയ്റ്റ് ലോസ് കണ്ട് ഭർത്താവും ഇപ്പോൾ വർക്ഔട്ടൊക്കെ തുടങ്ങിയിട്ടുണ്ട്. എനിക്ക് ഇനിയും ഒരുപാട് ഫാറ്റ് കുറയ്ക്കാനുണ്ട്. ഞാൻ പ്ലാൻ ചെയ്‌തേക്കുന്ന വെയ്റ്റിലേക്ക് എത്തണം. If I can do then who can’t??? റസീന ചോദിക്കുന്നു.

 

Advertisement